ഖെബെഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇരട്ട റെക്കോർഡുകളുമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക താരം വിയാൻ മൾഡറെ പുറത്താക്കിയാണ് സ്റ്റാർക്ക് ഇരട്ട നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റുകൾ തികക്കുന്ന ആദ്യ ഇടം കൈയന്‍ ബൗളറെന്ന നേട്ടമാണ് സ്റ്റാർക്ക് സ്വന്തമാക്കിയത്. പന്തുകളുടെ അടിസ്ഥാനത്തിൽ അതിവേഗം 450 വിക്കറ്റുകൾ നേടുന്ന താരമെന്ന അപൂർവ നേട്ടവും സ്റ്റാർക്ക് മത്സരത്തിൽ സ്വന്തമാക്കി. ഇതിഹാസ പേസർ ഗ്ലെൻ മഗ്രാത്തിന്‍റെ റെക്കോർഡാണ് സ്റ്റാർക്ക് പഴങ്കഥയാക്കിയത്.
പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന പേസ് ബൗളറാണ് മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റില്‍ തന്‍റെ 20,577ാം പന്തിലാണ് സ്റ്റാർക്ക് 450 വിക്കറ്റ് നേട്ടം തികച്ചത്. 23,474 പന്തുകളിൽ നിന്നാണ് മഗ്രാത്ത് 450 വിക്കറ്റുകൾ നേടിയത്. തന്‍റെ 109ാം ടെസ്റ്റ് മത്സരത്തിലാണ് സ്റ്റാർക്ക് 450 വിക്കറ്റ് നേട്ടത്തിലെത്തിയത്. എന്നാൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച ആദ്യ പേസറെന്ന റെക്കോർഡ് ഇപ്പോഴും മഗ്രാത്തിന്‍റെ പേരിലാണ്. 100 മത്സരങ്ങളിൽ നിന്നാണ് മഗ്രാത്ത് 450 വിക്കറ്റ് നേടിയത്.
ഇടംകൈയൻ ബൗളർമാരുടെ പട്ടികയിൽ രംഗണ ഹെറത്ത് (433), വസീം അക്രം (414), ഡാനിയൽ വെട്ടോറി (362), രവീന്ദ്ര ജഡേജ (356) എന്നിവരെ പിന്നിലാക്കിയാണ് സ്റ്റാർക്ക് ഒന്നാമതെത്തിയത്. ഷെയ്ൻ വോൺ, ഗ്ലെൻ മഗ്രാത്ത്, നതാൻ ലിയോൺ എന്നിവർക്ക് ശേഷം 450 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഓസ്ട്രേലിയൻ ബൗളറെന്ന നേട്ടവും സ്റ്റാർക്ക് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates