ഇന്ത്യൻ ടീമിന്റെ ആഹ്ലാദ പ്രകടനം എപി
Sports

ഇത്തവണ 'ഹെഡ്' തലവേദനയായില്ല, ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

സെന്റ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ മറുപടി. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ട്രാവിസ് ഹെഡിന് ഇത്തവണ ഇന്ത്യയുടെ വിജയവഴിയില്‍ തടസം നില്‍ക്കാന്‍ സാധിച്ചില്ല. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 24 റണ്‍സിന് തകര്‍ത്തു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

206 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസില്‍ എത്തിയ ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തില്‍ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.

ഓസീസിന് ആദ്യ ഓവറില്‍ തന്നെ ഇന്ത്യ തിരിച്ചടി നല്‍കി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ അര്‍ഷ്ദീപ് സിങ് പുറത്താക്കി. ആറു റണ്‍സ് മാത്രമാണ് ഡേവിഡ് വാര്‍ണറിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡ് - ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മത്സരത്തില്‍ പിടിമുറുക്കി. കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ഷിനെ കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 28 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 37 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം.

തുടര്‍ന്ന് ക്രീസില്‍ എത്തിയ ഗ്ലെന്‍ മാക്സ്വെല്‍ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത മാക്‌സ്‌വെലും ഹെഡും ചേര്‍ന്നതോടെ വീണ്ടും ഓസീസ് ഇന്നിംഗ്‌സിന് ജീവന്‍ വെച്ചു. ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുന്നു എന്ന തോന്നല്‍ സൃഷ്ടിച്ച ഘട്ടത്തില്‍ മാക്‌സ് വെല്ലിനെ പുറത്താക്കി ഇന്ത്യ കളിയിലേക്ക് മടങ്ങി വരുന്നതാണ് പിന്നീട് കണ്ടത്. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്നിസിനെയും (2) മടക്കി അക്ഷര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. മാത്യു വെയ്ഡിനും (1) മുന്നേറ്റം സാധ്യമായില്ല. വെയ്ഡിനു പിന്നാലെ അപകടകാരിയായ ടിം ഡേവിഡിനെയും (15) മടക്കിയ അര്‍ഷ്ദീപ് മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലാക്കി. ട്രാവിസ് ഹെഡിനെ ബുംറ പുറത്താക്കിയതോടെ, ഏകദിന ലോകകപ്പ് ആവര്‍ത്തിക്കുമോ എന്ന ഭയവും ഇന്ത്യയെ വിട്ട് അകന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സ് നേടിയത്. ടോസ് നേടി ഇന്ത്യയെ ഓസ്ട്രേലിയ ബാറ്റിങിനു വിടുകയായിരുന്നു. രണ്ടാം ഓവറില്‍ വിരാട് കോഹ്ലി പൂജ്യത്തില്‍ മടങ്ങിയെങ്കിലും മറുഭാഗത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ച് കത്തിക്കയറി. നായകന്‍ വെറും 41 പന്തില്‍ 92 റണ്‍സ് വാരി. എട്ട് സിക്സും 7 ഫോറും സഹിതമായിരുന്നു രോഹിതിന്റെ മിന്നല്‍ ബാറ്റിങ്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി രോഹിതിനു നേടാന്‍ കഴിയാത്തതു മാത്രമാണ് നിരാശപ്പെടുത്തിയത്. ഓസീസിനു നിര്‍ണായക പോരാട്ടമാണ്. തോറ്റാല്‍ അവര്‍ പുറത്താകും.

വിരാട് കോഹ്ലിയാണ് ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ ഋഷഭ് പന്ത് 15 റണ്‍സുമായും മടങ്ങി. പിന്നീട് രോഹിതിന്റെ കടന്നാക്രമണം. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ സ്‌കോര്‍ തുടക്കം മുതല്‍ ഉയര്‍ത്തി. വെറും 19 പന്തിലാണ് നായകന്റെ അര്‍ധ സെഞ്ച്വറി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയായും ഈ പ്രകടനം മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറില്‍ രോഹിത് നാല് സിക്സുകളാണ് പറത്തിയത്. സ്റ്റാര്‍ക്ക് തന്നെ സെഞ്ച്വറി തടഞ്ഞ് രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി.പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവരും മികച്ച സ്‌കോര്‍ നേടിയതോടെ ഇന്ത്യ 200 കടന്നു. സൂര്യകുമാര്‍ 16 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 31 റണ്‍സെടുത്തു. ദുബെ 22 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 28 റണ്‍സും കണ്ടെത്തി.

കളി തീരുമ്പോള്‍ ഹര്‍ദിക് 17 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 27 റണ്‍സുമായി ക്രീസില്‍. ഒപ്പം 9 റണ്‍സുമായി രവീന്ദ്ര ജഡേജയും.ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ് ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

SCROLL FOR NEXT