ക്രിക്കറ്റ് എന്ന ലക്ഷ്യവുമായി നാടുവിട്ട് മുംബൈയിലെത്തി. പാനിപ്പൂരി വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ ശ്രമം. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്കെത്തിച്ചു. ഇപ്പോഴിതാ, ഐപിഎല്ലിലൂടെ കോടീശ്വരന്‍. രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ യശസ്വി ജയ്‌സ്വാളിന്റെ കഥയാണ് ഇത്. 2.40 കോടി രൂപയ്ക്കാണ് യശസ്വി ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്.
യശസ്വിയെ കൂടാതെ, ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയിട്ടില്ലാത്ത ഏതാനും താരങ്ങള്‍ ലേലത്തില്‍ കോടികള്‍ വാരുകയുണ്ടായി... ലെഗ് ബ്രേക്ക് ബൗളര്‍ രവി ബിഷ്‌ണോയ്, അണ്ടര്‍ 19 ലോകകപ്പ് ടീം അംഗം വിരാട് സിങ്, ഇന്ത്യയുടെ അണ്ടര്‍ 19 നായകന്‍ പ്രിയം ഗാര്‍ഗ്, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് അവര്‍.
യശസ്വി ജയ്‌സ്വാല്‍
യശസ്വിയുടെ കഥ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അറിഞ്ഞു വരികയാണ്..2015ല്‍ 319 റണ്‍സ് നേടി പുറത്താവാതെ നിന്ന്, അതേ കളിയില്‍ 99 റണ്‍സ് വഴങ്ങി 13 വിക്കറ്റ് വീഴ്ത്തിയാണ് യശസ്വി റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേരെഴുതി ചേര്‍ക്കുന്നത്. ഇതോടെ, ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയിലേക്ക് ക്രിക്കറ്റ് പഠിക്കാനായി നാടുവിട്ടെത്തിയ ചെക്കന്റെ കഥ പരക്കാന്‍ തുടങ്ങി.
ഈ സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ യശസ്വിയുടെ മിന്നും പ്രകടനം വന്നിരുന്നു. 154 പന്തില്‍ നിന്നാണ് 12 സിക്‌സിന്റേയും 17 ഫോറിന്റേയും അകമ്പടിയോടെ പതിനേഴുകാരന്‍ 203 റണ്‍സ് നേടിയത്.
രവി ബിഷ്‌നോയ്
രണ്ട് കോടി രൂപയ്ക്കാണ് ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം അംഗം രവി ബിഷ്‌നോയിയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. ബിഷ്‌നോയുടെ അടിസ്ഥാന വിലയുടെ പത്തിരട്ടിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നല്‍കിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരം മാത്രമാണ് ഈ ലെഗ് ബ്രേക്ക് ബൗളര്‍ കളിച്ചത്. പക്ഷേ 12 വിക്കറ്റ് വീഴ്ത്തി. അതും 4.37 എന്ന ഇക്കണോമിയില്‍.
ഈ വര്‍ഷം സെപ്തംബറില്‍ മാത്രമാണ് ബിഷ്‌നോയ് ലിസ്റ്റ് എയില്‍ അരങ്ങേറിയത്. അരങ്ങേറ്റം കുറിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ താരത്തിന് ദേവ്ധര്‍ ട്രോഫിക്കായി ഇന്ത്യ എയിലേക്ക് വിളിയെത്തി.
വിരാട് സിങ്
ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ അംഗമായ വിരാട് സിങ്ങിനെ 1.9 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ടീമിലെടുത്തത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 343 റണ്‍സ് സ്‌കോര്‍ ചെയ്തതാണ് വിരാട്ടിലേക്ക് ഫ്രാഞ്ചൈസികളുടെ ശ്രദ്ധ എത്തിച്ചത്.
പ്രിയം ഗാര്‍ഗ്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക പ്രിയം ഗാര്‍ഗ് ആണ്. 1.5 കോടി രൂപയ്ക്കാണ് ഉത്തര്‍പ്രദേശ് താരത്തെ സണ്‍റൈസേഴ്‌സ് ടീമിലെടുത്തത്. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ തന്നെ ഇരട്ട ശതകത്തിലേക്ക് പ്രിയം ഗാര്‍ഗ് എത്തിയിരുന്നു. മാത്രമല്ല, ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 814 റണ്‍സും കുട്ടിത്താരം നേടി.
കാര്‍ത്തിക് ത്യാഗി
അണ്ടര്‍ 19 താരമായ കാര്‍ത്തിക് ത്യാഗിയെ 1.3 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടില്‍ നടന്ന യൂത്ത് ഏകദിന പരമ്പരയില്‍ അഞ്ച് കളിയില്‍ നിന്ന് കാര്‍ത്തിക് 9 വിക്കറ്റ് വീഴ്ത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ അണ്ടര്‍ 19 പരമ്പരയില്‍ മൂന്ന് കളിയില്‍ നിന്ന് ആറ് വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates