

എൺപതുകളിലെ മലയാള സിനിമകളിൽ നിറഞ്ഞു നിന്ന താരമാണ് മേനക. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ നിർമാതാവ് സുരേഷ് കുമാറുമായുള്ള വിവാഹ ശേഷം അവർ സിനിമയിൽ നിന്ന് ഇടവേളയെടുത്തു. എന്നാൽ അന്നും ഇന്നും മേനകയുടെ സൗന്ദര്യത്തിനും ഫിറ്റ്നസ്സിനും മാറ്റമുണ്ടായിട്ടില്ല. 62-ാം വയസ്സിലും ഈ സൗന്ദര്യം ഇങ്ങനെ സംരക്ഷിക്കുന്നതിന്റെയും ഫിറ്റ്നസ് നിലനിർത്തുന്നതിന്റെയും രഹസ്യം വെളിപ്പെടുത്തുകയാണ് താരം.
'ഞാൻ ഹാപ്പി ആണ്, അതാണ് എന്റെ ആരോഗ്യ'ത്തിന്റെ രഹസ്യമെന്ന് ആനീസ് കിച്ചൺ എന്ന പരിപാടിയിൽ നടി ആനിയുമായി നടത്തിയ അഭിമുഖത്തിൽ മേനക പറയുന്നു. വളരെ ചിട്ടയായ ജീവിതരീതിയാണ് തന്റേത്. പണ്ട് മുതലേ വെജിറ്റേറിയൻ ആണ്. മുൻപ് ഭക്ഷണക്കാര്യത്തിൽ അത്ര നിർബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ അമ്പതു വയസ്സു കഴിഞ്ഞതോടെ ദിനചര്യയിലെല്ലാം വ്യത്യാസങ്ങൾ വന്നു തുടങ്ങിയെന്നും മേനക പറഞ്ഞു.
'രാവിലെ നാലര-അഞ്ച് മണിയാകുമ്പോൾ ഉണരും. പ്രാർത്ഥനയും യോഗ പരിശീലനത്തിനും ശേഷം ഏഴര-എട്ട് മണിയാകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കും. അത് നിർബന്ധമാണ്. ഉച്ചയ്ക്ക് 12-12.30 മണി ആകുമ്പോൾ ഉച്ചഭക്ഷണവും കഴിക്കും. വീട്ടിൽ എല്ലാവരും കഴിക്കാൻ താമസിക്കും, എന്റെ അമ്മ രണ്ട് മണിയാകും കഴിക്കാൻ, സുരേഷേട്ടൻ 2.30-3.00 മണിയാകും.
പക്ഷെ ഞാൻ മറ്റാരെയും നോക്കാറില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കും. അത്താഴം ആറര-ഏഴ് മണിയാകുമ്പോൾ പൂർത്തിയാക്കും. രാത്രി ഗ്രീൻ കുടിക്കുന്ന ശീലമുണ്ട്. രാത്രി ഒമ്പതു-ഒമ്പതരയോടെ ഞാൻ ഉറങ്ങും.'-മേനക പറയുന്നു.
'ഇന്നും തറയിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് മനസ്സ് ശാന്തമാക്കും. ഇങ്ങനെയാണ് എന്റെ ദിനചര്യ. പുറത്തു പോകുമ്പോൾ ഭർത്താവും മക്കളും കഴിയാക്കും. വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആകുമെന്ന് പരസ്യത്തിൽ പറയുന്ന പോലെയാണ്, കൃത്യസമയത്ത് എനിക്ക് ഭക്ഷണം കഴിക്കണം.'
'വൈകുന്നേരം ഒരു അര മണിക്കൂറൊക്കെ നടക്കാൻ പോകുന്ന ശീലവുമുണ്ട്. മധുരം ഒന്നും കഴിക്കില്ല. കാർബ്സ് കുറവാണ് കഴിക്കുന്നത്. ഗ്ലൂട്ടൺ അടങ്ങിയ ഭക്ഷണങ്ങളും പൂർണമായി ഡയറ്റിൽ നിന്ന് ഒഴിവാക്കി. പണ്ട് ഇതെല്ലാം കഴിക്കുമായിരുന്നു, അമ്പതു വയസ്സു കഴിഞ്ഞപ്പോഴേക്കും ദിനചര്യയെല്ലാം മാറി'.
'ആദ്യകാലങ്ങളിൽ അത്താഴം ആറരയ്ക്ക് കഴിച്ചു കൊണ്ടിരുന്നപ്പോൾ, എനിക്ക് തോന്നുമായിരുന്നു, അയ്യോ രാത്രി വിശക്കുമല്ലോ, പക്ഷെ അത് മനസ്സിന്റെ പ്രശ്നമാണ്. പാതിരാത്രി ഒരു മണിക്കൊക്കെ അങ്ങനെ വിശന്നിട്ട് പഴം എടുത്ത് കഴിച്ചിരുന്നു.' എന്നാൽ ആ ചിന്താഗതി മാറ്റി തുടങ്ങിയപ്പോൾ വിശപ്പ് നിയന്ത്രണത്തിലായെന്നും താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates