ലാഹോര്‍: ഇംഗ്ലണ്ടിനെതിരായ ചാംപ്യന്‍സ് ട്രോഫി വിജയത്തില്‍ അഫ്ഗാനിസ്ഥാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രവി ശാസ്ത്രി, അജയ് ജഡേജ, മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍, പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്ബ് അക്തര്‍ അടക്കമുള്ള താരങ്ങള്‍ അഫ്ഗാന്‍ ടീമിനു അഭിനന്ദനങ്ങളറിയിച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തു.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ സ്ഥിരമായ, പടി പടിയായുള്ള വളര്‍ച്ച പ്രചോദനം നല്‍കുന്നത്. അവരുടെ വിജയങ്ങളെ ഇനി അട്ടിമറിയെന്നു വിളിക്കരുത്. അവര്‍ ഇതൊക്കെ ഇപ്പോള്‍ ശീലമാക്കിയ ടീമാണ്. ഇബ്രാഹിം സാദ്രാന്റെ സെഞ്ച്വറിയും അസ്മതുല്ല ഒമര്‍സായ് വീഴ്ത്തിയ 5 വിക്കറ്റുകളും അവര്‍ക്ക് ജയമൊരുക്കി. അഫ്ഗാന്‍ നന്നായി കളിച്ചു'- സച്ചിന്‍ കുറിച്ചു.
'അഫ്ഗാനിസ്ഥാന്‍ നിങ്ങള്‍ അത്ഭുതങ്ങള്‍ തുടരുക. ഇംഗ്ലണ്ടിനു തോല്‍വിയില്‍ ഒഴിവുകഴിവുകള്‍ പറയാന്‍ അവകാശമില്ല. ഉപ ഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനു മികവ് പുലര്‍ത്താന്‍ സാധിക്കുന്നില്ല. നിങ്ങള്‍ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ കെല്‍പ്പുള്ള ടീമായി അംഗീകരിക്കാന്‍ സാധിക്കു'- മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കുറിച്ചു.
2023 ലോകകപ്പില്‍ അഫ്ഗാന്‍ ടീമിന്റെ മെന്ററായി പ്രവര്‍ത്തിച്ച മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ അഫ്ഗാന്‍ ആരാധകരേയും പരാമര്‍ശിച്ചാണ് കുറിപ്പിട്ടത്.
'അഫ്ഗാന്‍ ആരാധകര്‍ ഈ വിജയത്തിനു അര്‍ഹരാണ്. അവര്‍ അത്രയും ആവേശമുള്ള ക്രിക്കറ്റ് ആരാധകരാണ്. ഒപ്പം എളിമയുള്ള ആരാധകര്‍ കൂടിയാണ്'- ജഡേജ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍ സെമിയിലെത്താന്‍ അര്‍ഹരായ ടീമാണെന്നു ഷൊയ്ബ് അക്തര്‍. ഇംഗ്ലണ്ടിനു ഒരു നിലവാരവുമുണ്ടായിരുന്നില്ലെന്നു മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും കുറിച്ചു.
'അഫ്ഗാനിസ്ഥാന്‍ ടീം മിടുക്കുള്ളവരാണ്. അവര്‍ വിജയം അര്‍ഹിക്കുന്നു. ഇംഗ്ലണ്ട് കുറച്ചു കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കാര്യമായി കളിക്കുന്നില്ല. ഈ അവസ്ഥയില്‍ ഈ ഫലം അതിശയിപ്പിക്കുന്നില്ല'- വോണ്‍ കുറിച്ചു.
ലാഹോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ (177) ബലത്തില്‍ 325 റണ്‍സ് അടിച്ചെടുത്തു. ജോഫ്ര ആര്‍ച്ചര്‍ അടക്കമുള്ള ഇംഗ്ലീഷ് ബൗളിങ് നിരയ്‌ക്കെതിരെ മിന്നും ബാറ്റിങാണ് സാദ്രാന്‍ പുറത്തെടുത്തത്. അസ്മതുല്ല ഒമര്‍സായ് 58 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിച്ചു. 8 റണ്‍സിന്റെ ത്രില്ലര്‍ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates