മുംബൈ: ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവിടങ്ങളിലായി 2027ൽ അരങ്ങേറാൻ ഒരുങ്ങുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തണമെന്നു മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഇക്കഴിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ തകർപ്പന്‍ ഫോമില്‍ കളിച്ച ഭുവനേശ്വർ കുമാറിന്റെ പ്രകടനം ആർസിബിയുടെ രണ്ടാം കിരീട നേട്ടത്തിൽ നിർണായകമായിരുന്നു. 28 വിക്കറ്റുകളാണ് സീസണിൽ ഭുവനേശ്വർ കുമാർ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഭുവനേശ്വർ കുമാർ തിളങ്ങുമെന്നാണ് അശ്വിന്റെ പ്രവചനം.
അതേസമയം മലയാളി താരം സഞ്ജു സാംസൺ, കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി എന്നിവരെയൊന്നും ലോകകപ്പ് ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്നും അശ്വിൻ പറഞ്ഞു. അഭിഷേക് ശർമ, ഋഷഭ് പന്ത്, രവി ബിഷ്ണോയി, ശിവം ദുബെ എന്നിവർക്കു ടീമിൽ ഇടം ലഭിക്കില്ലെന്നും അശ്വിൻ വ്യക്തമാക്കി.
‘ഭുവനേശ്വർ കുമാർ ലോകകപ്പ് കളിക്കണം. ഞാൻ അദ്ദേഹത്തോടു സംസാരിക്കും. ഫസ്റ്റ് ക്ലാസിലും വിജയ് ഹസാരെയിലും കളിക്കാൻ സാധിക്കുന്ന എല്ലാ ടൂർണമെന്റുകളിലും കളിക്കാൻ പറയും. അടുത്ത ലോകകപ്പിൽ അദ്ദേഹത്തെ ഇന്ത്യയ്ക്ക് ആവശ്യമായി വരുമെന്നാണു എനിക്കു തോന്നുന്നത്. അദ്ദേഹത്തിന്റെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക്ക് മുതൽകൂട്ടാകും’– അശ്വിൻ ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവേ വ്യക്തമാക്കി.
മുൻ ക്യാപ്റ്റൻമാരായ രോഹിത് ശർമയും വിരാട് കോഹ‍്ലിയും ലോകകപ്പ് കളിക്കണമെന്നു അശ്വിൻ പ്രതികരിച്ചു. ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ ജസ്പ്രിത് ബുംറ എന്നിവരാണ് ടീമിലെ മറ്റു പ്രധാന താരങ്ങൾ. ബുംറയ്ക്കൊപ്പം ഭുവനേശ്വറും മുഹമ്മദ് സിറാജുമാണ് ടീമിലെ സ്പെഷലിസ്റ്റ് പേസർമാർ.
36 വയസുകാരനായ ഭുവനേശ്വർ കുമാർ 2022 നവംബറിലാണ് ഇന്ത്യൻ ജേഴ്സിയിൽ ഒടുവിൽ കളിച്ചത്. പരിക്കുകൾ തുടർകഥയായതോടെ താരം പ്ലെയിങ് ഇലവനിൽ നിന്നു പുറത്തായി. ദക്ഷിണാഫ്രിക്കയിൽ 13 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ഭുവനേശ്വർ 19 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കരിയറിൽ താരം 121 അന്താരാഷ്ട്ര ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 141 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates