പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കും ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിനും ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനും ഉജ്ജ്വല വിജയം. മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ വീഴ്ത്തി. ബൊറൂസിയ ഡോര്‍ട്മുണ്ട് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്‍ സ്പാനിഷ് ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനേയും ലിവര്‍പൂള്‍ ഇതേ സ്‌കോറിന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനേയും പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍- നാപോളി, പിഎസ്‌വി ഐന്തോവന്‍- ടോട്ടനം ഹോട്‌സ്പര്‍ മത്സരങ്ങള്‍ 2-2നും ക്ലബ് ബ്രുഗ്ഗെ- മൊണാക്കോ പോരാട്ടം 1-1നും ഗലാത്സരെ- ഷാല്‍കെ മത്സരം ഗോള്‍രഹിതമായും സമനിലയില്‍ പിരിഞ്ഞു. ലോക്കോമോട്ടിവ് മോസ്‌ക്കോയെ 3-1ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ടീം പോര്‍ട്ടോയും വിജയം സ്വന്തമാക്കി.
സൂപ്പർ താരവും നായകനുമായ ലയണൽ മെസിയുടെ അഭാവം ബാഴ്സലോണയുടെ വിജയത്തിന് തടസമായില്ല. ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ നൗകാമ്പിൽ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഗോൾ രണ്ട് മാത്രമെ പിറന്നുള്ളൂ എങ്കിലും തികച്ചും ഏകപക്ഷീയമായ പ്രകടനമായിരുന്നു ബാഴ്സലോണയുടേത്. സുവാരസ് ഇന്ന് മികച്ച ഫോമിലേക്ക് ഉയർന്നത് അവരുടെ മുന്നേറ്റത്തിന് തുണയായി.
ആദ്യ പകുതിയിൽ റഫീഞ്ഞയാണ് ബാഴ്സയ്ക്കായി ആദ്യ ഗോൾ നേടിയത്. 32ാം മിനുട്ടിൽ സുവാരസിന്റെ ഒരു അമ്പരപ്പിക്കുന്ന പാസിൽ നിന്നായിരുന്നു റഫീഞ്ഞയുടെ ഗോൾ. രണ്ടാം പകുതിൽ ജോർദി ആൽബ ബാഴ്സയുടെ രണ്ടാം ഗോൾ നേടി. 83ാം മിനുട്ടിൽ റാകിറ്റിചിന്റെ പാസിൽ നിന്നായിരുന്നു ആൽബയുടെ ഗോൾ. ജയത്തോടെ ബാഴ്സയ്ക്ക് മൂന്നിൽ മൂന്ന് വിജയമായി.
വമ്പന്മാരുടെ പോരാട്ടത്തിൽ ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് സ്വന്തം തട്ടകത്തിൽ മിന്നും വിജയം പിടിച്ചെടുത്തു. സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ജർമ്മൻ ലീഗിലെ തങ്ങളുടെ ഫോം ചാമ്പ്യൻസ് ലീഗിലും ക്ലബ് പുറത്തെടുത്തു. ആദ്യ പകുതിയിൽ വിറ്റ്സലിന്റെ ഏക ഗോളിലാണ് ബൊറൂസിയ മുന്നിൽ നിന്നത്. എന്നാൽ രണ്ടാം പകുതിയിൽ ആ വിടവ് വലുതായി. സിമിയോണിയുടെ ഡിഫൻസിന് പേരുകേട്ട ടീമിനെ ഡോർട്മുണ്ടിന്റെ യുവനിര കീറിമുറിച്ചു. ഗുരേരോയുടെ ഇരട്ട ഗോളുകളും സാഞ്ചൊയുടെ ഒരു ഗോളുമാണ് രണ്ടാം പകുതിയിൽ പിറന്നത്. യുവ താരം അഷ്റഫ് ഹകിമി മൂന്ന് അസിസ്റ്റുമായി ഡോർട്മുണ്ടിനായി കളം നിറഞ്ഞു കളിച്ചു. ഒൻപത് പോയിന്റുമായി ഡോർട്മുണ്ട് തന്നെയാണ് ലീഗിൽ ഒന്നാമത്.
മുഹമ്മദ് സലയുടെ ഇരട്ട ഗോളുകളുടെ മികവിൽ കത്തിക്കയറിയ ലിവർപൂൾ ഇരു പകുതികളിലായി നേടിയ രണ്ട് ഗോളുകളുടെ ബലത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് റെഡ് സ്റ്റാറിനെ തകർത്തുവിട്ടത്. കളിയുടെ 20ാം മിനുട്ടിൽ റോബർട്ടോ ഫിർമിനോയിലൂടെ ലിവർപൂൾ മുന്നിലെത്തി. 45ാം മിനുട്ടിൽ മുഹമ്മദ് സല തന്റെ ആദ്യ ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയർത്തു. രണ്ടാം പകുതി തുടങ്ങി 51ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി സല മൂന്നാം ഗോളും സ്കോർ ബോർഡിലെത്തിച്ചു. 80ാം മിനുട്ടിൽ സാദിയോ മാനെ ചെമ്പടയുടെ പട്ടിക പൂർത്തിയാക്കി.
പരിശീലക റോളിൽ ആദ്യ ജയത്തിനായുള്ള തിയറി ഹെൻറിയുടെ കാത്തിരിപ്പ് തുടരും. ചാമ്പ്യൻസ് ലീഗിൽ ഹെൻറിയുടെ മൊണാക്കോയെ ക്ലബ്ബ് ബ്രുഗെ സമനിലയിൽ തളച്ചു. ഫ്രഞ്ച് ലീഗിൽ തോൽവിയോടെ ആരംഭിച്ച ഹെൻറിക് ചാമ്പ്യൻസ് ലീഗിൽ തോൽവി ഒഴിവാക്കാൻ ആയെങ്കിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. ഇന്നത്തെ സമനിലയോടെ മൊണാക്കോ ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ആദ്യ പകുതിയിൽ 31ാം മിനുട്ടിൽ 18 വയസുകാരൻ സ്‌ട്രൈക്കർ മൂസ സില്ലയുടെ ഗോളിൽ ഹെൻറിയുടെ ടീം ലീഡ് നേടിയെങ്കിലും അത് ഏറെ നേരം നില നിർത്താൻ അവർക്കായില്ല. 39 ആം മിനുട്ടിൽ വെസ്ലിയിലൂടെ എതിരാളികൾ സമനില പിടിച്ചു.
പിഎസ്‌വി ഐന്തോവനെ നേരിട്ട ടോട്ടനത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2-1 എന്ന നിലയിൽ വിജയിച്ചു നിൽക്കെ ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ചുവപ്പ് കാർഡ് കണ്ട് കളം വിട്ടത് ടോട്ടനമിന്റെ താളം തെറ്റിച്ചു. തുടക്കത്തിൽ ഡച്ച് ടീം ലീഡ് എടുത്തു. എന്നാൽ മികച്ച തിരിച്ചുവരവിലൂടെ ടോട്ടനം മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 39ാം മിനുട്ടിൽ ലുകാസ് മോറയിൽ 55ാം മിനുട്ടിൽ ഹാരി കെയ്നും വല കുലുക്കി സ്കോർ 2-1 എന്നാക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം അവർ സ്വന്തമാക്കുമെന്ന് കരുതി. എന്നാൽ ലോറിസ് വരുത്തിവച്ച ഒരു നിമിഷത്തെ അബദ്ധം അവരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി. 79ാം മിനുട്ടിൽ ടു ഫൂട്ടഡ് ചലഞ്ചിലൂടെ ലൊസാനോയെ വീഴ്ത്തിയതിനാണ് ലോറസിന് ചുവപ്പ് കാർഡ് കിട്ടിയത്. പത്ത് പേരായി ചുരുങ്ങിയ സ്പർസിനെതിരെ 86ാം മിനുട്ടിൽ എെന്തോവൻ സമനില പിടിച്ചു. ക്യാപ്റ്റൻ ഡി യോങ് ആയിരുന്നു സമനില ഗോൾ നേടിയത്. കളി 2-2 എന്ന നിലയിൽ അവസാനിച്ചതോടെ ടോട്ടനത്തിന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates