

കന്നി 31ന് രാത്രി 7:51 നാണ് തുലാസംക്രമം. തുലാം 1 (ഒക്ടോബര്‍ 18) വൈകീട്ട് ആണ് ദുര്‍ഗ്ഗാഷ്ടമിയോടനുബന്ധിച്ചുള്ള പൂജവെപ്പ്. തുലാം 2 ദുര്‍ഗ്ഗാഷ്ടമിയും തുലാം 3 മഹാനവമിയും തുലാം 4 വിജയദശമിയുമാണ്. തുലാം 16 (നവംബര്‍ 2) നാണ് പ്രസിദ്ധമായ മണ്ണാറശാല ആയില്യം. തുലാം 21 (നവംബര്‍ 7 ) നാണ് ദീപാവലി.
തുലാം 7 (ഒക്ടോബര്‍ 24 ശനിയാഴ്ച 12:50 pm വരെ ചിത്ര ഞാറ്റുവേലയാണ്. പിന്നെ ചോതി തുടങ്ങും. തുലാം 20 (നവംബര്‍ 6 ) രാത്രി 9:04 ന് വിശാഖം ഞാറ്റുവേല ആരംഭിക്കും. നവംബര്‍ 5 വരെ ബുധനും ശുക്രനും ഒരേ രാശിയില്‍ തുടരുന്നതിനാല്‍ ശരാശരി മഴ കിട്ടാനുള്ള സാധ്യതയുണ്ട്. മുന്‍ കാലങ്ങളില്‍ ഇത്തരം പാറ്റേണ്‍ വന്ന സമയത്ത് ശരാശരി 9 മി.മീ മഴ കിട്ടിയിട്ടുമുണ്ട്.
ചൊവ്വ തുലാം 26 ന് ചിങ്ങം രാശിയിലേയ്ക്ക് മാറുന്നത് മഴയില്ലാത്ത സമയത്ത് ചൂട് കൂടുന്നതിനുള്ള പാറ്റേണാണ്.
ഡിസംബര്‍ 9 വരെ കാണുന്ന ശനിയുടെ വക്രാവസ്ഥ ഭൂകമ്പ സൂചന നല്‍കുന്നതാണ്.
ഒക്ടോബര്‍ 23 ന് ആശ്വിന മാസം അവസാനിച്ച് കാര്‍ത്തികമാസം ആരംഭിക്കും.
ഈ വര്‍ഷം ചൂടു വര്‍ദ്ധിക്കാനും വരള്‍ച്ചയ്ക്കും സാധ്യത കൂടുതലുള്ളതിനാല്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം കൊടുക്കേണ്ടതാണ്.
ചൊവ്വയുടെ സിംഹസ്ഥിതി ജനങ്ങളില്‍ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും അലര്‍ജി മൂലമുള്ള രോഗങ്ങള്‍ക്കും ചിക്കന്‍പോക്‌സ് മുതലായവയ്ക്കും സൂചനയാണ്.
അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് ഈ മാസം പ്രായേണ ഗുണകരമാണ്. നൂതനഗൃഹനിര്‍മ്മാണം, വാഹനങ്ങളുടെ ക്രയവിക്രയം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, കര്‍മ്മകുശലത, സഹായികളുടെ വര്‍ദ്ധന എന്നിവയ്ക്കെല്ലാം യോഗമുണ്ട്.
2027 മെയ് വരെ ശനിയുടെ പന്ത്രണ്ടാം ഭാവസ്ഥിതി അനുസരിച്ച് പ്രതീക്ഷിക്കാത്ത ചെലവുകള്‍ അടിക്കടിയുണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷം കൂടിയാണ്. അതുകൊണ്ടു തന്നെ മിതവ്യയം ശീലിക്കേണ്ടതുണ്ട്.
കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍
ഇവര്‍ക്ക് ഈ മാസം താരതമ്യേന ഗുണപ്രദമാണ്. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വാഹന ലാഭം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്ക്കെല്ലാം യോഗമുണ്ട്. സാമൂഹിക പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണപ്രദമായ കാലമാണ്.
മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രത്തില്‍പെട്ടവര്‍ക്ക് ഈ മാസം വളരെ ഗുണകരമാണ്. പല വിധേന ധനാഗമനം, കുടുംബ സുഖം, പ്രശസ്തി എന്നിവയ്ക്കും സ്ഥലം മാറ്റം, മാര്‍ഗ്ഗതടസ്സം, അലസത എന്നിവയ്ക്കും യോഗമുണ്ട്.
പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രക്കാര്‍ക്ക്
താരതമ്യേന ഗുണകരമായ സമയമാണിത്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, പുണ്യകര്‍മ്മങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലുണ്ട്. എന്നിരുന്നാലും അകാരണഭയം, നാശനഷ്ടങ്ങള്‍ ഉദരരോഗസാധ്യതകള്‍, രക്തദൂഷ്യം, പാദരോഗം എന്നിവയ്ക്കും സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്.
മകം, പൂരം, ഉത്രം 1-ാം പാദം
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വീഴ്ച, മുറിവേല്‍ക്കാനിടവരുക, നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, യാത്രാവേളകളില്‍ അമിത ഭക്ഷണം മൂലം അസുഖ സാധ്യതകള്‍ എന്നിവയ്ക്ക് യോഗമുണ്ട് എന്നറിഞ്ഞ് ശ്രദ്ധിക്കേണ്ടതുണ്ട്.
ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍
ഇവര്‍ക്ക് അകാരണഭയം, പതന ഭയം, രക്തദൂഷ്യം, കണ്ണിന് അസുഖം, ആര്‍ഭാടത്തിനും വസ്ത്രാഭരണാദികള്‍ക്കുമായി ചെലവ് ചെയ്യാനിടവരിക, ആവശ്യമില്ലെങ്കിലും പലതും വാങ്ങിക്കൂട്ടാനായി കടം വാങ്ങേണ്ടി വരിക, നിര്‍ബന്ധപൂര്‍വമുള്ള പിരിവുകള്‍ക്ക് വശംവദരാവുക ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് ആലോചിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണിത്.
ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് പ്രായേണ നല്ല സമയമാണിത്. കര്‍മ്മാഭിവൃദ്ധി, പ്രശസ്തി, സന്താനാദികള്‍ക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ഗവേഷകര്‍ക്ക് ഗുണാനുഭവങ്ങള്‍, സിനിമാ പ്രവര്‍ത്തകര്‍ക്ക് ഗുണാനുഭവങ്ങള്‍, ക്രയവിക്രയങ്ങളില്‍ ലാഭം, വൈദ്യരംഗത്തുള്ളവര്‍ക്ക് പ്രശസ്തി, ഭരണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാനിടവരിക എന്നിവയ്ക്കെല്ലാം യോഗമുണ്ട്.
ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട
ഇവര്‍ക്ക് ഗുണഫല സാധ്യത അനുഭവിക്കാവുന്ന കാലമാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജലസ്രോതസ്സുകളുടെ നിര്‍മ്മാണത്തിനും, നാല്‍ക്കാലി വര്‍ദ്ധനയ്ക്കും എല്ലാം യോഗമുണ്ട്.
മൂലം, പൂരാടം, ഉത്രാടം 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനമുള്ള സമയമാണ്. തടസ്സങ്ങള്‍ തട്ടിമാറ്റി മുന്നേറ്റമുണ്ടാക്കാനും ധനാഗമനത്തിനും സാധ്യതയുണ്ട്. അതേസമയം കഫശല്യം, ഉദരരോഗം, കലഹങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്.
ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ മിശ്രമായ സമയമാണിത്. പ്രശസ്തി, ഉദ്യോഗ ലബ്ധി, പരീക്ഷാദികളില്‍ വിജയം, സഹായികളുടെ വര്‍ദ്ധന, ചതിയേല്‍ക്കാനിട വരിക എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മാറുവാന്‍ കഴിഞ്ഞാല്‍ ഈ കാലം ഗുണകരമാക്കി മാറ്റാന്‍ കഴിയും.
അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍
പൊതുവെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളില്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ട സമയമാണിത്. പല കാര്യങ്ങളിലും ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, കര്‍മ്മകുശലത എന്നിവയ്ക്കെല്ലാം യോഗമുണ്ട്.
പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി
ഈ നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗുണദോഷ മിശ്ര പലമാണ്. അലസത, സ്വയം ചിന്തിയ്ക്കാതെയുള്ള പ്രവര്‍ത്തനം എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സന്താനങ്ങള്‍ക്ക് പ്രശസ്തി, ഉദ്ദിഷ്ടകാര്യസിദ്ധി, മനഃസന്തോഷം എന്നിവയെക്കല്ലാം യോഗമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates