കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വിന്‍ഡീസ് ഇറ്റലിയെ വീഴ്ത്തി നാലാം ജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് പേസര്‍ ഷമര്‍ ജോസഫിന്റെ പ്രകടനം. ബൗളിങിലും ഫീല്‍ഡിങിലും താരം വെട്ടിത്തിളങ്ങി. 4 ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് ഷമര്‍ 4 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.
നാല് വിക്കറ്റെടുത്തു ബൗളിങില്‍ തിളങ്ങിയ ഷമര്‍ നാല് ഇറ്റാലിയന്‍ താരങ്ങളെ ക്യാച്ചെടുത്തും പവലിയനിലേക്ക് പറഞ്ഞുവിട്ടു. ഇതോടെ ഒരപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. ഒരു ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ 4 വിക്കറ്റും നാല് ക്യാച്ചും എടുക്കുന്ന ആദ്യ താരമായി ഷമര്‍ ജോസഫ് മാറി. 4 വിക്കറ്റും നാല് ക്യാച്ചും എടുത്ത് ഷമര്‍ ഇറ്റലിക്ക് നഷ്ടമായ 10ല്‍ എട്ട് വിക്കറ്റിലും പങ്കാളിയായി.
ഹാരി മനെന്റി, ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട്, തോമസ് ഡ്രാക്ക, അലി ഹസന്‍ എന്നിവരുടെ വിക്കറ്റാണ് ഷമര്‍ വീഴ്ത്തിയത്. ആന്റണി മോസ്‌ക്ക, സയിദ് നഖ്‌വി, ജെജെ സമ്റ്റ്‌സ്, ജിയാന്‍ പിയറോ മയേഡ എന്നിവരുടെ ക്യാച്ചുകളാണ് താരം കൈയില്‍ ഒതുക്കിയത്.
ഒരു ടി20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത താരങ്ങളുടെ പട്ടികയിലും ഷമര്‍ തന്റെ പേര് എഴുതി വച്ചു. മുന്‍ നായകനും നിലവില്‍ വിന്‍ഡീസ് കോച്ചുമായ ഡാരന്‍ സമ്മിയാണ് ഒരു ലോകകപ്പ് പോരാട്ടത്തില്‍ 4 ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറല്ലാത്ത താരം. ഈപട്ടികയിലാണ് ഷമറും ഇടം കണ്ടത്. സമ്മിക്കും ഷമര്‍ ജോസഫിനും പുറമെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്‌കോട്‌ലന്‍ഡ് താരം ജോര്‍ജ് മുന്‍സി എന്നിവരും ഒരു ടി20 പോരില്‍ 4 ക്യാച്ചെടുത്ത താരങ്ങളുടെ പട്ടികയിലുണ്ട്.
മത്സരത്തില്‍ വിന്‍ഡീസ് 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. നാലില്‍ നാല് ജയങ്ങളുമായി ആത്മവിശ്വാസത്തോടെ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങളിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 165ല്‍ ഒതുക്കാന്‍ ഇറ്റലി ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും അവരുടെ ബാറ്റിങ് അമ്പേ പാളിപ്പോയി. അവരുടെ പോരാട്ടം 18 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates