Suryakumar Yadav x
Sports

വാംഖ‍ഡെയിലെ, 'മാന്ത്രികനായ സൂര്യ'!

ടി20 ലോകകപ്പിൽ യുഎസ്എയ്ക്കെതിരെ ഐതിഹാസിക ബാറ്റിങുമായി ഇന്ത്യൻ ക്യപ്റ്റൻ സൂര്യകുമാർ യാദവ്

രഞ്ജിത്ത് കാർത്തിക

ടി20 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചു കയറുമ്പോൾ വിഖ്യാതമായ വാംഖഡെയുടെ മൈതാനത്ത് ജ്വലിച്ചു നിന്നത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു. ഇന്ത്യയും എതിരാളികളായ യുഎസ്എയും തമ്മിലുള്ള ഏക വ്യത്യാസവും സൂര്യ മാത്രമായിരുന്നു. ഒരുവേള 77 റൺസിനിടെ 6 വിക്കറ്റുകൾ നഷ്ടമായി തകർന്ന ഇന്ത്യയെ അയാൾ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ചുമലിലേറ്റുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം നിന്നത്.

49 പന്തിൽ 10 ഫോറും 4 സിക്സും സഹിതം 84 റൺസാണ് സൂര്യ അടിച്ചു കൂട്ടിയത്. അയാളുടെ വിക്കറ്റ് വീഴ്ത്താൻ അമേരിക്കയ്ക്കു സാധിച്ചതുമില്ല. ബാറ്റിങിന്റെ സമസ്ത വഴികളും തുറന്നിട്ട് മനോഹരമായൊരു ഇന്നിങ്സ് അയാൾ വാംഖഡെയിൽ കെട്ടിപ്പൊക്കി. 6ന് 77 എന്ന നിലയിൽ നിന്നു 8ന് 161 എന്ന റൺസിലേക്ക് ഇന്ത്യൻ സ്കോർ പരിവർത്തിപ്പിക്കുമ്പോൾ ടീമിലെ 8 ബാറ്റർമാർ ചേർന്നു 77 റൺസാണ് സംഭാവന നൽകിയത്. ശേഷിക്കുന്ന 84 റൺസും അയാൾ ഒറ്റയ്ക്ക് അടിച്ചെടുത്തു. പലപ്പോഴും ചില ഷോട്ടുകൾ കളിച്ച് അയാൾ ക്രീസിൽ വീണു. വീണ്ടും എഴുന്നേറ്റു പൊരുതി. ഇതിഹാസ വെസ്റ്റ് ഇൻഡീസ് താരം രോഹൻ കൻഹായ് കളിച്ച അപൂർവം ചില ഷോട്ടുകളോട് സാമ്യം നിൽക്കുന്ന ഷോട്ടുകൾ സൂര്യ കളിച്ചുവെന്നു കമന്ററി ബോക്സിലിരുന്നു ​ഗാവസ്കറും രവി ശാസ്ത്രിയും ഹർഷ ഭോ​ഗ്‍ലെയും സാക്ഷ്യം പറയുന്നതും കേട്ടു. സാധ്യമായ എല്ല വഴികളിലൂടെയും അയാൾ അതിവേ​ഗം റൺസ് കണ്ടെത്തി.

ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തിര‍ഞ്ഞെടുക്കുന്ന പിച്ചാണ് വാംഖഡെയിലേത്. രണ്ടാമത് പന്തെറിയുന്നത് ഈ മൈതാനത്ത് ഏറെ ദുഷ്കരമാണ്. കാര്യങ്ങൾ അമേരിക്കയുടെ വഴിക്കു തന്നെ വന്നു. ടോസ് നേടി അവർ ആദ്യം പന്തെടുക്കാൻ തീരുമാനിച്ചു. ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി ഇന്നിങ്സ് തുറക്കാൻ എത്തിയത് ഇഷാൻ കിഷനും അഭിഷേക് ശർമയും. ഇഷാൻ തുടക്കം തന്നെ ആക്രമിച്ചു കളിച്ചു. എന്നാൽ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ അഭിഷേക് ശർമ ​ഗോൾഡൻ ‍ഡക്കായി പുറത്തായപ്പോൾ സ്റ്റേഡിയം നിശബ്ദമായി. അലി ഖാന്റെ പന്തിൽ അഭിഷേകിന്റെ ഷോട്ട് സഞ്ജയ് കൃഷ്ണമൂർത്തി കൈയിൽ ഒതുക്കി.

ആ ഞെട്ടലിൽ നിന്നു ഇന്ത്യയെ ഇഷാനും പിന്നാലെ വന്ന തിലക് വർയും കൂടി അതിവേ​ഗം തന്നെ ട്രാക്കിലാക്കി. പതിയെ ഇന്ത്യ കളിയിലേക്ക് തിരിച്ചെത്താനായി ശ്രമിക്കുന്നതിനിടെ അടുത്ത പ്രഹരം. സ്കോർ 45ൽ ഇഷാൻ വീണു. ആറാം ഓവറിലെ രണ്ടാം പന്തിൽ ഷാഡ്ലി വാൻ ഷാൽവിക് ഇഷാനെ പുറത്താക്കി. 16 പന്തിൽ 2 സിക്സും ഒരു ഫോറും സഹിതം ഇഷാൻ 20 റൺസുമായി മികവിലേക്ക് ഉയരുന്നതിനിടെ മടങ്ങി.

സൂര്യ ക്രീസിലെത്തുന്നു. എന്നാൽ ആ ഓവറിലെ ശേഷിച്ച നാല് പന്തിൽ രണ്ട് ഇന്ത്യൻ താരങ്ങളെ കൂടി മടക്കി ഷാൽവിക് ഇന്ത്യയെ ചുഴിയിൽപ്പെടുത്തുന്നുണ്ട്. സ്കോർ 46ൽ നിൽക്കെ മികച്ച രീതിയിൽ കളിച്ചു വന്ന തിലകിനെ അഞ്ചാം പന്തിലും പിന്നാലെ വന്ന ശിവം ദുബെയെ ആറാം പന്തിലും മടക്കി ഷാൽവിക് ഇന്ത്യയ്ക്ക് ടെൻഷൻ കയറ്റി. ദുബെ ​ഗോൾഡൻ ഡക്കായി കൂടാരം കയറുമ്പോൽ സ്കോർ ബോർഡിൽ 4 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നില. 72ൽ റിങ്കു സിങും 77ൽ ഹർദിക് പാണ്ഡ്യയും മടങ്ങി. റിങ്കു 6 റൺസും ഹർദിക് 5 റൺസുമാണ് സംഭാവന ചെയ്തത്. ഇന്ത്യ 6ന് 77 എന്ന നില.

പിന്നീടാണ് സൂര്യ കടിഞ്ഞാൺ ഒറ്റയ്ക്ക് കൈയിലേന്തിയത്. അക്ഷർ പട്ടേൽ 11 പന്തിൽ 14 റൺസുമായി 23 മിനിറ്റുകൾ ക്യാപ്റ്റനൊപ്പം നിന്നു മടങ്ങി. അർഷ്ദീപ് സിങ് 6 പന്തുകൾ ചെറുത്ത് 4 റൺസുമായി പുറത്ത്. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ എത്തി നിന്നപ്പോൾ ഐതിഹാസികമായൊരു ഇന്നിങ്സ് കളിച്ച് സൂര്യ പുറത്താകാതെ ക്രീസിൽ തുടർന്നു.

വിജയം പിടിക്കാമെന്ന യുഎസ്എയുടെ ആത്മവിശ്വാസത്തെ തുടക്കം മുതൽ തകർക്കുന്ന തരത്തിലാണ് അർഷ്ദീപ് സിങും മുഹമ്മദ് സിറാജും പന്തെറിഞ്ഞത്. നിതീഷ് റാണ അവസാന നിമിഷം പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനായി ടീമിൽ എത്തിയ സിറാജും അർഷ്ദീപും ചേർന്നെറിഞ്ഞ ആദ്യ ആറ് ഓവറുകളിൽ തന്നെ കളിയുടെ ​ഗതി നിർണയിക്കപ്പെട്ടിരുന്നു. പവർപ്ലേയുടെ ആ നിർണായക 36 പന്തുകളിൽ അമേരിക്കയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 3 വിക്കറ്റുകളും നഷ്ടം വന്നു.

ഓപ്പണർമാരായ ആൻഡ്രിസ് ​ഗോസിനേയും സായ്തേജ മുക്കാമലയേയും വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ മോനങ്ക് പട്ടേലിനേയും 20 പന്തുകൾക്കിടെ മടക്കി അർഷ്ദീപും സിറാജും ചേർന്നു തുടക്കത്തിൽ തന്നെ അമേരിക്കയെ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. പിന്നീട് കളിയുടെ ഒരു ഘട്ടത്തിലും ആ സമ്മർദ്ദം അതിജീവിക്കാൻ അവർക്ക് ത്രാണിയില്ലാതെ പോയി.

3.2 ഓവറിൽ മൂന്നാം വിക്കറ്റ് വീഴുമ്പോൾ അമേരിക്കയുടെ സ്കോർ വെറും 13 റൺസ് മാത്രമായിരുന്നു. അമേരിക്ക അതി സമ്മർദ്ദത്തിൽ നിൽക്കെ ക്രീസിലെത്തിയ മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ എന്നിവർ പൊരുതി നോക്കുന്നുണ്ട്. മനോഹരമായ ബാറ്റിങായിരുന്നു മൂവരുടേതും. പക്ഷേ അവർക്കും ഇന്ത്യയുടെ പ്രസിങ് കളിയെ മറികടക്കാൻ സാധിച്ചില്ല. ശുഭം രഞ്ജനെയാണ് കടന്നാക്രമിച്ചു കളിച്ച ഏക യുഎസ്എ ബാറ്റർ. താരം 22 പന്തിൽ 3 സിക്സും 2 ഫോറും സഹിതം 37 റൺസ് വാരി ഇന്ത്യയെ വിറപ്പിച്ചു. പക്ഷേ ക്രീസിൽ അൽപ്പായുസായിരുന്നു. മിലിന്ദ് 34 പന്തിൽ 34 റൺസും സഞ്ജയ് 31 പന്തിൽ 37 റൺസും കണ്ടെത്തി. ഈ മൂന്ന് പേരൊഴികെ മറ്റൊരാളും അമേരിക്കൻ നിരയിൽ രണ്ടക്കം കണ്ടില്ല.

തുടക്കം മുതൽ ഇന്ത്യൻ ബൗളിങ് നിര അച്ച‍ടക്കത്തിന്റെ ​ഗ്രാഫ് വല്ലാതെ താഴേക്ക് പോകാതെ നിലനിർത്തി. വൻ പ്രഷറിൽ നിർത്തി യുഎസ്എയുടെ ശ്രമങ്ങളെ ചെറുക്കുക എന്ന ഇന്ത്യൻ തന്ത്രം വാംഖഡെയിൽ ഫലം കണ്ടു. മിലിന്ദ്, സഞ്ജയ്, ശുഭം എന്നിവർ വെല്ലുവിളിക്കാൻ നോക്കിയത് മാറ്റി നിർത്തിയാൽ കളി ഇന്ത്യ ബൗളിങ് ഘട്ടത്തിൽ ഏറെക്കുറെ കൈയിൽ തന്നെ വച്ചു.

അവരുടെ നാലാം വിക്കറ്റ് ഇന്ത്യ വീഴ്ത്തുന്നത് 12ാം ഓവറിലെ അവസാന പന്തിലാണ്. ബ്രേക്ക് ത്രൂ നൽകിയത് വരുൺ ചക്രവർത്തി. സ്കോർ 71 റൺസ്. മടങ്ങിയത് മിലിന്ദ്. അഞ്ചാം വിക്കറ്റ് 98 റൺസിലാണ് യുഎസ്എയ്ക്ക് നഷ്ടമായത്. പുറത്തായത് സഞ്ജയ്. 98ൽ ഹർമീത് സിങും മടങ്ങി. 16ാം ഓവറിലെ 2, 3 പന്തുകളിൽ ഇരുവരേയും തുടരെ മടക്കി അക്ഷർ പട്ടേൽ അമേരിക്കയ്ക്ക് ഇരട്ട പ്രഹരം നൽകിയതും നിർണായകമായി. 19, 20 ഓവറുകളിലാണ് ശുഭം ടോപ് ​ഗിയറിൽ ബാറ്റ് വീശിയത്. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിപ്പോയി.

ഇന്ത്യൻ നിരയിൽ അർഷ്ദീപ് തന്റെ പേസു കൊണ്ട് വീണ്ടും വിസ്മയിപ്പിച്ചു. താരം 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. സിറാജ് 29 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു ടി20 പോരാട്ടത്തിലേക്കുള്ള ഇടവേള കഴിഞ്ഞുള്ള തിരിച്ചു വരവ് ​ഗംഭീരമാക്കി. വരുൺ പതിവു പോലെ ബാറ്റർമാർക്കെതിരെ സമർഥമായി തന്നെ പന്തെറിഞ്ഞു. താരം 4 ഓവറിൽ 24 റൺസ് വഴങ്ങി 1 വിക്കറ്റെടുത്തു. വരുണിന്റെ പന്തിൽ മലിന്ദിനെ കീപ്പർ ഇഷാൻ കിഷൻ സ്റ്റംപ് ചെയ്തു പുറത്താക്കിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. അക്ഷർ പട്ടേലും 24 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. താരം 2 വിക്കറ്റും സ്വന്തമാക്കി.

ആദ്യ മത്സരത്തിൽ ബാറ്റിങ് നിരയുടെ നിരാശ മാറ്റി നിർത്തിയാൽ ബാക്കി കാര്യങ്ങളൊക്കെ ഇന്ത്യ തങ്ങളുടെ വഴിയിലാക്കി. ടി20 ലോകകപ്പിൽ തുടരെ ഒൻപതാം ജയമെന്ന റെക്കോർഡ് സ്ഥാപിച്ചാണ് ടീം ഇന്ത്യ കളം വിട്ടത്. വാംഖഡെയുടെ ആകാശവും മണ്ണും ആത്മാവിലുള്ള മനുഷ്യനാണ് ഇന്ത്യൻ നായകൻ. ആദ്യ കളി ജയിച്ചു കയറുമ്പോൾ ഇന്ത്യയുടെ സൂര്യൻ കത്തി ജ്വലിച്ച രാത്രി കൂടിയാണ് കഴിഞ്ഞു പോയത്.

Suryakumar Yadav smashes unbeaten 84 off 49 to rescue India from 46/4 collapse vs USA in T20 World Cup 2026 opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ

പത്തുവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

'നമുക്ക് പിരിയാമെന്ന് പറഞ്ഞ് അവൾ പോയി'; ബ്രേക്ക്അപ്പിനെക്കുറിച്ച് സിദ്ധാന്ത് ചതുർവേദി

സീതപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ ഗുണങ്ങൾ എന്തൊക്കെ?

'നായകനെ നന്നാക്കുന്ന നായിക'; അന്തിക്കാട് സിനിമാറ്റിക് യൂണിവേഴ്‌സിലെ സ്ഥിരം പ്ലോട്ട്; ഇതാ ഇപ്പോ ഡെലൂലും!

SCROLL FOR NEXT