ലണ്ടന്‍: വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരായി പരിഗണിക്കപ്പെടുന്ന താരങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസൻ, ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട്, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് എന്നിവർ. മറ്റ് മൂന്ന് പേരേക്കാളും ഒരുപിടി മുന്നിൽ നിൽക്കുന്ന താരമാണ് കോഹ്‌ലിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടാറുണ്ട്.
ഇപ്പോഴിതാ കോഹ്‌ലിയേക്കാളും മികവ് വില്ല്യംസനാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടാനിരിക്കെയാണ് വോണിന്റെ നിരീക്ഷണം എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിലെ സതാംപ്ടനിൽ ജൂൺ 18 മുതലാണ് ഫൈനൽ പോര് അരങ്ങേറാനൊരുങ്ങുന്നത്.
കെയ്ന്‍ വില്യംസൻ ഇന്ത്യക്കാരനായിരുന്നെങ്കില്‍ അയാള്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനവുമായിരുന്നു എന്നാണ് വോണിന്റെ അഭിപ്രായം. വിരാട് കോഹ്‌ലി മഹാനായ കളിക്കാരനല്ല എന്ന് പറയാന്‍ നിങ്ങള്‍ക്ക് അനുവദാമില്ലാത്തുകൊണ്ടു മാത്രമാണ് വില്യംസൻ മഹാനായ കളിക്കാരനാവാതിരിക്കുന്നത്.
കോഹ്‌ലി മികച്ച താരമല്ലെന്ന് പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് കല്ലേറ് കിട്ടും. അതുകൊണ്ട് എല്ലാവരും കോഹ്‌ലി മഹാനായ കളിക്കാരനെന്ന് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ പറഞ്ഞാലെ നിങ്ങള്‍ക്ക് കൂടുതല്‍ ക്ലിക്കുകളും ലൈക്കുകളും കിട്ടുകയുള്ളു. മൂന്ന് ഫോര്‍മാറ്റിലും ആരുടെയും പിന്നിലല്ല വില്യംസന്‍റെ സ്ഥാനം. ശാന്തമായി മാന്യമായി തന്‍റെ പ്രകടനം നടത്തുന്നതുകൊണ്ട് അത് അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണെന്നും വോണ്‍ പറഞ്ഞു.
ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ എക്കാലത്തും കോഹ്‌ലിയേക്കാള്‍ മികവ് കാട്ടിയിട്ടുള്ളത് വില്യംസനാണ്. അതുകൊണ്ടുതന്നെ ഇത്തവണ കോഹ്‌ലിയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ പോവുന്നതും വില്യംസനായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്‌ലി മികച്ച പ്രകടനം നടത്തിയെങ്കിലും അതല്ലാതെ മുമ്പ് പലപ്പോഴും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും മഹാനായ കളിക്കാരുടെ നിരയിലാണ് വില്യംസന്‍റെ സ്ഥാനം. വിരാട് കോഹ്‌ലിയോളം മികച്ച കളിക്കാരനാണ് വില്യംസനും. അദ്ദേഹത്തിന് കോഹ്‌ലിയെപ്പോലെ ഇന്‍സ്റ്റഗ്രാമില്‍ പത്തു കോടി ഫോളോവേഴ്സുണ്ടായിരിക്കില്ല. അതുപോലെ കോഹ്‌ലിക്ക് ഒരു പരസ്യത്തിന് വര്‍ഷം മൂന്നോ നാലോ കോടി ഡോളര്‍ കിട്ടുന്നതു പോലെ പണം ലഭിക്കുന്നുണ്ടാവില്ല. പക്ഷെ കളിക്കളത്തിലെ പ്രകടനം നോക്കിയാല്‍ ഈ സീസണില്‍ വിരാട് കോഹ്‌ലിയെക്കാള്‍ റണ്‍സടിക്കാന്‍ പോകുന്നത് വില്യംസനായിരിക്കുമെന്നും വോണ്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates