റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. സിക്‌സടിച്ചു തുടങ്ങിയ താരത്തിനു അത് വലിയ സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വന്നു. രണ്ടാം ടി20യില്‍ ഇഷാന്‍ കിഷന്‍ നിര്‍ണായക ഇന്നിങ്‌സ് കളിച്ച് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതോടെ സമ്മര്‍ദ്ദം സഞ്ജുവിനാണെന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇനിയുള്ള മത്സരങ്ങള്‍ സഞ്ജുവിനു ചുറ്റും റണ്‍സ് നേടണമെന്ന സമ്മര്‍ദ്ദമുണ്ടാകും. അടുത്ത പോരാട്ടത്തിലും പരാജയപ്പെട്ടാല്‍ സഞ്ജുവിനെ മാറ്റി ഇഷാന്‍ കിഷനെ ഒപ്പണറാക്കാനും സാധ്യതയുണ്ടെന്നു ചോപ്ര പറയുന്നു.
'തിരിച്ചു വരവാണ് അരങ്ങേറ്റത്തേക്കാള്‍ ദുഷ്‌കരം. ആദ്യ മത്സരത്തില്‍ 8 റണ്‍സില്‍ ഔട്ടായ ഇഷാന്‍ രണ്ടാം പോരാട്ടത്തില്‍ പുറത്തെടുത്ത കളി എല്ലാവര്‍ക്കും സാധിക്കുന്നതല്ല. അത്ര ആത്മവിശ്വാമുള്ള കളി തിരിച്ചു വരവില്‍ എളുപ്പമല്ല. നിലവില്‍ സഞ്ജുവിനാണ് സമ്മര്‍ദ്ദമുള്ളത്. അദ്ദേഹം റണ്‍സ് നേടിയാല്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്താം. ഫോം വീണ്ടെടുത്തില്ലെങ്കില്‍ വിശാഖപട്ടണത്തും തിരുവനന്തപുരത്തും ഇഷാന്‍ കിഷനായിരിക്കും ഓപ്പണിങ് ഇറങ്ങുക.'
'ആഭ്യന്തര ക്രിക്കറ്റിലെ മികവ് മാത്രം പോര തിരിച്ചു വരവിനു. ദേശീയ ടീമില്‍ റണ്‍സ് നേടിയാലും കാര്യമില്ല. അങ്ങനെയെങ്കില്‍ സര്‍ഫറാസ് ഖാന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരാംഗമാകേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ല.'
'ഇവിടെ നോക്കു ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നു. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്നു. അതിനിടെ തിലക് വര്‍മയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇലവനിലേക്ക് പരിഗണിക്കപ്പെടുന്നു. രണ്ടാം കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇതൊന്നും നിങ്ങള്‍ മാത്രം എഴുതുന്ന സ്‌ക്രിപ്റ്റില്‍ നടക്കുന്നതല്ല. മറ്റൊരാള്‍ കൂടി അതിനു പിന്നിലുണ്ട്'- ആകാശ് ചോപ്ര വ്യക്തമാക്കി.
2025ല്‍ 15 കളികളും 11 ഇന്നിങ്‌സും ബാറ്റ് ചെയ്ത സഞ്ജുവിനു കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 26, 5, 3, 1, 16, 37, 10, 6 എന്നിങനെയായിരുന്നു അദ്ദേഹത്തിന്റെ ചില സ്‌കോറുകള്‍. കഴിഞ്ഞ വര്‍ഷം 222 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പ് ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുള്ള സഞ്ജുവിനു അടുത്ത കളിയില്‍ മികവിലേക്ക് ഉയരേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ശിവം ദുബെയുടെ ബാറ്റിങുമാണ് ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates