ജയ്പുർ: സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റേത്. അതിനൊപ്പമാണ് ഫോമിലുള്ള നായകൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയാണ് അവരുടെ അടുത്ത പോരാട്ടം. ഈ മത്സരത്തിലും സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന റിപ്പോർട്ടാണ് വരുന്നത്. വാരിയെല്ലിനു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സഞ്ജു ബാറ്റിങിനിടെ കളം വിട്ടത്. നിലവിൽ താരം ചികിത്സയിലാണ്. പൂർണ ആരോഗ്യവാനായി താരം തിരിച്ചെത്താൻ സമയം ഇനിയുമെടുക്കും.
പരിക്ക് ഗുരുതരമല്ല. എന്നാൽ വിശ്രമം അനിവാര്യമാണ്. അതിനാൽ തന്നെ താരത്തോട് ജയ്പുരിലെ ടീം ക്യാംപിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നു ടീം അധികൃതർ വ്യക്തമാക്കി. ആർസിബിക്കെതിരായ പോരാട്ടത്തിനുള്ള ടീം ബംഗളൂരുവിലേക്ക് പറന്നത് സഞ്ജുവില്ലാതെയാണ്.
സീസണിലെ ആദ്യ മൂന്ന് പോരിലും സഞ്ജു ഇംപാക്ട് താരമായി ബാറ്റിങിനു മാത്രമാണ് ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ താരത്തിന്റെ കൈവിരലിനു പൊട്ടലേറ്റതിനെ തുടർന്നു വിശ്രമത്തിലായിരുന്നു. പിന്നീട് നാലാം പോരാട്ടം മുതൽ വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയതോടെ താരം ക്യാപ്റ്റൻ സ്ഥാനത്തു തിരിച്ചെത്തി. അതിനിടെയാണ് വീണ്ടും പരിക്ക് വില്ലനായത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിനിടെയാണ് ബാറ്റിങ്ങിനിടെ താരത്തിനു വേദന അനുഭവപ്പെട്ടത്. മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മടക്കം. ബാറ്റിങ് പൂർത്തിയാകാതെ താരം ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ പോരാട്ടത്തിൽ സഞ്ജു കളിച്ചില്ല. റിയാൻ പരാഗാണ് ടീമിനെ നയിച്ചത്.
ഡൽഹി, ലഖ്നൗ ടീമുകൾക്കെതിരെ കൈയിലിരുന്ന മത്സരം രാജസ്ഥാൻ കളഞ്ഞു കുളിക്കുകയായിരുന്നു. അനായാസ വിജയം രണ്ട് മത്സരത്തിലും സ്വന്തമാക്കാൻ ടീമിനു അവസരം കിട്ടിയിരുന്നു. എന്നാൽ അവിശ്വസനീയമാം വിധം പരാജയപ്പെട്ടു. ഇനിയുള്ള മത്സരങ്ങളിൽ വിജയം പിടിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ സാധിക്കു. അത്തരമൊരു ഘട്ടത്തിലാണ് സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുന്നത്. 24നാണ് രാജസ്ഥാൻ- ബംഗളൂരു പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates