ആത്മശുദ്ധിക്കും പാപക്ഷയത്തിനും ഉറക്കമൊഴിയല്‍, അറിയാം ശിവരാത്രി അനുഷ്ഠാനങ്ങള്‍
ഹിന്ദു ആചാരങ്ങളില്‍ ഏറ്റവും മഹത്തായ ശിവ ഭക്തി ദിനമായി ശിവരാത്രിയെ കണക്കാക്കുന്നു. പരമശിവന്റെ അനുഗ്രഹം നേടാന്‍ ഭക്തര്‍ ഉപവാസം, ജപം, പൂജ, അഭിഷേകം എന്നിവ നടത്തി അനുഷ്ഠിക്കുന്ന മഹോത്സവമാണ് ശിവരാത്രി. ' ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് ' എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന ദിനം ആണിത്. ഫെബ്രുവരി 15 ഞായറാഴ്ചയാണ് ഈ വര്‍ഷത്തെ ശിവരാത്രി.
പുരാണങ്ങള്‍ പ്രകാരം ശിവനും പാര്‍വതിയും വിവാഹിതരായ ദിനം ശിവരാത്രിയാണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ ദാമ്പത്യ വിജയത്തിന് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മറ്റൊരു വിശ്വാസം പ്രകാരം, ഈ രാവിലാണ് പരമശിവന്‍ ലിംഗരൂപത്തില്‍ പ്രത്യ ക്ഷനായത്. അതുകൊണ്ട് തന്നെ ശിവലിംഗാരാധനയ്ക്ക് ഈ ദിവസം അത്യന്തം പ്രാധാന്യമുണ്ട്. ശിവരാത്രി രാവില്‍ ഉറക്കം ഒഴിക്കുന്നത് ആത്മശുദ്ധിക്കും പാപക്ഷയത്തിനും കാരണമാകും എന്നാണ് വിശ്വാസം.
ശിവരാത്രി വ്രതത്തിന്റെ അനുഷ്ഠാനങ്ങള്‍
ശിവരാത്രി വ്രതം ഭക്തിപൂര്‍വ്വം അനുഷ്ഠിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും ആത്മീയ ഉന്നമനം ലഭിക്കുന്നു.
പ്രധാന അനുഷ്ഠാനങ്ങള്‍:
പുലര്‍ച്ചെ ശുചിസ്‌നാനം ചെയ്ത് വ്രതസങ്കല്‍പം എടുക്കുക. ദിനം മുഴുവന്‍ ഉപവാസം (നിര്‍ജലമോ ഫലാഹാരമോ) അവരവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് അനുഷ്ഠിക്കാം.
ശിവക്ഷേത്രദര്‍ശനം നടത്തുകയും കൂവള മാല ചാര്‍ത്തുകയും ധാര കഴിക്കുകയും, പൂജകള്‍, പഞ്ചാക്ഷരി മന്ത്രജപം ശിവപുരാണം, രുദ്രം എന്നിവ പാരായണം ചെയ്യുകയും രാത്രി ഉറക്കം ഒഴിക്കുക, ഭജനകള്‍ പാടുകയുമാണ് ഭക്തര്‍ ചെയ്യുക
ധാര
ശിവാരാധനയിലെ ഏറ്റവും വിശിഷ്ടമായ രീതിയാണ് ധാര. ശിവലിംഗത്തിന്മേല്‍ തുടര്‍ച്ചയായി ജലം, പാല്‍, ഇളനീര്‍, തേന്‍, നെയ്യ് എന്നിവ ഒഴിച്ചു കൊണ്ടുള്ള അഭിഷേകമാണ് ധാര. ഇത് മനസ്സിലെ ദോഷങ്ങള്‍ ഒഴുക്കി കളഞ്ഞ് ശുദ്ധീകരണത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ''ഓം നമശ്ശിവായ'' ജപത്തോടെ ധാര നടത്തുന്നത് വിശേഷ ഫലപ്രദമാണ്.
കൂവളമാല (ബില്വപത്രം)
ശിവാരാധനയില്‍ കൂവളയിലയ്ക്ക് അതിപ്രാധാന്യമുണ്ട്. ത്രിദളമുള്ള ബില്വപത്രം ശിവന്റെ ത്രിനേത്രത്തെയും ത്രിഗുണങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂവളമാല സമര്‍പ്പിക്കുന്നത് പാപനിവൃത്തിക്കും ഐശ്വര്യത്തിനും കാരണമാകുമെന്ന് വിശ്വാസം.
രുദ്രാക്ഷധാരണം
രുദ്രാക്ഷം ശിവന്റെ അനുഗ്രഹത്തിന്റെ ചിഹ്നമായി കണക്കാക്കുന്നു. രുദ്രാക്ഷമാല ധരിക്കുന്നത് മനസ്സിന് ശാന്തിയും ഏകാഗ്രതയും നല്‍കുന്നു. ശിവഭക്തന്‍ രുദ്രാക്ഷം ധരിച്ച് ജപം നടത്തുന്നത് ആത്മീയ ശക്തി വര്‍ധിപ്പിക്കും.
ഭസ്മധാരണം
വിഭൂതി അഥവാ ഭസ്മം ശിവന്റെ പ്രിയവസ്തുവാണ്. നെറ്റിയില്‍ ത്രിപുണ്ഡ്രമാക്കി ഭസ്മം ധരിക്കുന്നത് അഹങ്കാരനാശത്തെയും വൈരാഗ്യത്തെയും സൂചിപ്പിക്കുന്നു. ''എല്ലാം നശ്വരം'' എന്ന തത്ത്വചിന്ത ഓര്‍മ്മപ്പെടുത്തുന്നതുമാണ് ഭസ്മം.
ശിവക്ഷേത്ര പ്രദക്ഷിണം
ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുന്നത് ശിവതത്ത്വത്തെ ചുറ്റിപ്പറ്റി ജീവിതം സഞ്ചരിക്കണമെന്ന സന്ദേശം നല്‍കുന്നു. സാധാരണയായി 3, 5, 11 പ്രദക്ഷിണങ്ങള്‍ ഭക്തര്‍ നടത്താറുണ്ട്. പ്രദക്ഷിണത്തിനിടെ ശിവനാമജപം നടത്തുന്നത് വിശേഷഫലം നല്‍കും.
പഞ്ചാക്ഷരി മന്ത്രം
''ഓം നമശ്ശിവായ'' എന്ന പഞ്ചാക്ഷരി മന്ത്രം ശിവാരാധനയിലെ ഹൃദയമന്ത്രമാണ്. മനശുദ്ധി നല്‍ കുന്നു, ഭയം, സംഘര്‍ഷം കുറയ്ക്കുന്നു, ആത്മ ബോധം വളര്‍ത്തുന്നു. ശിവരാത്രി രാവില്‍ ഈ മന്ത്രം ലക്ഷങ്ങള്‍ ജപിക്കുന്നതിനെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയായി കാണുന്നു.
ശിവരാത്രി ഉറക്കം ഒഴിപ്പ്
രാത്രിയൊട്ടാകെ ഉറക്കമൊഴിച്ച് ശിവനാമ സങ്കീര്‍ത്തനം നടത്തുന്നത് മഹാപുണ്യകരമാണ്. നാലു യാമങ്ങളില്‍ നാലു പൂജകള്‍ നടത്തുന്നത് ശാസ്ത്രീയമായി വിശിഷ്ടമാണ്.
ശിവരാത്രി വെറും ഒരു ഉത്സവമല്ല;
ആത്മപരിശുദ്ധിയുടെയും ഭക്തിയുടെയും ദിനമാണ് ശിവരാത്രി. ഉപവാസം, ജപം, ധ്യാനം, അഭിഷേകം എന്നിവയിലൂടെ ശിവതത്ത്വത്തെ ആത്മാവില്‍ അ നുഭവിക്കുന്ന അവസരമാണ് ശിവരാത്രി. ഭക്തി പൂര്‍വ്വം ആചരിച്ചാല്‍ ശാന്തിയും ഐശ്വര്യവും ആത്മോന്നതിയും പ്രാപ്യമാകും.
ഹര ഹര മഹാദേവ!
Importance and rituals of Shivaratri festival
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

