അങ്കാറ: കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും കരുതിയ അഞ്ച് വയസുകാരനായ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുർക്കി ഫുട്ബോൾ താരം. മകനെ താൻ തന്നെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഫുട്ബോൾ താരമായ സെവ്ഹർ ടോക്ടാസ് വെളിപ്പെടുത്തി.
കോവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാസിന്റെ മകൻ കാസിം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടോക്ടാസും മകനൊപ്പം ഐസൊലേഷനിലായിരുന്നു. കാസിം മരിച്ച് 11ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാസ് രംഗത്തെത്തിയത്. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു.
തുർക്കിയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗായ ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് 32കാരനായ ടോക്ടാസ്. നിലവിൽ തുർക്കിയിലെ പ്രാദേശിക ലീഗിൽ ബുർസ യിൽഡിരിംസ്പോറിനു വേണ്ടിയാണ് ടോക്ടാസ് കളിക്കുന്നത്.
കഴിഞ്ഞ മാസമാണ് ചുമയും കടുത്ത പനിയുമായി മകനെ ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് 19 സംശയിച്ച് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. അന്നു വൈകീട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാസ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കാസിമിനെ ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. കാസിം മരിച്ച് ദിവസങ്ങൾക്കു ശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
പിന്നാലെയാണ് താൻ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടോക്ടാസ് രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ടോക്ടാസ് കൊലപാതക കുറ്റം ഏറ്റത്. മകന് അഞ്ച് വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്നും ടോക്ടാസ് പൊലീസിനോടു വെളിപ്പെടുത്തി.
‘കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ അതേപടി പിടിച്ചു. ആ സമയം അവൻ ശ്വാസത്തിനു വേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഞാൻ തലയിണ മാറ്റിയത്. അതിനുശേഷം എന്നെ സംശയിക്കാതിരിക്കാൻ കാസിമിന് ശ്വാസ തടസം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു’ – ടോക്ടാസ് വെളിപ്പെടുത്തി.
തന്റെ ഇളയ മകനായ കാസിമിനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ നിക്കായിട്ടില്ലെന്നും ടോക്ടാസ് പറഞ്ഞു. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം അറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം തനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ തനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ലെന്നും ടോക്ടാസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുറ്റബോധം തോന്നിയെന്നും അതു സഹിക്കാനാകാത്തതുകൊണ്ടാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും മൊഴിയിലുണ്ട്.
ടോക്ടാസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാസിമിന്റെ മൃതദേഹം ഖബറിൽ നിന്നെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates