വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്‌സ് ഇനി വെറും നാവിഗേഷന്‍ ആപ്പ് മാത്രമല്ല. യാത്ര ചെയ്യുന്നതിനിടയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, തങ്ങാന്‍ ഹോട്ടലുകള്‍ കണ്ടെത്താനും, യാത്രാ പദ്ധതികള്‍ തയ്യാറാക്കാനും സഹായിക്കുന്ന മികച്ച എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മാപ്‌സ്.
പുതിയ ഏതെങ്കിലും സ്ഥലത്ത് യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് ബട്ടര്‍ ചിക്കനോ ചിക്കന്‍ ബിരിയാണിയോ മസാല ദോശയോ കഴിക്കാന്‍ തോന്നിയാല്‍ ഇനി വിഷമിക്കേണ്ട. ഗൂഗിള്‍ മാപ്‌സിലെ ആസ്‌ക് മാപ്‌സ് (Ask Maps) ഫീച്ചറിനോട് നിങ്ങള്‍ക്ക് കഴിക്കാന്‍ ആഗ്രഹമുള്ള വിഭവത്തെക്കുറിച്ച് ചോദിക്കാം. നിങ്ങള്‍ സഞ്ചരിക്കുന്ന വഴിയില്‍ ഈ ഭക്ഷണം ലഭിക്കുന്ന മികച്ച റെസ്റ്റോറന്റുകള്‍ മാപ്‌സ് കണ്ടെത്തിത്തരും. അവ അന്നേദിവസം തുറന്നിട്ടുണ്ടോ എന്നും നിങ്ങളുടെ ഭക്ഷണ രീതികള്‍ക്ക് അനുയോജ്യമാണോ എന്നും പരിശോധിക്കും. റെസ്റ്റോറന്റ് തിരഞ്ഞെടുത്താല്‍, ആ വിഭവം ആപ്പിന്റെ കാര്‍ട്ടിലേക്ക് ചേര്‍ത്ത് ഓര്‍ഡര്‍ ചെയ്യാനും സഹായിക്കും.
പലതരം ഫില്‍റ്ററുകള്‍ മാറ്റി മാറ്റി സമയം കളയാതെ ഇനി കൃത്യമായ ആവശ്യങ്ങള്‍ മാപ്‌സിനോട് ടൈപ്പ് ചെയ്തു ചോദിക്കാം. ഉദാഹരണത്തിന്, കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമുള്ള, വിശാലമായ മുറികളുള്ള ബജറ്റ് ഫ്രണ്ട്‌ലി ഫാമിലി ഹോട്ടല്‍ കണ്ടെത്തുക എന്ന് ചോദിച്ചാല്‍, നിലവിലെ മുറി വാടകയും ലഭ്യതയും പരിശോധിച്ച് ഏറ്റവും അനുയോജ്യമായ ഹോട്ടലുകള്‍ മാപ്‌സ് മുന്നിലെത്തിക്കും. കൂടാതെ, നിങ്ങള്‍ തങ്ങുന്ന സ്ഥലത്തിന് സമീപം നടക്കുന്ന പ്രാദേശിക ഉത്സവങ്ങള്‍, സംഗീത പരിപാടികള്‍, മറ്റ് കാഴ്ചകള്‍ എന്നിവ കണ്ടെത്താനും അവയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ലിങ്കുകളും മാപ്‌സ് നല്‍കും.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകമായി ചില ഫീച്ചറുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബസ്, മെട്രോ, ട്രെയിന്‍, ഫെറി സര്‍വീസുകളുടെ തത്സമയ വിവരങ്ങള്‍ ഇനി കൂടുതല്‍ കൃത്യതയോടെ മാപ്പില്‍ അറിയാനാകും. പേഴ്‌സണല്‍ ഇന്റലിജന്‍സാണ്് മറ്റൊന്ന്. നിങ്ങളുടെ ജിമെയില്‍ സന്ദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ അനുവാദം നല്‍കിയാല്‍, നിങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുകളും ഹോട്ടല്‍ കണ്‍ഫര്‍മേഷനുകളും മനസ്സിലാക്കി യാത്രാ പദ്ധതികള്‍ക്ക് അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ ആപ്പ് തനിയെ നല്‍കും.
ഇനി ഇംഗ്ലീഷിന് പകരം ഹിന്ദിയിലും റെസ്റ്റോറന്റുകളെക്കുറിച്ചോ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചോ ചോദിക്കാം. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, മെക്‌സിക്കോ തുടങ്ങി 150ലധികം രാജ്യങ്ങളിലാണ് ഗൂഗിള്‍ പുതിയ 'ആസ്‌ക് മാപ്‌സ്' എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. യാത്രകളെയും ഭക്ഷണ അനുഭവങ്ങളെയും തികച്ചും ലളിതമാക്കുന്ന രീതിയിലേക്കാണ് ഗൂഗിള്‍ മാപ്‌സിന്റെ ഈ പുതിയ മാറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates