ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ ചട്ടങ്ങള്‍ ലംഘിച്ച് ലൈംഗിക തൊഴിലാളികളുമായി പാർട്ടി നടത്തി മാഞ്ചസ്റ്റർ സിറ്റി താരം കെയ്ൽ വാൽക്കർ വെട്ടിലായി. സംഭവം വിവാദമായതോടെ താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. എന്നാൽ താരത്തിനെതിരെ കടുത്ത അച്ചടക്ക നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ സിറ്റി അധികൃതർ വ്യക്തമാക്കി. ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. രാജ്യം വൈറസിനെതിരെ പോരാടുന്നു. ഈയൊരു അവസ്ഥയിൽ വാൽക്കറിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തി ശരിയായില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ലോക്ഡൗൺ ചട്ടങ്ങൾ കാറ്റിൽപ്പറത്തി വാൽക്കർ ചെഷയറിലെ തന്റെ വസതിയിൽ പാർട്ടി നടത്തിയ വിവരം ബ്രിട്ടനിലെ സൺ ദിനപ്പത്രമാണ് പുറത്തുവിട്ടത്. വാൽക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പണം നൽകി രണ്ട് ലൈംഗിക തൊഴിലാളികളെ വീട്ടിലെത്തിച്ചെന്നാണ് സൺ റിപ്പോർട്ട് ചെയ്തത്.
ക്രിമിനോളജി വിദ്യാർഥി കൂടിയായ 21കാരി എസ്കോർട്ട് ലൂയിസ്, 24 വയസുള്ള ഒരു ബ്രസീലുകാരി എന്നിവരാണ് വാൽക്കറിന്റെ ഫ്ലാറ്റിലെത്തിയത്. രാത്രി 10.30ന് എത്തിയ ഇരുവരും പുലർച്ചെ രണ്ട് മണിയോടെയാണ് ഇവിടെ നിന്ന് മടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. അവിടെ വച്ച് ലൂയിസ് പകർത്തിയ വാൽക്കറിന്റെ അടിവസ്ത്രം മാത്രം ധരിച്ചുള്ള ചിത്രവും സൺ പ്രസിദ്ധീകരിച്ചു.
ഈ സംഭവത്തിനു തൊട്ടുമുൻപ് ലോക്ഡൗണിൽ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വാൽക്കർ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ ബോധവത്കരിച്ചിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി വാൽക്കർ രംഗത്തെത്തി.
‘കഴിഞ്ഞയാഴ്ച എന്റെ ഭാഗത്തു നിന്നുണ്ടായ ഒരു നടപടി ഇന്നത്തെ ഒരു ടാബ്ലോയ്ഡ് പത്രത്തിൽ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള കഥകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒരു പ്രഫഷനൽ ഫുട്ബോൾ താരമെന്ന നിലയിൽ സമൂഹത്തിനു മാതൃകയാകേണ്ടത് എന്റെ കർത്തവ്യമാണെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതിന് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഫുട്ബോൾ ക്ലബിനോടും എന്നെ പിന്തുണയ്ക്കുന്നവരോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു’.
‘ഈ സന്ദിഗ്ധ ഘട്ടത്തിൽ സമൂഹത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുന്ന യഥാർഥ നായകൻമാർ ഒരുപാടുണ്ട്. അവരെ പിന്തുണയ്ക്കാനും ജീവൻ പോലും പണയം വച്ചുള്ള അവരുടെ പ്രവർത്തനങ്ങളെ സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുമുള്ള ഉദ്യമങ്ങളിലായിരുന്നു കഴിഞ്ഞ ഒരാഴ്ച ഞാൻ. പക്ഷേ എന്റെ ഈ പ്രവർത്തി ഇതുവരെ ഞാൻ ചെയ്തു വന്ന കാര്യങ്ങളോടു നീതി പുലർത്തുന്നില്ല എന്ന് മനസിലാക്കുന്നു. എങ്കിലും ഒരു കാര്യം ആവർത്തിച്ച് പറയട്ടെ. എല്ലാവരും വീടുകളിൽ തുടരുക, സുരക്ഷിതരായിരിക്കുക’- വാൽക്കർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates