തിരുവനന്തപുരം: ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്താണ്. ഏകദിന ലോക ചാംപ്യൻമാരുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് മലയാളി ആരാധകർക്ക്. നാളെ, 28 , 30 തീയതികളിലാണ് മത്സരങ്ങൾ. ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കാനിറങ്ങുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ബാറ്റർമാരും ബൗളർമാരും മിന്നും ഫോമിലായതിനാൽ നാളെ ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
നേരത്തെ ഇന്ത്യൻ ടീമിന് തലസ്ഥാനനഗരിയിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്. ലോക ജേതാക്കൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്.
എയർപോർട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെകെ രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates