മലപ്പുറം: കേരളത്തിലെ ഐലീഗ് പ്രതീക്ഷയായ ഗോകുലം എഫ്‌സിയുടെ ഹോം ഗ്രൗണ്ടായി മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഉറപ്പായി. മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലും ഗോകുലം എഫ്‌സി അധികൃതരും മലപ്പുറം ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഗോകുലം എഫ്‌സിക്കു സൗകര്യമൊരുക്കുമെന്ന് ഉറപ്പായത്.
ഐ ലീഗ് മത്സരങ്ങള്‍ക്കായി ഗ്രൗണ്ട് സജ്ജമാക്കി ഒരുമാസത്തിനകം ഗോകുലം എഫ്‌സിക്കു പയ്യനാട് സ്റ്റേഡിയം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ക്കു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉറപ്പ് നല്‍കി. ഇതോടെ, മഞ്ചേരിയിലേക്ക് വീണ്ടും ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ വിരുന്നത്തുമെന്ന ആവേശത്തിലാണ് ആരാധകര്‍.
മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം എഫ്‌സി നിലവില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. അടുത്ത മാസത്തോടെ പരിശീലനം പയ്യനാട് സ്റ്റേഡിയത്തിലേക്കു മാറ്റും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഇടപെടല്‍ മൂലം പയ്യനാട് സ്റ്റേഡിയം നേരത്തെ ഗോകുലം എഫ്‌സിക്കു വിട്ടുനല്‍കിയിരുന്നില്ല.
കോട്ടപ്പടി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ഒരു വര്‍ഷത്തേക്ക് ഗോകുലം എഫ്‌സി കരാറിലെത്തിയിരുന്നു. ഈ കരാറില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലുള്ള മഴമുന്‍നിര്‍ത്തി ഗ്രൗണ്ട് അടച്ചിടുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ കാലയളവില്‍ ഗ്രൗണ്ടിനു ക്ലബ്ബ് വാടക നല്‍കേണ്ടയെന്നുമുണ്ടായിരുന്നു.
പിന്നീട്, കേരള പ്രീമിയര്‍ ലീഗിന്റെ സമയത്ത് തൃശൂരിലേക്ക് പരിശീലനം മാറ്റിയ ഗോകുലം എഫ്‌സിയുടെ നീക്കം മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനെ ചൊടിപ്പിച്ചു. ഇതോടൊപ്പം, അടുത്ത ജില്ലയായ കോഴിക്കോട്ടേക്കു ഗോകുലം എഫ്‌സി മാറുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഗോകുലം എഫ്‌സി കോഴിക്കോട്ടേക്കു സ്ഥലം മാറുകയാണെങ്കില്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം സൗജന്യമായി പരിശീലനത്തിനു നല്‍കാമെന്ന് കോഴിക്കോട് സ്‌പോര്‍ട്‌സ് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മലപ്പുറത്തിന്റെ ഫുട്‌ബോള്‍ വേരോട്ടം ഒഴിവാക്കി എങ്ങോട്ടുമില്ലെന്ന് ഗോകുലം നിലപാടെടുക്കുകയായിരുന്നു.
മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരേ വാര്‍ത്തകള്‍ വന്ന പശ്ചാതലത്തില്‍ കോട്ടപ്പടി സ്റ്റേഡിയവും ഗോകുലം എഫ്‌സിക്കു നിഷേധിച്ചു. തങ്ങള്‍ക്കെതിരേ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു കാണിച്ചു ക്ലബ്ബ് ഔദ്യോഗിക വാര്‍ത്താകുറിപ്പിറക്കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെ ക്ലബ്ബിന്റെ ഉടമയായ ഗോകുലം ഗോപാലന്‍ കായിക മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. അതിനു ശേഷമാണ് പയ്യനാട് സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചത്.
ഈ സീസണിലെ ഐ ലീഗിലേക്ക് പുതിയ രണ്ട് ടീമുകള്‍ക്കുവേണ്ടി അധികൃതര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. നാല് ക്ലബ്ബുകളാണ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിഗണനയിലുള്ളത്. കേരളത്തില്‍ നിന്ന് ഗോകുലം എഫ്.സിയും ബംഗളൂരുവില്‍ നിന്ന് ഓസോണ്‍ എഫ്‌സിയും താല്‍പര്യം പ്രകടിപ്പിച്ച് എ.ഐ.എഫ്.എഫിന്റെ ലേല കമ്മിറ്റി്ക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ടീമുകളുടെ കാര്യത്തില്‍ ഈ മാസം 18നായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates