സിഡ്നി: ഇന്ത്യയെ കീഴടക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഥമ കിരീടം ന്യൂസിലൻഡ് സ്വന്തമാക്കി. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിൽ മഴ രസംകൊല്ലിയായെങ്കിലും നാല് ഇന്നിങ്സും കളി നടന്നു. മത്സരത്തിന് മുൻപ് നിരവധി പേർ കിരീടം ആർക്കെന്നും മറ്റും പ്രവചിച്ച് രംഗത്തെത്തിയിരുന്നു. പലരും ന്യൂസിലൻഡിന് മുൻതൂക്കം പറഞ്ഞു.
ഫൈനൽ പോരാട്ടത്തിനുള്ള ന്യൂസിലൻഡ് ടീമിൽ ഒരു സ്പിന്നർമാരെയും ഉൾപ്പെടുത്താതതിനെ മുൻ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ വിമർശിച്ചിരുന്നു. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന്യൂസിലൻഡിനെ അന്ന് ഉപദേശിച്ച വോണിന് ഇപ്പോൾ ട്രോളിക്കൊല്ലുകയാണ് ആരാധകർ. ഇന്ത്യ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയപ്പോൾ ന്യൂസിലൻഡ് ഒരു സ്പിന്നറേയും അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയില്ല. ഇക്കാര്യമാണ് മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് വോൺ ചൂണ്ടിക്കാട്ടിയത്.
‘ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒരു സ്പിന്നറെപ്പോലും കളിപ്പിക്കാത്ത ന്യൂസീലൻഡിന്റെ തീരുമാനം നിരാശയുളവാക്കുന്നു. ഇപ്പോൾത്തന്നെ പിച്ച് സ്പിന്നിനു അനുകൂലമാകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഓർക്കുക, ലക്ഷണങ്ങളുണ്ടെങ്കിൽ പിച്ച് സ്പിന്നിന് അനുകൂലമാകുമെന്ന് തീർച്ചയാണ്. ഇന്ത്യ 275–300 റൺസ് നേടുന്നുവെന്ന് കരുതുക. കാലാവസ്ഥ ഇടപെട്ടില്ലെങ്കിൽ മത്സരം അപ്പോൾത്തന്നെ തീർന്നുവെന്ന് കരുതേണ്ടി വരും’ – വോൺ ട്വീറ്റ് ചെയ്തു.
വോണിന്റെ വിലയിരുത്തൽ പൂർണമായും തെറ്റിപ്പോകുന്ന കാഴ്ചയായിരുന്നു സതാംപ്ടനിൽ. രണ്ടു സ്പിന്നർമാരുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് അതുകൊണ്ട് സംഭവിച്ചത് നഷ്ടം മാത്രം. പ്രധാന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ട് ഇന്നിങ്സുകളിൽനിന്ന് വീഴ്ത്തിയത് നാല് വിക്കറ്റ്. ജഡേജയ്ക്ക് ലഭിച്ചത് ഒരേയൊരു വിക്കറ്റും. ഒരു സ്പിന്നറെപ്പോലും ഉൾപ്പെടുത്താതെ ഇറങ്ങിയ ന്യൂസിലൻഡ് പേസർമാരുടെ മികവിൽ ഇന്ത്യയെ അനായാസം ഒതുക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates