Sports

സുവര്‍ണ നേട്ടം തുടര്‍ച്ചയായി അഞ്ചാം തവണയും; അഭിമാനമായി വനിതാ റിലേ ടീം; പുരുഷ വിഭാഗത്തില്‍ വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിത ടീം സ്വര്‍ണവും പുരുഷ ടീം വെള്ളിയും നേടി

Author : സമകാലിക മലയാളം ഡെസ്ക്


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിത ടീം സ്വര്‍ണവും പുരുഷ ടീം വെള്ളിയും നേടി. മലയാളി താരം വിസ്മയ ഉള്‍പ്പെട്ട ടീമാണ് റിലേയില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയത്. പുരുഷ ടീമില്‍ മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദും അനസും ഉള്‍പ്പെട്ട ടീമാണ് ഖത്തറിനു പിന്നിലായി ഓടിയെത്തിയത്. 

ഏഷ്യന്‍ ഗെയിംസ് വനിതാ റിലേയില്‍ ഇന്ത്യ തുടര്‍ച്ചയായി അഞ്ചാം തവണയാണ് സ്വര്‍ണം സ്വന്തമാക്കുന്നത്. ഹിമ ദാസ്, എം.ആര്‍ പൂവമ്മ, സരിത ഗെയ്കവാദ്, വി.കെ വിസ്മയ എന്നിവരടങ്ങിയ ടീം എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഏകപക്ഷീയമായി തന്നെ സ്വര്‍ണം നിലനിര്‍ത്തുകയായിരുന്നു. മൂന്ന് മിനുട്ട് 28.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യക്ക് തലനാരിഴയ്ക്കാണ് ഗെയിംസ് റെക്കോര്‍ഡ് നഷ്ടമായത്. 

പുരുഷ വിഭാഗത്തില്‍ മൂന്ന് മിനുട്ട് 01.85 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഇന്ത്യ വെള്ള നേടിയത്. ഖത്തറിനാണ് ഒന്നാം സ്ഥാനം. മലയാളി താരങ്ങളായ കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അനസ് എന്നിവര്‍ക്കൊപ്പം ധരുണ്‍ അയ്യസാമി, ആരോക്യ രാജീവ് എന്നിവരും അണിനിരന്നു. 

പന്ത്രണ്ടാം ദിനത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ അഞ്ച് മെഡലുകള്‍ നേടി. 

അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ആകെ ഏഴ് സ്വര്‍ണവും 10 വെള്ളിയും രണ്ട് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമടക്കം 13 മെഡലുകളായിരുന്നു അത്‌ലറ്റിക്‌സിലെ ഇന്ത്യന്‍ നേട്ടം. അത്‌ലറ്റിക്‌സില്‍ ഇന്ത്യ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചൈന ഒന്നാം സ്ഥാനത്തും ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 

1951ലെ പ്രഥമ ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിന് ശേഷം അത്‌ലറ്റിക്‌സില്‍ ഇത്രയും മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കുന്നത് ആദ്യമാണ്. അന്ന് പത്ത് സ്വര്‍ണം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. 1978, 2002 ഗെയിംസുകളിലും അത്‌ലറ്റിക്‌സില്‍ ഏഴ് സ്വര്‍ണം സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കിലും ഈ രണ്ട് സമയത്തും മൊത്തം മെഡല്‍ നേട്ടം 17ആയിരുന്നു. ഇത്തവണ അത് 19 ആക്കി ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു. 

മൊത്തം 13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവും ഉള്‍പ്പെടെ 59 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും