വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിശ്വസനീയ ക്യാച്ചിലൂടെ ഇന്ത്യക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ച് ധ്രുവ് ജുറേല്‍. ഒന്നാം ഇന്നിങ്‌സില്‍ 175 റണ്‍സുമായി തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇന്ത്യയെ വെള്ളം കുടിപ്പിച്ച ഹെൻറി നിക്കോള്‍സിനെ ജുറേല്‍ ഒറ്റ കൈ കൊണ്ടു ക്യച്ചെടുത്തു മടക്കി. 59 പന്തില്‍ 3 ഫോറുകള്‍ സഹിതം 31 റണ്‍സുമായി മികവിലേക്ക് ഉയരുന്നതിനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിലാണ് നിക്കോള്‍സ് ജുറേലിന്റെ മികവിനു മുന്നില്‍ വീണത്.
കിവികള്‍ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ താരത്തിന്റെ മടക്കം. പ്രസിദ്ധ് എറിഞ്ഞ ബാക്ക് ഓഫ് ലെങ്ത് പന്ത് നിക്കോള്‍സ് ലെഗ് സൈഡിലേക്ക് തട്ടിയിടാന്‍ നോക്കി. എന്നാല്‍ ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജില്‍ തട്ടി, തൈ പാഡിലും കൊണ്ട് പന്ത് ഉയര്‍ന്നു പൊങ്ങി. ഷോര്‍ട്ട് ലെഗില്‍ നിലയുറപ്പിച്ചു നിന്ന ജുറേല്‍ മിന്നല്‍ വേഗത്തില്‍ മുന്നോട്ടു ഡൈവ് ചെയ്ത് പന്ത് നിലം തൊടും മുന്‍പ് ഒറ്റ കൈയില്‍ ഒതുക്കി.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ജുറേല്‍ എഴുന്നേല്‍ക്കും മുന്‍പ് തന്നെ താരത്തെ കെട്ടിപ്പിടിച്ചാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അപകടകാരിയായ നിക്കോള്‍സിന്റെ മടക്കം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായക മേല്‍ക്കൈ നല്‍കുന്നതായിരുന്നു.
നേരത്തെ ഇന്ത്യയുടെ കൂറ്റൻ സ്കോറിൽ നിർണായക സംഭാവന നൽകിയ താരം കൂടിയാണ് ജുറേൽ. മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ജുറേൽ 78 റൺസുമായി 9ാം വിക്കറ്റായി പുറത്തായതിനു പിന്നാലെയാണ് ഇന്ത്യ 720 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
ഒന്നാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കുക ലക്ഷ്യമിട്ട് ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത് കരുതലോടെയാണ്. ഇത്തവണയും ക്യാപ്റ്റന്‍ ടോം ലാതം പക്ഷേ, തുടക്കത്തില്‍ തന്നെ പൂജ്യത്തിന് മടങ്ങി. രണ്ടാം പന്തില്‍ ബുംറയ്ക്ക് മുന്നിലാണ് ലാതം വീണത്. ഒന്നാം ഇന്നിങ്‌സിലും ബുംറയ്ക്ക് മുന്നില്‍ ഡക്കില്‍ തന്നെ കീഴടങ്ങിയാണ് ലാതം കൂടാരം കയറിയത്. പിന്നാലെയാണ് നിക്കോള്‍സ് എത്തിയത്. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്‌ക്കൊപ്പം 60 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി അടുത്ത പോരട്ടത്തിന് കോപ്പുകൂട്ടുന്നതിനിടെയാണ് നിക്കോള്‍സ് ജുറേലിന്റെ വിസ്മയ ക്യാച്ചില്‍ കീഴടങ്ങിയത്.
ടെസ്റ്റിന്റെ നാലാം ദിനത്തിലെ കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സില്‍ കിവികള്‍ 368 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് മറുപടി നല്‍കിയത്. 352 റണ്‍സിന്റെ മികച്ച ലീഡുയര്‍ത്തിയാണ് ഇന്ത്യ കിവികളെ വെല്ലുവിളിച്ചത്. വിദേശ പിച്ചിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍ എന്ന റെക്കോര്‍ഡും ഒന്നാം ഇന്നിങ്‌സിലെ മികവിലൂടെ ഇന്ത്യ സ്വന്തമാക്കി.
നിലവില്‍ ന്യൂസിലന്‍ഡ് 233 റണ്‍സ് പിന്നിലാണ്. അവര്‍ക്ക് കൈയിലുള്ളത് 8 വിക്കറ്റുകളും. അവസാന ദിനമായ നാളെ ന്യൂസിലന്‍ഡിന്റെ 8 വിക്കറ്റുകളും അതിവേഗം വീഴ്ത്തി ഇന്നിങ്സ് ജയം സ്വന്തമാക്കുവാനായിരിക്കും ഇന്ത്യ ശ്രമിക്കുക. കിവികള്‍ സമനിലയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates