ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച സ്‌കോറുമായി രാജസ്ഥാൻ റോയൽസ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് ആണ് രാജസ്ഥാൻ അടിച്ചെടുത്തത്. ധ്രുവ് ജുറേല്‍, നായകൻ റിയാൻ പരാഗ് എന്നിവർ രാജസ്ഥനായി അർധ സെഞ്ച്വറി നേടി.
നേരത്തെ, ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റ് ചെയ്യാൻ അയക്കുക ആയിരുന്നു. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും മികച്ച രീതിയിലാണ് ഇന്നിങ്സ് ആരംഭിച്ചത്. ഒൻപത് പന്തിൽ 3 ഫോറുകൾ ഉൾപ്പെടെ 12 റൺസ് എടുത്ത ജയ്‌സ്വാളിനെ ലുന്‍ഗി എന്‍ഗിഡി പുറത്താക്കി. പിന്നാലെ കളത്തിലെത്തിയ ധ്രുവ് ജുറേലും സൂര്യവംശിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 70 റൺസിന്റെ കൂട്ട് കെട്ടാണ് ഉണ്ടാക്കിയത്.
മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 21 പന്തിൽ 46 റൺസാണ് വൈഭവ് നേടിയത്. നാലാം നമ്പറിൽ ക്രീസിൽ എത്തിയ നായകൻ റിയാൻ പരാഗും ഒട്ടും വിട്ടു കൊടുത്തില്ല. ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ചു അർധ സെഞ്ച്വറി നേടി. 26 പന്തിൽ 51 റൺസ് ആണ് താരം അടിച്ചെടുത്തത്. എന്നാൽ തുടർന്ന് ബാറ്റ് ചെയ്യാൻ എത്തിയ ഡൊണോവൻ ഫെരേര പൂജ്യത്തിനും,രവി സിങ് നാല് റൺസും നേടി പുറത്തായി.
അവസാനം വരെ പൊരുതി നിന്ന ധ്രുവ് ജുറേല്‍ 40 പന്തിൽ 53 റൺസ് നേടി പുറത്തായതോടെ രാജസ്ഥാൻ കളി മറന്നു. വാലറ്റക്കാരായി കളത്തിലെത്തിയ ശുഭം ദുബെ അഞ്ച് റൺസും, ദസുന്‍ ഷനക 10 റൺസിനും പുറത്തായി. ഇതോടെ രാജസ്ഥാൻ ഇന്നിങ്സ് 193 ന് അവസാനിക്കുക ആയിരുന്നു. ഡൽഹിക്കായി മിച്ചൽ സ്റ്റാര്‍ക്ക് നാലും,ലുന്‍ഗി എന്‍ഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates