ഫോട്ടോ: ട്വിറ്റർ 
Sports

ഹസരങ്കയുടെ മാന്ത്രിക സ്പിന്നില്‍ കടപുഴകി ഹൈദരാബാദ്; ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം; പ്ലേ ഓഫ് പ്രതീക്ഷ

അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ത്രിപാഠി പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി. താരം 37 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സെടുത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ന് നടന്ന ആദ്യ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുത്തപ്പോള്‍ ഹൈദരാബാദിന്റെ പോരാട്ടം 125 റണ്‍സില്‍ അവസാനിപ്പിച്ചാണ് ബാംഗ്ലൂരിന്റെ വിജയം. വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.2 ഓവറില്‍ എല്ലാവരും പുറത്തായി. 

നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ വാനിന്ദു ഹസരങ്കയുടെ മാരക ബൗളിങാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ജോഷ് ഹെയ്‌സല്‍വുഡും മികവോടെ പന്തെറിഞ്ഞു. ഹര്‍ഷല്‍ പട്ടേല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് പിന്നീട് അവര്‍ക്ക് കരകയറാന്‍ സാധിച്ചതുമില്ല. 

ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ റണ്ണൗട്ടായി. പിന്നാലെ അഞ്ചാം പന്തില്‍ മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. ഇരുവരും സംപൂജ്യരായി കൂടാരം കയറി. 

അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ത്രിപാഠി പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി. താരം 37 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രം (21), രണ്ട് ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത നിക്കോളാസ് പുരന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് താരങ്ങള്‍. മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.

നേരത്തെ ടോസ് നേടി ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്സ്വെല്‍, രജത് പടിദാര്‍ എന്നിവരുടെ മികച്ച ബാറ്റിങുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസി 50 പന്തുകള്‍ നേരിട്ട് എട്ട് ഫോറും രണ്ട് സിക്സും സഹിതം 73 റണ്‍സുമായി പുറത്താകാതെ നിന്നു. 

ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമല്ല കിട്ടിയത്. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ മുന്‍ നായകന്‍ വിരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ബാഗ്ലൂരിന് ഞെട്ടല്‍ സമ്മാനിച്ചു. ജഗദീശ സുചിത് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കോഹ്ലി കെയ്ന്‍ വില്ല്യംസന് പിടി നല്‍കി കൂടാരം കയറി.

എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും രജത് പടിദാറും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ബാംഗ്ലൂരിന് രക്ഷയായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 105 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

13ാം ഓവറിന്റെ രണ്ടാം പന്തില്‍ പടിദാറിനെ മടക്കി സുചിത് തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം പടിദാര്‍ 48 റണ്‍സ് കണ്ടെത്തി. 

പിന്നാലെ എത്തിയ മാക്സ്വെല്‍ 24 പന്തില്‍ 33 റണ്‍സാണ് മാക്സ്വെല്‍ കണ്ടെത്തിയത്. രണ്ട് സിക്സും മൂന്ന് ഫോറും ഓസീസ് താരം അടിച്ചെടുത്തു. 

അഞ്ചാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് ഒരിക്കല്‍ കൂടി മിന്നല്‍ പിണറായി മാറി. വെറും എട്ട് പന്തുകള്‍ മാത്രം നേരിട്ട ഡികെ നാല് സിക്സും ഒരു ഫോറും സഹിതം 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഫസ്ലാഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സാണ് പിറന്നത്. തുടരെ മൂന്ന് സിക്സുകളും ഒരു ഫോറും ഈ ഓവറില്‍ കാര്‍ത്തിക് അടിച്ചെടുത്തു. 

ഹൈദരാബാദ് നിരയില്‍ ജഗദീശ സുചിത് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT