ന്യൂഡല്‍ഹി: ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് യാദവ് ആത്മഹത്യ ചെയ്തു. തന്റെ വസതിയില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മികച്ച പാരാ-അത്ലറ്റുകളില്‍ ഒരാളായ നീരജ് യാദവ്, ഏഷ്യന്‍ പാരാ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്.
എ55 വിഭാഗത്തില്‍ മത്സരിച്ചിരുന്ന 42-കാരനായ യാദവ്, ഡോപ്പിങ് ആരോപണത്തെത്തുടര്‍ന്നുണ്ടായ വിലക്ക് കാരണം ഈ മാസം ആദ്യം ഐച്ചി-നഗോയയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ താരം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
ഏഴാം വയസ്സില്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് ശരീരം തളര്‍ന്ന നീരജ് യാദവ്, ആദ്യം വീല്‍ചെയര്‍ ടെന്നീസാണ് പരിശീലിച്ചിരുന്നത്. പിന്നീട് പാരാ-അത്ലറ്റിക്‌സിലേക്ക് മാറി. ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ തുടങ്ങിയ, ഇരുന്നുകൊണ്ട് മത്സരിക്കുന്ന ഫീല്‍ഡ് ഇനങ്ങളുള്‍പ്പെടുന്ന എ55 വിഭാഗത്തിലാണ് യാദവ് മത്സരിച്ചിരുന്നത്.
ഇന്ത്യയിലെ മികച്ച പാരാ-അത്ലറ്റുകളില്‍ ഒരാളായ യാദവ്, 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ ജാവലിന്‍ ത്രോയിലും, 2023-ല്‍ ഹാങ്ഷൂവില്‍ നടന്ന ഗെയിംസില്‍ ജാവലിന്‍ ത്രോയിലും ഡിസ്‌കസ് ത്രോയിലുമായിരുന്നു സ്വര്‍ണ്ണം നേടിയത്. നീരജിന്റെ മരണം ദൗര്‍ഭാഗയകരമെന്ന് ഇന്ത്യന്‍ പാരാ-അത്ലറ്റിക്‌സ് ടീം ഹെഡ് കോച്ച് എസ്. സത്യനാരായണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates