Rishabh Pant  x
Sports

'ലഖ്‌നൗ ഇനി എന്തു കാണിക്കാനാണ്, ഋഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നെങ്കിലും മാറ്റു'

ദക്ഷിണാഫ്രിക്കന്‍ താരം എല്‍എസ്ജി ക്യാപ്റ്റനാകണമെന്നു വസിം ജാഫര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ദയനീയമായി തോറ്റതിനു പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ഋഷഭ് പന്തിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. പന്തിനെ ലഖ്‌നൗ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നു വസിം ജാഫര്‍ വ്യക്തമാക്കുന്നു. പകരം എയ്ഡന്‍ മാര്‍ക്രം ടീമിനെ നയിക്കട്ടെയെന്നും ജാഫര്‍ നിര്‍ദ്ദേശിക്കുന്നു.

ദക്ഷിണാഫ്രിക്കയുടെ ടി20 ടീം ക്യാപ്റ്റനാണ് മാര്‍ക്രം. താരത്തെ നായകനാക്കുന്നതിനൊപ്പം ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരണമെന്ന നിര്‍ദ്ദേശവും ജാഫര്‍ മുന്നോട്ടു വയ്ക്കുന്നു. മിച്ചല്‍ മാര്‍ഷ്- എയ്ഡന്‍ മാര്‍ക്രം ഓപ്പണിങ് ഇറങ്ങുന്നത് തുടരണം. മൂന്നാം നമ്പറില്‍ പന്ത് അല്ല ഇറങ്ങേണ്ടതെന്നും പകരം നിക്കോളാസ് പൂരാന്‍ വരട്ടെയെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. നാലാം സ്ഥാനത്താണ് അദ്ദേഹം പന്തിനെ ഇറക്കണമെന്നു പറയുന്നത്.

'ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇപ്പോള്‍ എങ്ങും എത്താത്ത അവസ്ഥയിലാണ്. അവരില്‍ നിന്നു ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നു പോലും പറയാന്‍ പ്രയാസമാണ്. ഞാന്‍ ആ ടീമിന്റെ ഭാഗമായി ഡഗൗട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യം ചെയ്യുന്ന കാര്യം എയ്ഡന്‍ മാര്‍ക്രമിനെ നായകനാക്കുക എന്നതാകും. മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് എന്നിവരെ ഞാന്‍ ഓപ്പണറാക്കും. മൂന്നാം സ്ഥാനത്ത് പൂരാനും നാലാം സ്ഥാനത്ത് പന്തിനേയും ഇറക്കും. അഞ്ചാം സ്ഥാനത്ത് ആയുഷ് ബദോനി, ആറില്‍ അബ്ദുല്‍ സമദ്, ഏഴാമനായി മുകുള്‍ ചൗധരി ഇതായിരിക്കും ടോപ് സെവന്‍. ഈ ബാറ്റിങ് ഓര്‍ഡറിലായിരിക്കും ഞാനാണെങ്കില്‍ മുന്നോട്ടു പോകുക.'

'ഋഷഭ് പന്തിനെ പോലൊരു താരം സാധാരണ കളിക്കാരനായി ടീമില്‍ തുടരണം എന്നാണ് എന്റെ കാഴ്ചപ്പാട്. അദ്ദേഹത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും കളത്തില്‍ ഇറങ്ങി സ്വന്തം കരുത്തില്‍ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ പറയുകയും ചെയ്യുമ്പോഴാണ് അദ്ദേഹത്തില്‍ നിന്നു ഏറ്റവും മികച്ച പ്രകടനം ലഭിക്കുക. നായക സ്ഥാനം നല്‍കി അദ്ദേഹത്തിനു വെറുതെ സമ്മര്‍ദ്ദമുണ്ടാക്കരുത്.'

'എയ്ഡന്‍ മാര്‍ക്രം ഒരു മികച്ച ക്യാപ്റ്റനാണെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം ദക്ഷിണാഫ്രിക്കയെ വിജയകരമായി തന്നെ നയിക്കുന്നുണ്ട്. മാനസിക കരുത്തനും ശാന്തനുമായ ക്യാപ്റ്റനാണ് അദ്ദേഹം. സഹ താരങ്ങളില്‍ നിന്നു മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ക്യാപ്റ്റന്‍ കൂടിയാണ് മാര്‍ക്രം. എന്റെ വാക്കുകള്‍ കേട്ട് അവര്‍ പന്തിനെ മാറ്റുമെന്നൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഞാനാണ് ഡഗൗട്ടില്ലെങ്കില്‍ എല്‍എസ്ജി ടീം ഇങ്ങനെയായിരിക്കും'- ജാഫര്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ സര്‍വകാല റെക്കോര്‍ഡ് ലേലത്തുകയ്ക്കു ലഖ്‌നൗ സ്വന്തമാക്കിയ താരമാണ് പന്ത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലഖ്‌നൗ സ്വന്തമാക്കിയത്. എന്നാല്‍ മികച്ചതെന്നു പറയാന്‍ ചില ഇന്നിങ്‌സുകള്‍ മാത്രമാണ് ഇതുവരെ താരത്തിന്റെ ബാറ്റില്‍ നിന്നു പിറന്നത്. ഈ സീസണിലും ടീമിന്റെ പോക്ക് പരിതാപകരമാണ്. എട്ടില്‍ ആറ് മത്സരങ്ങളും തോറ്റ് ലഖ്‌നൗവിന്റെ പ്ലേ ഓഫ് സാധ്യത ഏതാണ്ട് തുലാസില്‍ നില്‍ക്കുകയാണ്.

പന്തിന്റെ നായകനാകും മുന്‍പുള്ള ഐപിഎല്‍ കണക്കുകള്‍ നിരത്തിയാണ് ജാഫര്‍ തന്റെ വാദം മുന്നില്‍ വയ്ക്കുന്നത്. നായകനാകും മുന്‍പ് പന്തിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണ്‍ 2018ലായിരുന്നു. ആ സീസണില്‍ അദ്ദേഹം 684 റണ്‍സടിച്ചു. 174 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഈ സീസണില്‍ 8 മത്സരങ്ങളില്‍ നിന്നു 189 റണ്‍സേ പന്തിനു നേടാന്‍ സാധിച്ചിട്ടുള്ളു. സ്‌ട്രൈക്ക് റേറ്റ് 126.84 മാത്രം.

Wasim Jaffer has urged Lucknow Super Giants to replace Rishabh Pant with Aiden Markram as captain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മയെയും മകനെയും കൊലപ്പെടുത്തി?, വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ മകന്‍ ഒളിവില്‍

പ്രണയം നടിച്ച് ലൈംഗിക ചൂഷണം, 65 ലക്ഷം തട്ടി; നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണി; ഷിയാസ് കരീമിനെതിരെ യുവതി

മുന്നറിയിപ്പില്‍ മാറ്റം; ബുധനാഴ്ച മുതല്‍ ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആളില്ലാത്ത വീടിന്റെ ബാത്റൂമിൽ അവശനിലയിൽ; കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി

ഹൃദയം തൊടും ഈ കഥ; ആമിനക്കരികില്‍നിന്നു മാറാതെ എടവണ്ണയിലെ 'ഹാച്ചിക്കോ'

SCROLL FOR NEXT