കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം കൂടി. ഫലം ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 11 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചത്.
ഇന്ത്യ 162 റണ്‍സ് വിജയ ലക്ഷ്യം മുന്നില്‍ വച്ചപ്പോള്‍ ഓസീസിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് കണ്ടെത്തിയത്.
162 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മിന്നും തുടക്കമാണ് കിട്ടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡിആര്‍സി ഷോര്‍ട്ടും ചേര്‍ന്ന ഓപണിങ് സഖ്യം അതിവേഗം റണ്‍സ് കണ്ടെത്തി. എന്നാല്‍ ചഹല്‍ വന്നതോടെ കഥ മാറി. ഫിഞ്ചിനെ മടക്കി ചഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സ്റ്റീവ് സ്മിത്തിനെയും ചഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഫിഞ്ച് 26 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 12 റണ്‍സുമായി മടങ്ങി.
സ്‌കോര്‍ 75ല്‍ എത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നടരാജന്‍ ആദ്യ രാജ്യാന്തര ടി20 വിക്കറ്റ് നേട്ടം ആഘോഷിച്ചു. രണ്ട് റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിന് നേടാന്‍ സാധിച്ചത്. പിന്നീടെ ഹെന്റിക്‌സ് ക്രീസിലെത്തിയതോടെ ഓസീസ് വീണ്ടും ട്രാക്കിലായെന്ന് തോന്നിച്ചു. ഷോര്‍ട്ട്- ഹെന്റിക്‌സ് സഖ്യം ഓസീസിന് മുന്നോട്ട് നയിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് നടരാജന്‍ പൊളിച്ചു. ഷോര്‍ട്ടിനെ പുറത്താക്കി നടരാജന്‍ തന്റെ രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 34 റണ്‍സാണ് ഷോര്‍ട്ട് കണ്ടെത്തിയത്. പിന്നാലൈ ഹെന്റിക്‌സിന്റെ പോരാട്ടം ദീപക് ചഹര്‍ അവസാനിപ്പിച്ചു. പിന്നെ ഒരു ചടങ്ങ് തീര്‍ക്കുന്ന ലാഘവത്തിലായിരുന്നു ഇന്ത്യ. അഞ്ച് പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്ന് സ്വപ്‌സന്‍ ഇന്ത്യയെ ചെറുതായൊന്ന് ഭയപ്പെടുത്തിയെങ്കിലും ഓസീസിന് വിജയം അകലെ തന്നെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കുകയായിരുന്നു. 51 റണ്‍സെടുത്ത ഓപണര്‍ കെഎല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. ഏഴാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 23 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്.
ടോസ് ഓസ്‌ട്രേലിയക്കാണ് ലഭിച്ചത്. അവര്‍ ബൗളിങ് തിരഞ്ഞെടുത്തു. ഓപണര്‍ രാഹുല്‍ 40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്തു. ധവാന്‍ (ഒന്ന്) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (ഒന്‍പത്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. പിന്നീട് മൂന്നാം വിക്കറ്റില്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 86ല്‍ നില്‍ക്കെ സഞ്ജു മടങ്ങി. 15 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 23 റണ്‍സാണ് മലയാളി താരം കണ്ടെത്തിയത്. പിന്നാലെ രാഹുലും പുറത്തായി. പിന്നീടെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ 16 റണ്‍സുടെത്തും വാഷിങ്ടന്‍ സുന്ദര്‍ ഏഴ് റണ്‍സുമായി കൂടാരം കയറി.
ഓസീസിനായി മൊയ്‌സസ് ഹെന്റിക്‌സ് നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആദം സാംപ, മിച്ചല്‍ സ്വപ്‌സന്‍ ഒരോ വിക്കറ്റുകളും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates