മാഡ്രിഡ്: സ്‌പെയിന്‍ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് ലൂയീസ് എന്റിക്വെ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പരിശീലക സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പത്ര സമ്മേളനത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റൂബിയാലസ് ആണ് എന്റിക്വെ രാജി വെക്കുന്ന കാര്യം വ്യക്തമാക്കിയത്.
കുടുംബപരമായ വിഷയങ്ങളെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ സ്‌പെയിനിന്റെ അവസാനത്തെ ഏതാനും മത്സരങ്ങളില്‍ എന്റിക്വെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നില്ല. സ്ഥാനം രാജി വയ്ക്കാനുള്ള എന്റിക്വെയുടെ തീരുമാനം മാനിക്കുന്നതായി സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി.
എന്റിക്വെയുടെ പകരക്കാരനായി റോബര്‍ട്ടോ മോറെനോ ചുമതല എല്‍ക്കും. എൻറിക്വെയ്ക്ക് കീഴിൽ സ്പെയിൻ ടീമിന്റെ സഹ പരിശീലകനായിരുന്നു 41കാരനായ മൊറെനോ. എന്റിക്വെയ്ക്ക് കീഴില്‍ റോമയിലും ബാഴ്‌സലോണയിലും സഹ പരിശീലകൻ തന്നെയായിരുന്നു മൊറെനോ.
2018ലെ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂടിയായ എന്റിക്വെ സ്പാനിഷ് ടീമിന്റെ കോച്ചായി സ്ഥാനമേറ്റത്. കേവലം ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് എന്റിക്വെ സ്പാനിഷ് ടീമിനെ പരിശീലിപ്പിച്ചത്. ആകെ ഏഴ് മത്സരങ്ങളില്‍ പരിശീലകനായ അദ്ദേഹം അതില്‍ അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ തോറ്റു. ബാഴ്‌സലോണ, റോമ ടീമുകളെയും 49 കാരനായ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
റോബര്‍ട്ടോ മൊറെനോ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും എന്റിക്വെയ്ക്ക് പകരം ടീമിനെ പരിശീലിപ്പിച്ചിരുന്നു. മൂന്നിലും ടീം വിജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates