Sports

മുഹമ്മദ് സലയ്ക്ക് ചെയ്ത വോട്ടുകള്‍ വീണത് മെസിക്ക്! അവിടെയും അട്ടിമറിയെന്ന് ആരോപണം; വിവാദം

മെസിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ വോട്ടെടുപ്പ് അട്ടിമറിച്ചെന്നാണ് ഉയരുന്ന ആരോപണം

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: കഴിഞ്ഞ ദിവസമാണ് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം 'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരം അര്‍ജന്റീനയുടെ ബാഴ്‌സലോണ ഇതിഹാസമായ ലയണല്‍ മെസിക്ക് ലഭിച്ചത്. ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡെയ്ക്കിനേും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 

പുരസ്‌കാരം നല്‍കുന്നതിനുള്ള വോട്ടിങ് രീതി സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍. മെസിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ വോട്ടെടുപ്പ് അട്ടിമറിച്ചെന്നാണ് ഉയരുന്ന ആരോപണം. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും സുഡാന്‍ കോച്ച് ദ്രാവ്‌കോ ലുഗാരിസിച്ചും നിക്കാരഗ്വ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയുമാണ് ഫിഫയുടെ ബാലറ്റ് വോട്ടെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. 

ദേശീയ ടീം കോച്ച് ഷൗക്കി ഗരീബിന്റെയും ക്യാപ്റ്റന്‍ അഹമ്മദിന്റെയും വോട്ടുകള്‍ എന്തുകൊണ്ട് കണക്കിലെടുത്തില്ലെന്ന് ഫിഫ വ്യക്തമാക്കണമെന്നാണ് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും വോട്ടുകള്‍ ഫിഫയുടെ ഔദ്യോഗിക വോട്ടിങ് പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടില്ല. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കായിരുന്നു ഇരുവരുടെയും വോട്ടുകള്‍.

സലയ്ക്ക് അനുകൂലമായി ഈജിപ്ത് ചെയ്ത വോട്ടുകള്‍ അസാധുവായതില്‍ പ്രതിഷേധിച്ച് ട്വിറ്ററിലെ തന്റെ പ്രൊഫൈലിനൊപ്പമുള്ള ഈജിപ്ത് എന്നത് സല ഒഴിവാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സല രാജ്യത്തെ ഫുട്‌ബോള്‍ അസോസിയേഷനുമായി ഇടയുന്ന ഘട്ടം വരെ കാര്യങ്ങളെത്തി. 

എന്നാല്‍ ഈജിപ്ഷ്യന്‍ ബാലറ്റുകളിലെ ഒപ്പുകള്‍ വലിയ അക്ഷരത്തിലായതും വോട്ടിങ് ഫോമുകളില്‍ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതുമാണ് ഈജിപ്തിന്റെ വോട്ടുകള്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണമായി ഫിഫ വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള വോട്ടുകള്‍ അസാധുവായി കണക്കാക്കുമെന്നും ഫിഫ മറുപടിയില്‍ പറയുന്നു.

ഇതിനു പിന്നാലെ സുഡാന്‍ കോച്ച് ദ്രാവ്‌കോ ലുഗാരിസിച്ചും നിക്കാരഗ്വ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയും തങ്ങള്‍ വോട്ടു ചെയ്തവരുടെ പേരല്ല ഫിഫ പുറത്തുവിട്ട ഔദ്യോഗിക വോട്ടിങ് പട്ടികയിലുള്ളതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. മുഹമ്മദ് സലായ്ക്കാണ് ആദ്യ വോട്ട് നല്‍കിയത്. എന്നാല്‍ ഫിഫയുടെ വോട്ടിങ് രേഖയില്‍ തന്റെ ആദ്യ വോട്ട് മെസിക്കാണെന്നാണ് കാണുന്നതെന്ന് ലുഗാരിസിച്ച് ചൂണ്ടിക്കാട്ടി.

താന്‍ മെസിക്ക് വോട്ടേ ചെയ്തിട്ടില്ലെന്നാണ് യുവാന്‍ ബരേര പറയുന്നത്. എന്നാല്‍ മെസിക്ക് വോട്ടു ചെയ്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ തന്റെ പേരു കണ്ട് ഞെട്ടിപ്പോയെന്നും ബരേര കൂട്ടിച്ചേര്‍ത്തു.

ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, ഓരോ രാജ്യത്തു നിന്ന് തിരഞ്ഞെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പുരസ്‌കാര വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്.

46 വോട്ടുകള്‍ നേടിയാണ് മെസി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജിന്‍ വാന്‍ ഡെയ്ക്കിന് 38 വോട്ടുകളും റൊണാള്‍ഡോയ്ക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്ക് ലഭിച്ചത് 26 വോട്ടുകള്‍ മാത്രമാണ്. ലിവര്‍പൂള്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതോടെ സലാ പുരസ്‌കാരം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT