മൃഗങ്ങളെയോ പക്ഷികളെയോ കൊല്ലാതെ തന്നെ മാംസം കഴിക്കാനായാലോ? കേള്‍ക്കുമ്പോള്‍ എന്തോ തകരാറുണ്ടെന്ന് കരുതാന്‍ വരട്ടെ, അത്തരമൊരു സാധ്യതയാണ് ഇപ്പോള്‍ ഗവേഷകര്‍ ലോകത്തിനു മുന്നില്‍ തുറന്നിരിക്കുന്നത്. സസ്യാധിഷ്ഠിത മാംസ നിര്‍മാണ രംഗത്താണ് വിപ്ലവത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. ലെറ്റിയൂസ്, പുകയില ചെടികളില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന മാംസപ്രോട്ടീനായ മയോഗ്ലോബിന്‍ വിജയകരമായി ഉത്പാദിപ്പിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളജ്, ബയോടെക് സ്ഥാപനമായ കൈയോമി, കാലിഫോര്‍ണിയ സര്‍വകലാശാല, ചൈനയിലെ നാന്‍ചാങ് സര്‍വകലാശാല എന്നിവയിലെ ഗവേഷകര്‍ സംയുക്തമായാണ് ഈ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
മാംസത്തിന് ചുവപ്പുനിറവും പ്രത്യേക രുചിയും ഇരുമ്പിന്റെ പോഷകഗുണവും നല്‍കുന്ന തന്മാത്രയാണ് മയോഗ്ലോബിന്‍. നിലവില്‍ സസ്യാധിഷ്ഠിത മാംസ നിര്‍മാണത്തിന് ബാക്ടീരിയകളിലോ യീസ്റ്റിലോ ജീനുകള്‍ നിക്ഷേപിച്ച് ബയോറിയാക്ടറുകളില്‍ വളര്‍ത്തുന്ന രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, വളരുന്ന ചെടികള്‍ക്കുള്ളില്‍ തന്നെ നേരിട്ട് ഈ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്.
കന്നുകാലികളെ വളര്‍ത്തുകയോ വ്യവസായശാലകളില്‍ ഭീമന്‍ ഫെര്‍മന്റേഷന്‍ ടാങ്കുകള്‍ ഉപയോഗിക്കുകയോ ചെയ്യാതെ തന്നെ സ്വാഭാവിക മാംസത്തിന്റെ രുചിയും നിറവും പോഷകഗുണവുമുള്ള കൃത്രിമ മാംസം നിര്‍മിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകും. 'ഫ്രോണ്ടിയേഴ്‌സ് ഇന്‍ പ്ലാന്റ് സയന്‍സ്' എന്ന സയന്‍സ് മാസികയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
പശുക്കളിലും പന്നികളിലും നിന്ന് വേര്‍തിരിച്ച മയോഗ്ലോബിന്‍ ജീനുകള്‍ ജീന്‍ ഗണ്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ലെറ്റിയൂസ്, പുകയില ചെടികളുടെ ക്ലോറോപ്ലാസ്റ്റുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുകയായിരുന്നു. ചെടികളില്‍ പ്രകാശസംശ്ലേഷണം നടത്തുന്ന കോശഭാഗങ്ങളാണ് ക്ലോറോപ്ലാസ്റ്റുകള്‍. ഇതിലൂടെ പ്രോട്ടീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. പരീക്ഷണാര്‍ത്ഥമാണ് പുകയില ചെടി ഉപയോഗിച്ചതെന്നും ഭാവിയില്‍ ലെറ്റിയൂസ് പോലുള്ള വിളകളാണ് ഉപയോഗിക്കുകയെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ജീന്‍ മാറ്റം വരുത്തിയ ഈ ചെടികള്‍ സാധാരണപോലെ വളരുകയും വിത്തുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു. ഉണങ്ങിയ ഒരു കിലോഗ്രാം പുകയിലയില്‍ 800 മില്ലിഗ്രാമും ലെറ്റിയൂസില്‍ 810 മില്ലിഗ്രാമും മയോഗ്ലോബിന്‍ ലഭിച്ചു. എങ്കിലും നിലവില്‍ ചില പ്രായോഗിക തടസ്സങ്ങളുണ്ട്. ചെടികളില്‍ ഉത്പാദിപ്പിച്ച മയോഗ്ലോബിന്റെ 35 ശതമാനത്തില്‍ മാത്രമാണ് മാംസത്തിന് നിറവും സ്വാദും നല്‍കുന്ന ഹീം തന്മാത്ര പൂര്‍ണമായി ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ബാക്ടീരിയ വഴിയുള്ള ഉത്പാദനത്തില്‍ ഇത് 80 ശതമാനത്തോളമാണ്.
സസ്യങ്ങളില്‍ ഹീമിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് ഗവേഷകര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാവിയില്‍ ഈ രീതിയിലൂടെ കൂടുതല്‍ കാര്യക്ഷമമായും കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് പോഷകസമ്പുഷ്ടമായ സസ്യാധിഷ്ഠിത മാംസ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates