കാർഡിഫ്: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ന്യൂസിലൻഡിന് വിജയത്തുടക്കം. ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്താണ് കിവികൾ വിജയം കൊത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 136 റൺസിന് ഒതുക്കിയ ന്യൂസിലൻഡ് 16.1 ഓവറിൽ ഒറ്റ വിക്കറ്റും നഷ്ടപ്പെടുത്താതെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ എന്നിവരടങ്ങിയ ഓപണിങ് സഖ്യം അര്‍ധ സെഞ്ച്വറികള്‍ നേടി വിജയം അനായാസമാക്കി. പുറത്താകാതെ 51 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 73 റണ്‍സാണ് ഗുപ്റ്റില്‍ കണ്ടെത്തിയത്. മണ്‍റോ 47 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.
ടോസ് നേടി കിവീസ് ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. മികച്ച രീതിയിൽ ന്യൂസിലൻഡ് പന്തെറിഞ്ഞതോടെ ലങ്കൻ പോരാട്ടം 29.2 ഓവറിലാണ് 136 റൺസിൽ അവസാനിച്ചത്. മൂന്നു ലങ്കൻ താരങ്ങള്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്സിൽ ടോപ് സ്കോററായത് കഴിഞ്ഞ ലോകകപ്പിനു ശേഷം ആദ്യമായി രാജ്യാന്തര ഏകദിനം കളിക്കുന്ന ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ. ഒരറ്റത്തു വിക്കറ്റുകൾ കൊഴിയുമ്പോഴും പൊരുതിനിന്ന ക്യാപ്റ്റൻ ലങ്കയ്ക്കായി നേടിയത് വിലപ്പെട്ട 52 റൺസ്. ന്യൂസീലൻഡ് ബോളർമാരുടെ ക്ഷമ പരീക്ഷിച്ച കരുണരത്‌നെ, 84 പന്തിൽ നാല് ബൗണ്ടറി സഹിതമാണ് 52 റൺസെടുത്തത്.
കരുണരത്‌നെയ്ക്കു പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് രണ്ട് പേർ. 24 പന്തിൽ നാല് ബൗണ്ടറി സഹിതം 29 റൺസെടുത്ത കുശാൽ പെരേരയും 23 പന്തിൽ രണ്ടു സിക്സ് സഹിതം 27 റൺസെടുത്ത തിസാര പെരേരയും. അങ്ങനെ ലങ്കൻ ഇന്നിങ്സിൽ ആകെ പിറന്ന രണ്ട് സിക്സുകളും പെരേരയുടെ വകയായി.
60 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമാക്കിയ ശ്രീലങ്കയ്ക്ക് താങ്ങായത് ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ രണ്ടു പെരേരമാർക്കൊപ്പം പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ്. ആദ്യ പന്ത് ബൗണ്ടറി കടത്തി മിന്നുന്ന തുടക്കമിട്ട ലഹിരു തിരിമാന്നെ രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങിയ ശേഷം രണ്ടാം വിക്കറ്റിൽ കരുണരത്‌നെ- കുശാൽ പെരേര സഖ്യം കൂട്ടിച്ചേർത്തത് 42 റൺസാണ്. പിന്നീട് കൂട്ടത്തകർച്ച നേരിട്ട ശ്രീലങ്ക ആറിന് 60 റൺസ് എന്ന നിലയിലേക്കു പതിച്ചു.
ഇവിടെയും രക്ഷകനായത് മറ്റൊരു പെരേര. ആക്രമിച്ചു കളിച്ച തിസാര പെരേരയ്ക്കൊപ്പം ഏഴാം വിക്കറ്റിൽ കരുണരത്‌നെ കൂട്ടിച്ചേർത്തത് 52 റൺസ്. ലങ്കൻ ഇന്നിങ്സിലെ ഏക അർധ സെഞ്ച്വറി കൂട്ടുകെട്ട്. ഒടുവിൽ തിസാര പെരേരയെ ട്രെന്റ് ബോൾട്ടിന്റെ കൈകളിലെത്തിച്ച് മിച്ചൽ സാന്റ്നറാണ് കൂട്ടുകെട്ടു പൊളിച്ചത്.
മത്സരത്തിൽ ആദ്യ ഓവറിൽത്തന്നെ ശ്രീലങ്കയ്ക്ക് ഒന്നാം വിക്കറ്റ് നഷ്ടമായി. ഓപ്പണർ ലഹിരു തിരിമാന്നെയാണ് പുറത്തായത്. ഇന്നിങ്സിലെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയ തിരിമാന്നെയെ രണ്ടാം പന്തിൽ മാറ്റ് ഹെൻറി എൽബിയിൽ കുരുക്കി. കുശാൽ പെരേര ആക്രമിച്ചു കളിച്ചെങ്കിലും തുടർച്ചയായ പന്തുകളിൽ വിക്കറ്റെടുത്ത് ഹെൻറി വീണ്ടും ശ്രീലങ്കയെ ഞെട്ടിച്ചു. മികച്ച തുടക്കം ലഭിച്ച കുശാൽ പെരേര 24 പന്തിൽ നാലു ബൗണ്ടറി സഹിതം 29 റൺസുമായി കോളിൻ ഗ്രാൻഡ്ഹോമിനു വിക്കറ്റ് സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ കുശാൽ മെൻഡിസിനെ ഹെൻറി ഗോൾഡൻ ഡക്കാക്കി.
13 പന്തിൽ ഒരേയൊരു ബൗണ്ടറി സഹിതം നാല് റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ ലോക്കി ഫെർഗൂസൻ എൽബിയിൽ കുരുക്കിയതോടെ നാലിന് 54 റണ്‍സ് എന്ന നിലയിലായി അവർ. അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശ്രീലങ്കയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടം. ഒൻപതു പന്തു നേരിട്ട് അക്കൗണ്ട് തുറക്കാനാകാതെ മുൻ നായകൻ ആഞ്ചലോ മാത്യൂസ് പുറത്തായി. വിക്കറ്റ് കീപ്പർ ടോം ലാത്തം ക്യാച്ചെടുത്തു. തന്റെ അടുത്ത വരവിൽ ജീവൻ മെൻഡിസിനെയും ഫെർഗൂസൻ തന്നെ പുറത്താക്കി. നാലു പന്തു നേരിട്ട് ഒരു റണ്ണെടുത്ത മെൻഡിസിനെ ജയിംസ് നീഷാം ക്യാച്ചെടുത്തു മടക്കി.
പിന്നീടായിരുന്നു ലങ്കൻ ഇന്നിങ്സിലെ ഏറ്റവും ദൈർഘ്യമേറിയ കൂട്ടുകെട്ട്. 8.2 ഓവർ (50 പന്ത്) ക്രീസിൽ നിന്ന കരുണരത്‌നെ – തിസാര പെരേര സഖ്യം കൂട്ടിച്ചേർത്തത് 52 റൺസ്. പെരേര ആക്രമിച്ചു കളിച്ചപ്പോൾ കരുണരത്‌നെ പതിവുപോലെ ക്ഷമയുടെ ആൾരൂപമായി. എന്നാൽ സ്കോർ 112ൽ നിൽക്കെ പെരേരയെ മിച്ചൽ സാന്റ്നർ പുറത്താക്കി. 23 പന്തിൽ രണ്ട് സിക്സ് സഹിതം 27 റണ്‍സായിരുന്നു സമ്പാദ്യം.
ഉഡാനയും അക്കൗണ്ടു തുറക്കും മുൻപേ ജിമ്മി നീഷാമിനു വിക്കറ്റ് സമ്മാനിച്ചെങ്കിലും സുരംഗ ലക്മലിനെ സാക്ഷിനിർത്തി കരുണരത്‌നെ അർധ സെഞ്ച്വറി പൂർത്തിയാക്കി. 81 പന്തിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെയാണ് കരുണരത്‍നെ 50 എത്തിയത്. അധികം വൈകാതെ ലക്മലിനെ (13 പന്തിൽ ഏഴ്) ബോൾട്ടും ലസിലത് മലിംഗയെ (ഒന്ന്) ലോക്കി ഫെർഗൂസനും പുറത്താക്കിയതോടെ ലങ്കൻ ഇന്നിങ്സിനു വിരാമം. അപ്പോഴും ക്യാപ്റ്റന്റെ ഇന്നിങ്സുമായി കരുണരത്‍നെ പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഫീൽഡിങ് തിരഞ്ഞെടുത്തു. ഏഴ് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി ശ്രീലങ്കയുടെ ആദ്യ മൂന്ന് വിക്കറ്റുകളും പോക്കറ്റിലാക്കിയ മാറ്റ് ഹെൻറി, 6.3 ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസൻ എന്നിവരാണ് കിവീസിനായി കസറിയത്. കോളിൻ ഗ്രാൻഡ്ഹോം, ജിമ്മി നീഷാം, മിച്ചൽ സാന്റ്നർ, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates