ചെന്നൈ: ബാറ്റിങില്‍ തിളങ്ങിയില്ലെങ്കിലും ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി സഞ്ജു സാംസണ്‍. മിന്നല്‍ സ്റ്റംപിങിലൂടെയാണ് താരം ടീമിനു മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള അവസരമൊരുക്കിയത്. ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മിന്നും ഫോമില്‍ കത്തിക്കയറുന്നതിനിടെയാണ് സഞ്ജു താരത്തെ സ്റ്റംപിങിലൂടെ മടക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് നേടിയത്. മത്സരത്തില്‍ സഞ്ജുവിനു തിളങ്ങാനായില്ല. താരം 11 റണ്‍സുമായി മടങ്ങി.
159 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മിന്നും തുടക്കമാണ് നല്‍കിയത്. മറുഭാഗത്ത് സഹ ഓപ്പണര്‍ സായ് സുദര്‍ശനും മികവില്‍ തുടരുന്നുണ്ടായിരുന്നു. 23 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 33 റണ്‍സെടുത്തു നില്‍ക്കെ ഗില്ലിനെ മിന്നല്‍ സ്റ്റംപിങിലൂടെ സഞ്ജു പുറത്താക്കിയാണ് ചെന്നൈക്ക് ആശ്വാസം നല്‍കിയത്.
ഏഴാം ഓവര്‍ എറിയാനെത്തിയ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിന്റെ രണ്ടാം പന്തിലാണ് വിക്കറ്റ് നേട്ടം. താരത്തിന്റെ പന്ത് ക്രീസില്‍ നിന്നു അല്‍പ്പം മുന്നോട്ടു നീങ്ങി നേരിടാനുള്ള ഗില്ലിന്റെ ശ്രമം പിഴച്ചു. താരം ക്രീസില്‍ കാല്‍ കുത്തും മുന്‍പ് സഞ്ജു സ്റ്റംപിങ് നടത്തി. ഈ സമയത്ത് ക്രീസിനകത്ത് വായുവിലായിരുന്നു ഗില്ലിന്റെ കാല്‍ നിന്നത്. ഇതോടെ ഫോര്‍ത്ത് അംപയര്‍ ഔട്ട് വിളിച്ചു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ നേരത്തെ ഇതിഹാസ നായകന്‍ എംഎസ് ധോനി ഇത്തരത്തില്‍ മിന്നല്‍ സ്റ്റംപിങുമായി എതിരാളികളെ മടക്കുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. സമാന ഓര്‍മയാണ് ആരാധകര്‍ക്ക് സഞ്ജു സമ്മാനിച്ചത്. ധോനിയുടെ പിന്‍ഗാമിയായി സഞ്ജു സമീപ കാലത്തു തന്നെ ചെന്നൈ ക്യാപ്റ്റനാകുമെന്നു ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നുണ്ട്. അതിനിടെയാണ് സഞ്ജു മൈതാനത്ത് ഒരു തല മൊമന്റ് സൃഷ്ടിച്ചത്. അതും ധോനിയുടെ മാസ്റ്റര്‍ പീസായ അതിവേഗ സ്റ്റംപിങ് തന്നെ പുറത്തെടുത്ത്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates