

മധുരപ്പലഹാരങ്ങളും സ്വര്‍ണ്ണവും വെള്ളിയും പുതുവസ്ത്രങ്ങളും ചേര്‍ന്നുള്ള നിറവിന്റെ ഉത്സവമാണ് ദീപാവലി. വീടുകളിലെല്ലാം ചെരാത് വിളക്കുകള്‍ തെളിയുമ്പോള്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ഘോഷയാത്ര തന്നെ ആരംഭിക്കുന്നു.
ഗുലാബ് ജാമുന്‍, രസഗുള, മൈസൂര്‍ പാക്ക്, സോന്‍ പപ്പഡി, വിവിധ തരത്തിലുള്ള ബര്‍ഫി തുടങ്ങി അനവധി മധുരപ്പലഹാരങ്ങള്‍ ഇന്ന് വിപണിയില്‍ വിറ്റഴിക്കപ്പെടുകയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും സമ്മാനമായി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. വ്യാപാരികള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് വെള്ളിനാണയങ്ങള്‍, വെള്ളിആഭരണങ്ങള്‍, മധുരങ്ങള്‍ എന്നിവയും സമ്മാനിക്കുന്നു.
ദീപാവലിക്ക് മുന്നോടിയായി ജ്വല്ലറികളിലും വെള്ളിക്കടകളിലും വന്‍ തിരക്കാണ്. വെള്ളിനാണയങ്ങളും ബാറുകളും ബിസ്‌ക്കറ്റുകളും എല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങുകയാണ് ഉപഭോക്താക്കള്‍. സ്വര്‍ണ്ണവില ഉയര്‍ന്നതോടൊപ്പം വെള്ളിയുടെയും വില പുതിയ റെക്കോര്‍ഡുകള്‍ തൊട്ടു. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണനാണയങ്ങളും സ്വര്‍ണ്ണബിസ്‌ക്കറ്റുകളും വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
വ്യാപാര മേഖലയില്‍ മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഉണര്‍വാണ് ഇത്തവണ അനുഭവപ്പെടുന്നത്. ജനങ്ങള്‍ ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്. പുതുവസ്ത്രങ്ങള്‍ വാങ്ങാനായി തുണിക്കടകളിലും ഷോപ്പിംഗ് മാളുകളിലും വലിയ തിരക്കാണ്. നഗരവീഥികള്‍ ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുമ്പോള്‍, ആനന്ദത്തിന്റെ തരംഗം ഓരോ ഹൃദയത്തിലും പടരുകയാണ്.
ദീപാവലി അഥവാ ദിവാലി ദീപാലങ്കാരങ്ങള്‍ കൊണ്ട് അലങ്കരിച്ച ആഘോഷങ്ങളുടെ ഉത്സവമാണ്. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. അഞ്ച് ദിവസങ്ങളോളം നീളുന്ന ഈ ഉത്സവത്തിന്റെ അവസാന ദിനമാണ് ദീപാവലി എന്നറിയപ്പെടുന്നത്.കമ്പിത്തിരി, മത്താപ്പ്, മേശപ്പൂ, കുരവപ്പൂ, ചക്രങ്ങള്‍,വേര്‍തിരിപ്പടക്കം ,ഓലപ്പടക്കം ,മാലപ്പടക്കം, റോക്കറ്റുകള്‍, എന്നിങ്ങനെ വെടിമരുന്ന് പ്രയോഗങ്ങള്‍ വേറെയും.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ വിളക്കുകള്‍ തെളിയിച്ച്, മധുരങ്ങള്‍ വിതരണം ചെയ്ത്, സമ്മാനങ്ങള്‍ കൈമാറി ആഘോഷിക്കുന്നു. 'തമസോമാ ജ്യോതിര്‍ഗമയ' എന്ന വേദവാക്യത്തിന്റെ ആത്മാര്‍ത്ഥമായ പ്രതീകമാണ് ദീപാവലി. ഇരുളിന്മേല്‍ വെളിച്ചത്തിന്റെ ജയം, തിന്മയ്ക്കു മേല്‍ നന്മയുടെ വിജയം, വിഷാദത്തിന്മേല്‍ പ്രതീക്ഷയുടെ ഉണര്‍വ് ഇതാണ് ദീപാവലിയുടെ യഥാര്‍ത്ഥ സന്ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates