മെല്‍ബണ്‍ : ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തു. എട്ടു റണ്‍സെടുത്ത ഹനുമ വിഹാരിയാണ് പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് ക്യാച്ചെടുത്താണ് വിഹാരി പുറത്തായത്.
ഇന്ത്യന്‍ ഇന്നിംഗ് ഓപ്പണ്‍ ചെയ്തത് അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാളും ഹനുമ വിഹാരിയും ചേര്‍ന്നാണ്. ശ്രദ്ധാപൂര്‍വമാണ് ഇരുവരും ബാറ്റിംഗ് തുടങ്ങിയത്. എന്നാല്‍ പതിനെട്ടാമത്തെ ഓവറില്‍ കമ്മിന്‍സിന്റെ പന്തില്‍ വിഹാരിയുടെ ശ്രദ്ധ പതറി.
ഇന്ത്യന്‍ നിരയില്‍ മായങ്കിന് പുറമെ, ജഡേജയും രോഹിത് ശര്‍മ്മയും തിരിച്ചെത്തി. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക് അഗര്‍വാള്‍. പരമ്പരയില്‍ ഇതുവരെ താളം കണ്ടെത്താത്ത ഓപ്പണര്‍മാരായ മുരളി വിജയിനെയും കെ എല്‍ രാഹുലിനെയും ഇന്ത്യ ഒഴിവാക്കിയിരുന്നു. അതേസമയം ഓസീസ് നിരയില്‍ ഒരുമാറ്റമുണ്ട്. ഹാന്‍ഡ്കോമ്പിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി.
ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ ആർച്ചി ഷില്ലറും ഓസീസ് ടീമിന്റെ സഹനായകനായി. ടോസ് ഇടാൻ നായകൻ ടിം പെയ്നൊപ്പം ഷില്ലറും എത്തിയിരുന്നു. ഹൃദയത്തിന് ഗുരുതര രോഗം ബാധിച്ച് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ആർച്ചിയുടെ ആഗ്രഹമായിരുന്നു ഓസീസ് ടീമംഗമാകുക എന്നത്. 'മേക്ക് എ വിഷ് ഓസ്ട്രേലിയ'യുടെ അംഗങ്ങളാണ് ആര്‍ച്ചിയെ കണ്ടെത്തി, ക്യാപ്റ്റനാവണമെന്നുള്ള മോഹം സാക്ഷാത്കരിച്ച് കൊടുത്തത്.
ഒന്നാം ടെസ്റ്റിൽ 31 റൺസിന് ജയം ഇന്ത്യക്കൊപ്പമായിരുന്നെങ്കിൽ, പെർത്തിലെ പേസ് പിച്ചിൽ ഓസീസ് 146 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പരയിലേക്ക് തിരിച്ചെത്തി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരുവരും ഇപ്പോൾ 1-1ന് സമാസമത്തിലാണ്. ഇതോടെ മെല്‍ബണിൽ വിജയം നേടുന്ന ടീമിന് പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates