ചെന്നൈ: ഐപിഎല്ലിൽ നിർണായക പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യത തുലാസിലായി. തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. അടുത്ത സീസണിൽ നിർബന്ധമായും ചെന്നൈ ആദ്യം ചെയ്യേണ്ട കാര്യം ഋതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റുകയാണ്. ഒരു ചാനൽ ചർച്ചയിലാണ് തിവാരിയുടെ ശ്രദ്ധേയ നിരീക്ഷണങ്ങൾ.
'സഞ്ജുവിനെ ചെന്നൈ കൊണ്ടുവന്നത് വെറുമൊരു ബാറ്ററായിട്ടല്ല. നായകനായി തന്നെയാണ്. എംഎസ് ധോനിയുടെ പിൻഗാമിയായി രണ്ട് സീസൺ മുൻപാണ് ഋതുരാജ് ചെന്നൈ ക്യാപ്റ്റനാകുന്നത്. ഈ സീസണിൽ സഞ്ജു സാംസൺ ടീമിലേക്ക് എത്തിയതോടെ ഋതുരാജിന്റെ നായക സ്ഥാനത്തിന് മേൽ സമ്മർദ്ദമേറിയിട്ടുണ്ട്. അടുത്ത സീസണിൽ ഋതുരാജ് ചെന്നൈയുടെ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യം വലിയ ചോദ്യ ചിഹ്നത്തിലാണ്.'
'സഞ്ജു സാംസൺ ഇപ്പോൾ സിഎസ്‌കെ നായക സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. ചെന്നൈ സഞ്ജുവിനെ ടീമിലേക്ക് എടുത്തത് ലീഡർ എന്ന നിലയിൽ തന്നെയാണ്. അടുത്ത വർഷം സഞ്ജു ചെന്നൈയുടെ പുതിയ ക്യാപ്റ്റനാകാൻ സാധ്യതയുണ്ട്, അത് ശരിയായ തീരുമാനവുമായിരിക്കും. ധോനിയുടെ പകരക്കാരനാവുക എന്ന സമ്മർദ്ദം ഋതുരാജിന്റെ ബാറ്റിങിനേയും നായകത്വത്തെയും ബാധിച്ചു'- മനോജ് തിവാരി പറഞ്ഞു.
ധോനി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന എന്നിവർക്ക് ശേഷം ചെന്നൈയെ നയിക്കുന്ന നാലാമത്തെ താരമാണ് ഋതുരാജ്. എന്നാൽ നായകനെന്ന നിലയിൽ വലിയൊരു ഇംപാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇതുവരെ ഋതുരാജിന് കീഴിൽ 32 മത്സരങ്ങൾ കളിച്ച ചെന്നൈ 14 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 18 മത്സരങ്ങളിലും ടീം പരാജയപ്പെട്ടു.
ഈ സീസണിൽ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും താരത്തിനു വലിയ ചലനങ്ങളുണ്ടക്കാൻ സാധിച്ചില്ല. ഹൈദരാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും 21 പന്തിൽ 15 റൺസെടുത്ത ഋതുരാജിന്‍റെ ബാറ്റിങ് വിമര്‍ശിക്കപ്പെട്ടിരുന്നു. സീസണിൽ ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന അവസ്ഥയിലാണ്. നിലവിലെ സാഹചര്യത്തിൽ ചെന്നൈ മാനേജ്‌മെന്റ് പുതിയൊരു ക്യാപ്റ്റനെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates