അഹമ്മദാബാദ്: ഹൈ വോള്‍ട്ടേജ് മത്സരത്തിന്റെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന, അതിനെ മറികടന്ന് ഫലം കൊയ്യാന്‍ സഹ താരങ്ങളെ പ്രാപ്തരാക്കുന്ന ക്യാപ്റ്റന്‍മാരാണ് ഏക്കാലത്തും ലോകകപ്പ് പോലെയുള്ള കിരീടങ്ങള്‍ ഉയര്‍ത്താറുള്ളത്. ഒരു ലക്ഷത്തിനു മുകളില്‍ ആരാധകരെ ഉൾക്കൊള്ളാൻ കെല്‍പ്പുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങും മുന്‍പ് നായകന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ പറഞ്ഞ വാക്കും സമ്മര്‍ദ്ദം എന്നാണ്.
2023 നവംബര്‍ 19നു ഇതേ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം കൈവിട്ടത്. അന്ന് ആ നഷ്ടഭാരം പേറിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സൂര്യകുമാര്‍ യാദവ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് സമ്മര്‍ദ്ദം എന്ന വാക്കിന്റെ പൊരുള്‍ ആവോളം അറിയാം. അന്ന് പാറ്റ് കമ്മിന്‍സും സംഘവും അഹമ്മദാബാദില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിനു വരുന്ന ഇന്ത്യന്‍ ആരാധകരെ നിശബ്ദരാക്കിയത് കണ്ടും അറിഞ്ഞും അനുഭവിച്ച ആള്‍ കൂടിയാണ് സൂര്യ.
വാര്‍ത്താസമ്മേളനത്തില്‍ അന്നത്തെ തോല്‍വിയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളെ ക്യാപ്റ്റന്‍ പക്ഷേ ലളിതമായി തന്നെ നേരിടുന്നുണ്ട്.
'നോക്കു, ഈ ദിവസത്തിനായി ഞങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ തയ്യാറെടുക്കുന്നുണ്ട്. ആ യാത്ര 2023ലെ അതേ വേദിയില്‍ എത്തി നില്‍ക്കുന്നു. ഇന്ന് നല്ല ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ധൈര്യമായിരിക്കുക. ടീമിനുള്ള എന്റെ ഏറ്റവും ലളിതമായ സന്ദേശം ഇതു മാത്രമാണ്.'
'നിരന്തരം ആശയവിനിമയം നടത്തി സഹ താരങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കരുതെന്നു ഞങ്ങള്‍ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. എല്ലാവര്‍ക്കും അവരുടെ മികവിനെ സ്വതന്ത്രമായി പുറത്തെടുക്കാനുള്ള അവസരം കൊടുക്കുക മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. അതു ചെയ്തപ്പോള്‍ അത്ഭുകരമായ ഫലങ്ങളാണ് വന്നത്.'
'ഡ്രസിങ് റൂമില്‍ ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് അധികം സംസാരിക്കേണ്ടി വരാറില്ല. കാരണം മറ്റുള്ളവരെല്ലാം അവരുടെ ഉള്ളില്‍ ഗ്രൗണ്ടില്‍ പുറത്തെടുക്കാനുള്ള സ്വന്തം പദ്ധതികളുണ്ടാകും. അത് അവര്‍ എന്നോടു പറയാന്‍ ശ്രമിക്കാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ ശരിയായ ഫലങ്ങള്‍ വരുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ക്യാപ്റ്റനായ ആദ്യ അഞ്ച്, ആറ് മാസങ്ങളില്‍ തന്നെ ഇക്കാര്യം എനിക്കു മനസിലാക്കാനും സാധിച്ചു. ഓരോ താരങ്ങളും വ്യത്യസ്തരാണ്. അതിനാല്‍ തന്നെ അവരുടെ സമീപനങ്ങളിലും വൈവിധ്യം കാണാം. അവരെ ചെവിക്കു പിടിച്ചു നിയന്ത്രിക്കുക അല്ല ക്യാപ്റ്റന്റെ പണി. അങ്ങനെ ചെയ്തതു കൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അവരെ സ്വതന്ത്രരാക്കുമ്പോള്‍ മാത്രമാണ് അവരുടെ പരമാവധി അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്.'
'എന്റെ മേല്‍ സമ്മര്‍ദ്ദമുണ്ട്. ഇല്ല എന്നു പറയുന്നില്ല. പക്ഷേ അതിന്റെ പരിഭ്രാന്തിയൊന്നും എനിക്കില്ല. അങ്ങനെ പരിഭ്രാന്തി പിടിച്ചാല്‍ എനിക്കും എന്റെ ടീമിനും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കാന്‍ സാധിക്കും. സമ്മര്‍ദ്ദത്തേക്കാള്‍ എന്നെ ഇപ്പോള്‍ കീഴടക്കുന്നത് അടങ്ങാത്ത ആവേശമാണ്. എന്നെ സംബന്ധിച്ചു ഇങ്ങനെയൊരു ലോകകപ്പ് കളിക്കാന്‍ ഇനി അവസരം കിട്ടുമെന്നു തോന്നുന്നില്ല. അതും നമ്മുടെ സ്വന്തം മണ്ണില്‍. അതൊരു പ്രത്യേക അനുഭവമാണ്'- സൂര്യ വ്യക്തമാക്കി.
താരമായിരുന്ന സൂര്യ, ക്യാപ്റ്റനായ സൂര്യ, ഐപിഎല്‍, ചാംപ്യന്‍സ് ട്രോഫി, ഒട്ടേറെ പരമ്പര കിരീടങ്ങള്‍ എല്ലാം നേടിയിട്ടുള്ള സൂര്യ. അതിന്റെയെല്ലാം മുകളിലുള്ള ഒരു ലോക കിരീടത്തിനു തൊട്ടരികിലാണ് അദ്ദേഹമിപ്പോള്‍. അഹമ്മദാബാദിലെ വലിയൊരു പോരാട്ടത്തിന്റെ രാത്രിയിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം. അവിടെ സൂര്യ, കളത്തില്‍ വരുത്തുന്ന മാറ്റങ്ങളും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കാണിക്കുന്ന ഇച്ഛാശക്തിയും ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. കമോണ്‍ ഇന്ത്യ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates