

രുദ്രാക്ഷം ധരിക്കുന്നതിന്റെ മഹത്ത്വം കേവലം ഒരു ആഭരണം ധരിക്കുന്നതിലോ മതപരമായ അടയാളം സൂക്ഷിക്കുന്നതിലോ ഒതുങ്ങുന്നതല്ല. ഭാരതീയ ആത്മീയപാരമ്പര്യത്തില്‍ രുദ്രാക്ഷത്തിന് അതീവ പ്രാധാന്യമുണ്ട്. തപസ്സിലൂടെയും ജപത്തിലൂടെയും ധ്യാനത്തിലൂടെയും നേടുന്ന ആത്മീയ ഫലങ്ങള്‍ രുദ്രാക്ഷധാരണത്തിലൂടെയും ലഭിക്കുമെന്നാണ് പുരാണങ്ങളും ശൈവപാരമ്പര്യങ്ങളും വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ രുദ്രാക്ഷത്തെ ശിവന്റെ അനുഗ്രഹത്തിന്റെ പ്രതീകമായി ഭക്തര്‍ കാണുന്നു.
രുദ്രാക്ഷം ധരിക്കുന്നതിലൂടെ തപസ്സിന്റെ ഫലം ലഭിക്കുമെന്ന വിശ്വാസം എന്താണ് സൂചിപ്പിക്കുന്നത്? രുദ്രാക്ഷം ധരിക്കുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? മദ്യപിക്കുന്നവര്‍ക്കും മാംസാഹാരം കഴിക്കുന്നവര്‍ക്കും രുദ്രാക്ഷം ധരിക്കാമോ? ഈ വിഷയങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
രുദ്രാക്ഷത്തിന്റെ ഉത്ഭവവും ഐതിഹ്യവും
'രുദ്രന്', 'അക്ഷം' എന്നീ പദങ്ങള്‍ ചേര്‍ന്നാണ് രുദ്രാക്ഷം എന്ന പേരുണ്ടായത്. രുദ്രന് ശിവനെയും അക്ഷം കണ്ണുനീരിനെയും സൂചിപ്പിക്കുന്നു. ശിവന് ലോകത്തിന്റെ ക്ഷേമത്തിനായി ദീര്‍ഘകാലം തപസ്സിലിരുന്നപ്പോള് കണ്ണുതുറന്നതില് നിന്ന് വീണ കണ്ണുനീര്‍ത്തുള്ളികള്‍ ഭൂമിയില്‍ പതിച്ച് രുദ്രാക്ഷവൃക്ഷങ്ങളായി മാറിയെന്നാണ് ശിവപുരാണത്തിലെ ഐതിഹ്യം.
അതുകൊണ്ടുതന്നെ രുദ്രാക്ഷം ശിവന്റെ അനുഗ്രഹം നിറഞ്ഞ പവിത്ര വസ്തുവായാണ് കണ ക്കാക്കപ്പെടുന്നത്. ശിവഭക്തര്‍ മാത്രമല്ല, ആത്മീയ സാധനയില്‍ താല്പര്യമുള്ളവരും രുദ്രാക്ഷം ധരിച്ചുവരുന്നു.
തപസ്സിന്റെ ഫലം നല്കുന്ന രുദ്രാക്ഷം
രുദ്രാക്ഷധാരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മഹത്ത്വങ്ങളിലൊന്ന് തപസ്സിന്റെ ഫലവുമായി അതിനെ ബന്ധപ്പെടുത്തി പറയുന്നതാണ്. കഠിനമായ വ്രതങ്ങളും തപസ്സും ജപവും അനുഷ്ഠിച്ച് നേടുന്ന പുണ്യഫലത്തിന് തുല്യമായ ആത്മീയ മഹത്വം രുദ്രാക്ഷധാരണത്തിനുണ്ടെന്നാണ് ചില പുരാണവ്യാഖ്യാനങ്ങള്‍ പറയുന്നത്.
ഇതിന്റെ ആന്തരികമായ അര്‍ഥം രുദ്രാക്ഷം ധരിച്ചാല്‍ ഒരാള്‍ക്ക് തപസ്സും ജപവും ധ്യാനവും ചെയ്യേണ്ടതില്ല എന്നല്ല. മറിച്ച്, ശിവചിന്തയോടെയും ആത്മീയമായ അച്ചടക്കത്തോടെയും രുദ്രാക്ഷം ധരിക്കുന്നത് തന്നെ ഒരു പുണ്യകര്‍മമായി കണക്കാക്കപ്പെടുന്നു എന്നതാണ്. ധരിക്കുന്ന വ്യക്തിയെ നിരന്തരം ഈശ്വര സ്മരണയിലേക്ക് നയിക്കുന്ന ഒരു ആത്മീയചിഹ്നം കൂടിയാണ് രുദ്രാക്ഷം.
രുദ്രാക്ഷം ധരിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണഫലങ്ങള്‍
ശിവപുരാണത്തിലും രുദ്രാക്ഷജാബാലോപനിഷത്തിലും രുദ്രാക്ഷധാരണത്തിന്റെ മഹത്ത്വം വിശദ മായി പ്രതിപാദിക്കുന്നുണ്ട്. അവയില്‍ പറയുന്ന പ്രധാനപ്പെട്ട ആത്മീയഗുണങ്ങള്‍ ഇവയാണ്.
1. പാപകര്‍മങ്ങളുടെ ദോഷം കുറയ്ക്കുന്നു
രുദ്രാക്ഷം ധരിക്കുന്നത് പാപകര്മങ്ങളില്നിന്ന് മോചനം നേടുന്നതിനും മനസ്സിനെ ശുദ്ധീകരി ക്കുന്നതിനും സഹായിക്കുമെന്നാണ് പുരാണ വിശ്വാസം. രുദ്രാക്ഷം ദര്‍ശിക്കുന്നതിനും സ്പര്‍ശി ക്കുന്നതിനും ധരിക്കുന്നതിനും വ്യത്യസ്തമായ പുണ്യഫലങ്ങള്‍ കല്‍പ്പിക്കുന്നുണ്ട്.
2. തപസ്സിന്റെയും ജപത്തിന്റെയും പുണ്യം
രുദ്രാക്ഷം ധരിച്ചുകൊണ്ട് മന്ത്രജപം നടത്തുന്നത് സാധാരണ ജപത്തേക്കാള്‍ അനേകം മടങ്ങ് പു ണ്യഫലം നല്‍കുമെന്നാണ് ശിവപുരാണം പറയുന്നത്. രുദ്രാക്ഷമാല ഉപയോഗിച്ച് പഞ്ചാക്ഷരിമ ന്ത്രമായ 'ഓം നമഃ ശിവായ' ജപിക്കുന്നത് വിശേഷപ്പെട്ടതായി കരുതുന്നു.
3. മനഃശാന്തിയും ഏകാഗ്രതയും
രുദ്രാക്ഷം ധരിക്കുന്നത് മനസ്സിനെ ഈശ്വരചിന്തയിലേക്ക് നയിക്കുന്നുവെന്നാണ് വിശ്വാസം. ധ്യാനം, പ്രാര്‍ഥന, മന്ത്രജപം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആത്മീയമായ അച്ചടക്കം വളര്‍ത്താനും ഇത് പ്രചോദനമാകുന്നു.
4. ദുര്ചിന്തകളില്നിന്ന് അകറ്റുന്നു
കോപം, അസൂയ, വിദ്വേഷം, അമിതമായ ആഗ്രഹങ്ങള്‍ തുടങ്ങിയ മാനസിക ദൗര്‍ബല്യങ്ങളെ നിയന്ത്രിച്ച് സാത്വികമായ ജീവിതത്തിലേക്ക് നയിക്കുന്ന ആത്മീയ അടയാളമായാണ് രുദ്രാക്ഷത്തെ കാണുന്നത്.
5. ആയുരാരോഗ്യത്തിനും ദീര്‍ഘായുസ്സിനും
രുദ്രാക്ഷധാരണത്തിന് ആരോഗ്യസംരക്ഷണവും രോഗദോഷങ്ങളില്നിന്നുള്ള മോചനവും നല്കുന്ന ആത്മീയ മഹത്വം ചില പുരാണഗ്രന്ഥങ്ങള്‍ കല്‍പ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് പതിനാലുമുഖി രുദ്രാക്ഷത്തിന് ആരോഗ്യപരമായ വിശേഷഫലങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ രോഗങ്ങള്‍ മാറ്റു ന്നതിനോ ആയുസ്സ് വര്‍ധിപ്പിക്കുന്നതിനോ രുദ്രാക്ഷത്തിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കഴിവുണ്ടെന്ന് കരുതരുത്.
6. അകാലമരണഭയത്തില്നിന്ന് മോചനം
ശിവപുരാണത്തില്‍ രുദ്രാക്ഷധാരണം അകാല മൃത്യുഭയത്തില്നിന്നുള്ള സംരക്ഷണവുമായി ബ ന്ധപ്പെടുത്തി വിവരിക്കുന്നുണ്ട്. അതു കൊണ്ടുതന്നെ മൃത്യുഞ്ജയമന്ത്രജപത്തോടൊപ്പം രുദ്രാക്ഷം ധരിക്കുന്നതിന് ശൈവപാരമ്പര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.
7. ഐശ്വര്യവും സമൃദ്ധിയും
രുദ്രാക്ഷം ധരിക്കുന്ന വ്യക്തിക്ക് ഐശ്വര്യവും സൗഭാഗ്യവും ആഗ്രഹസാഫല്യവും ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബക്ഷേമത്തിനും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള ശിവാനുഗ്രഹത്തിന്റെ പ്രതീകമായും ഇതിനെ കാണുന്നു.
8. മോക്ഷപ്രാപ്തിക്കുള്ള ആത്മീയമാര്‍ഗം
രുദ്രാക്ഷധാരണം ഭൗതികനേട്ടങ്ങള്‍ക്കു മാത്രമല്ല, ആത്മീയമായ ഉന്നതിക്കും സഹായകമാണെന്ന് ശിവപുരാണം വ്യക്തമാക്കുന്നു. രുദ്രാക്ഷം ധരിച്ച് ശിവമന്ത്രങ്ങള്‍ ജപിക്കുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗം തെളിയുമെന്നാണ് വിശ്വാസം.
ഉറക്കത്തിലും ഭക്ഷണസമയത്തും രുദ്രാക്ഷം ധരിക്കാമോ?
രുദ്രാക്ഷജാബാലോപനിഷത്തില് ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും രുദ്രാക്ഷം ധരിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. അതായത് രുദ്രാക്ഷം പൂജാസമയത്തോ ക്ഷേത്രദര്‍ശനത്തിനോ മാത്രമായി മാറ്റിവയ്ക്കേണ്ട ഒന്നല്ലെന്നതാണ് ഈ ഉപനിഷത്തിന്റെ കാഴ്ചപ്പാട്.
മദ്യപിക്കുമ്പോഴും മാംസാഹാരം കഴിക്കുമ്പോഴും രുദ്രാക്ഷം ധരിക്കാമോ എന്ന കാര്യത്തില്‍ വ്യത്യസ് തമായ ആചാര വ്യാഖ്യാനങ്ങളുണ്ട്. രുദ്രാക്ഷജാബാലോപനിഷത്തിലെ ചില നിര്‍ദേശങ്ങളില്‍ മദ്യവും മാംസവും വര്‍ജിക്കേണ്ട ഭക്ഷണങ്ങളായി പറയുന്നുണ്ട്. ശിവപുരാണത്തിലും ശിവഭക്തര്‍ മദ്യവും മാംസവും ഉപേക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്ന ഭാഗമുണ്ട്. അതേസമയം രുദ്രാക്ഷം ധരിക്കുന്നതിലൂടെ എല്ലാ മനുഷ്യര്‍ക്കും ശിവാനുഗ്രഹം ലഭിക്കുമെന്ന വിശാലമായ ആത്മീയസങ്കല്പ്പവും നിലനില്ക്കുന്നു. അതിനാല്‍ ഗുരുപരമ്പരയുടെയും ദീക്ഷയുടെയും ആചാരങ്ങള്‍ക്കനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
രുദ്രാക്ഷത്തിന്റെ മുഖങ്ങള്‍ നല്കുന്ന ഫലങ്ങള്‍
രുദ്രാക്ഷത്തില്‍ കാണപ്പെടുന്ന സ്വാഭാവികമായ വരകളെയാണ് മുഖങ്ങള്‍ എന്നു പറയുന്നത്. ഏകമുഖം മുതല്‍ ഇരുപത്തിയൊന്നുമുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ച് വിവിധ പാരമ്പര്യങ്ങളില്‍ പരാമര്‍ശങ്ങളുണ്ട്. ഓരോ മുഖത്തിനും ഓരോ ദേവതാസങ്കല്‍പ്പവും പ്രത്യേക ഫലങ്ങളും കല്പ്പിക്കുന്നു.
ഏകമുഖി- പരമശിവന്റെ പ്രതീകം; ആത്മീയജ്ഞാനത്തിനും മോക്ഷത്തിനും.
ദ്വിമുഖി- അര്ധനാരീശ്വരസങ്കല്പ്പം; ദാമ്പത്യഐക്യത്തിനും കുടുംബസൗഖ്യത്തിനും.
ത്രിമുഖി- അഗ്നിദേവസങ്കല്പ്പം; പാപദോഷനിവാരണത്തിനും ആത്മവിശ്വാസത്തിനും.
ചതുര്മുഖി- ബ്രഹ്മാവിന്റെ പ്രതീകം; വിദ്യയ്ക്കും ബുദ്ധിവികാസത്തിനും.
പഞ്ചമുഖി- കാലാഗ്നിരുദ്രസങ്കല്പ്പം; പൊതുവായ ശിവഭക്തിക്കും ആത്മീയക്ഷേമത്തിനും.
ഷണ്മുഖി- സുബ്രഹ്മണ്യസങ്കല്പ്പം; ധൈര്യത്തിനും ബുദ്ധിശക്തിക്കും.
സപ്തമുഖി- മഹാലക്ഷ്മീസങ്കല്പ്പം; ഐശ്വര്യത്തിനും സമൃദ്ധിക്കും.
ഏകാദശമുഖി- ഏകാദശരുദ്രന്മാരുടെ പ്രതീകം; ധൈര്യത്തിനും ആത്മീയശക്തിക്കും.
ചതുര്‍ദശമുഖി- മഹാദേവന്റെ പ്രതീകം; വിവേകത്തിനും ദോഷനിവാരണത്തിനും.
ഇവ പരമ്പരാഗതമായ വിശ്വാസഫലങ്ങളാണ്. മുഖങ്ങളുടെ ഫലവിവരണത്തില് ഗ്രന്ഥങ്ങള്ക്കനുസരിച്ച് വ്യത്യാസങ്ങളുണ്ടാകാം.
എങ്ങനെയാണ് രുദ്രാക്ഷം ധരിക്കേണ്ടത്?
രുദ്രാക്ഷം കഴുത്തിലും കൈകളിലും കൈത്തണ്ടയിലും ധരിക്കാം. ശുദ്ധമായ നൂലിലോ സ്വര്‍ണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളിലോ കോര്‍ത്തു ധരിക്കാവുന്നതാണ്. അഞ്ചുമുഖി രുദ്രാക്ഷമാല പൊതുവേ ശിവഭക്തര്‍ ധരിക്കാറുണ്ട്.
തിങ്കളാഴ്ചയോ ശിവന് വിശേഷപ്പെട്ട പ്രദോഷ ദിവസങ്ങളിലോ ശിവക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് പഞ്ചാക്ഷരിമന്ത്രം ജപിച്ചുകൊണ്ട് രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമായി കരുതുന്നു. പൊട്ടിയതോ കീടങ്ങള്‍ നശിപ്പിച്ചതോ കേടുപാടുകളുള്ളതോ ആയ രുദ്രാക്ഷം ഒഴിവാക്കണം. രുദ്രാക്ഷത്തിന്റെ സ്വാഭാവികതയും ഗുണനിലവാരവും ഉറപ്പുവരുത്തുകയും വേണം.
ശിവാനുഗ്രഹത്തിന്റെ അടയാളമായി രുദ്രാക്ഷം
രുദ്രാക്ഷം ധരിക്കുന്നതിലൂടെ തപസ്സിന്റെയും ജപത്തിന്റെയും പുണ്യം ലഭിക്കുമെന്ന വിശ്വാസം അതിന്റെ ആത്മീയമഹത്ത്വത്തെയാണ് വ്യക്തമാക്കുന്നത്. ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ഈശ്വരസ്മരണ നിലനിര്‍ത്താനും നല്ല ചിന്തകളും പ്രവൃത്തികളും വളര്‍ത്താനും രുദ്രാക്ഷധാരണം പ്രേരണയാകുന്നു.
രുദ്രാക്ഷം ധരിക്കുന്നതിന് പ്രായമോ ലിംഗമോ ജാതിയോ അടിസ്ഥാനമാക്കിയുള്ള വിലക്കുക ളില്ലെന്നാണ് ശൈവപാരമ്പര്യത്തിലെ വിശാലമായ കാഴ്ചപ്പാട്. ശിവഭക്തിയുള്ള ഏതൊരാള്‍ക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ഒരു അലങ്കാര വസ്തുവായി മാത്രം കാണാതെ ശിവതത്ത്വത്തെ ഓര്‍മിപ്പിക്കുന്ന പവിത്രമായ അടയാളമായി സ്വീകരിക്കുകയാണ് വേണ്ടത്.
രുദ്രാക്ഷം നല്ലെണ്ണയില്‍ രണ്ടാഴ്ചയെങ്കിലും ഇട്ടു വെച്ച ശേഷം ധരിക്കുന്നതാണ് നല്ലത്. രുദ്രാക്ഷം കേടുകൂടാതിരിക്കാന്‍ ഇത് പ്രയോജനപ്പെടും. വെള്ളി കെട്ടിയതും സ്വര്‍ണ്ണം കിട്ടിയതുമായ രുദ്രാക്ഷ മാലകള്‍ കേരളത്തിലെ പല ജ്വല്ലറികളിലും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates