22 വര്‍ഷങ്ങള്‍ക്കു ശേഷം, മണര്‍കാട് കാവില്‍ പള്ളിപ്പാന; അറിയാം ഐതീഹ്യവും പ്രാധാന്യവും

സവിശേഷപ്രദമായ ഒട്ടനവധി അനുഷ്ഠാനങ്ങള്‍ ആചരിച്ചു പോരുന്ന ക്ഷേത്രമാണ് മണര്‍കാട് ദേവീക്ഷേത്രം
Manarkadu devi temple
Manarkadu devi temple
Published on

വിശേഷപ്രദമായ ഒട്ടനവധി അനുഷ്ഠാനങ്ങള്‍ ആചരിച്ചു പോരുന്ന ക്ഷേത്രമാണ് മണര്‍കാട് ദേവീക്ഷേത്രം. മാര്‍ച്ച് 29 മുതല്‍ മെയ് 10 വരെ നടക്കുന്ന പള്ളിപ്പാന അത്തരത്തിലുള്ള ഒരു അനുഷ്ഠാന കര്‍മ്മമാണ്. 21 പാത്രം വടക്കേനട മഹാഗുരുസി, 12 ഗരുഡന്‍, പള്ളിപ്പാന തുടങ്ങിയ അനുഷ്ഠാനങ്ങള്‍ മണര്‍കാട് ദേവീക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ദേവിയെ ബാധിച്ചിരിക്കുന്ന ആഭിചാരദോഷം മാറ്റാനായി നടത്തുന്ന മഹാകര്‍മ്മങ്ങള്‍ ആണ് പള്ളിപ്പാനയില്‍ നടത്തുന്നത്. ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നത് വേല സമുദായത്തില്‍ പെട്ടവരാണ്. പള്ളിപ്പാനയുടെ ആചാര്യന്മാരായും ഇവര്‍ അറിയപ്പെടുന്നു.

ദേവനെ അല്ലെങ്കില്‍ ദേവിയെ ഉണര്‍ത്തുന്ന പാട്ടാണ് പള്ളിപ്പാന എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സാധാരണയായി ദേവീക്ഷേത്രങ്ങളില്‍ ആചരിച്ചുവരുന്ന പാന വഴിപാട് ദേവി പ്രീതിക്കായി നടത്തുന്ന ചടങ്ങാണ്. എന്നാല്‍ പള്ളിപ്പാന ദക്ഷിണ കേരളത്തില്‍ ആഭിചാരദോഷങ്ങള്‍ മാറ്റാനായി നടത്തുന്ന ചടങ്ങാണ്. പള്ളിപ്പാന കൃത്യമായി 12 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഏക ക്ഷേത്രം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്.

അമ്പലപ്പുഴ പള്ളിപ്പാന

അമ്പലപ്പുഴയില്‍ പള്ളിപ്പാന നടക്കുന്നതിനെ കുറിച്ച് കൃത്യമായ കണക്കുകള്‍ ഉണ്ട്. എല്ലാവര്‍ഷവും മകരം 1 മുതല്‍ 12 വരെ നടത്തുന്ന 12 കളഭം പന്ത്രണ്ട് ആവര്‍ത്തി കൂടുമ്പോഴാണ് ഒരു പള്ളിപ്പാന നടക്കേണ്ടത്. കഴിഞ്ഞ മകര മാസത്തില്‍ ആയിരുന്നു അമ്പലപ്പുഴയില്‍ പള്ളിപ്പാന നടന്നത്. ഇവിടുത്തെ മറ്റൊരു പ്രത്യേകത പള്ളിപ്പാന പന്ത്രണ്ടാവര്‍ത്തിയാകുമ്പോള്‍ വിജയബലി നടക്കണം എന്ന ഒരു ആചാരം കൂടി ഇവിടെയുണ്ട്. അതായത് മൂന്ന് തലമുറയില്‍ പെട്ട ഒരാള്‍ക്ക് മാത്രമേ വിജയബലി ദര്‍ശിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. 15 ദിവസമാണ് ഇവിടെ പള്ളിപ്പാന നടത്തുന്നത്. ദ്രവ്യ കലശത്തോടെയാണ് ഇത് സമാപിക്കുന്നത്.

പണ്ട് നമ്മുടെ നാട്ടില്‍ നടത്തിയിരുന്ന ഇപ്പോള്‍ അപൂര്‍വ്വമായി കാണുന്ന വേലന്‍ പ്രവൃത്തിയുടെ മറ്റൊരു രൂപമാണ് പള്ളിപ്പാന. പഴയ കാലത്ത് നാവേറ്, കണ്ണേറ് ദോഷങ്ങള്‍ മാറ്റാന്‍ വീടുകളില്‍ വേലന്‍മാര് വരുമായിരുന്നു. വീട്ടിലുള്ളവരെ എല്ലാം ഓതി ദോഷം കളഞ്ഞ് വീട്ടിലും പറമ്പിലും ആരെങ്കിലും ക്ഷുദ്രം ചെയ്തിട്ടുണ്ടെങ്കില്‍ അതും എടുത്തു കളയുമായിരുന്നു. ഇതാണ് വേലന്‍ പ്രവൃത്തി എന്ന് പറയുന്നത്. മനുഷ്യരെപ്പോലെ തന്നെ ദേവനെയും ബാധിച്ചിട്ടുള്ള ഇതുപോലെ ക്ഷുദ്ര കര്‍മ്മങ്ങള്‍ മാറ്റാനാണ് പള്ളിപ്പാന പോലുള്ള കര്‍മ്മങ്ങള്‍ നടത്തുന്നത്.

Manarkadu devi temple
Manarkadu devi temple

പുരാവൃത്തം

പാലാഴി മഥന സമയത്ത് മഹാവിഷ്ണുവിന് പിണി ദോഷം ഉണ്ടായി. ലോകം പരിപാലിക്കുന്ന ദേവന് ക്ഷുദ്ര ദോഷം ഏറ്റാലുള്ള ഭവിഷ്യത്ത് ഭയാനകം ആയിരിക്കും എന്ന് ദേവതകള്‍ എല്ലാരും ആശങ്കപ്പെട്ടു. ഇതിന് പരിഹാരം കാണാന്‍ മഹാദേവന്റെ സന്നിധിയില്‍ എത്തി. മഹാവിഷ്ണുവിനെ ബാധിച്ചിട്ടുള്ള ക്ഷുദ്ര ദോഷം എടുത്തു കളയാന്‍ മഹാദേവന്‍ നിര്‍ദേശിച്ചു. എന്നാല്‍ ദേവതകള്‍ക്ക് അങ്ങനെ ആരെയും ഭൂമിയില്‍ കണ്ടെത്താനായില്ല. ഇതിന് പരിഹാരമായി മഹാദേവനും പാര്‍വതി ദേവിയും വേലനും വേലത്തിയുമായി അവതരിച്ചു. ഇങ്ങനെയാണ് വേല സമുദായത്തിന്റെ ഉത്ഭവം എന്ന് പറയുന്നത്. ക്ഷുദ്ര ദോഷം ബാധിച്ച മഹാവിഷ്ണുവിനെ ഓത്തും മൊറോത്തും നടത്തി ആഭിചാര ദോഷങ്ങള്‍ മാറ്റി ദേവ ചൈതന്യം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഈ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവകാശം വേല സമുദായത്തിന് ലഭിച്ചു.

ഓത്ത് നടത്തുന്നത് വേലന്മാരും മൊറോത്തു നടത്തുന്നതു വേലത്തികളുമാണ്. ഇത് രണ്ടുതരം പാട്ടുകളാണ്. മാഭാരതം പാട്ടുകളാണ് ഇവര്‍ പാടുന്നത്. മാഭാരതം എന്നു പറയുന്നത് മഹാഭാരതം പാട്ടുകളാണ്. നിഴലില്‍ കുത്തി നിര്‍ത്തിയ തന്റെ തമ്പുരാക്കന്മാരെ മുറോത്തും ചൊല്ലി മാറ്റി രക്ഷിച്ചു എന്നൊരു കഥയും പറയുന്നുണ്ട്. ഇവിടെ തമ്പുരാക്കന്മാര്‍ എന്ന് ഉദ്ദേശിക്കുന്നത് പഞ്ചപാണ്ഡവരും പാഞ്ചാലിയുമാണ്.

മണര്‍കാട് പള്ളിപ്പാന

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണര്‍കാട് ദേവി ക്ഷേത്രത്തില്‍ പള്ളിപ്പാന നടക്കാന്‍ പോകുന്നത്. 2004 നടന്ന പള്ളിപ്പാനയുടെ ആചാര്യന്‍ ഏവൂര്‍ പുരുഷോത്തമന്‍ ആയിരുന്നു. ശിവസ്തുതിയോടെയാണ് പാനപ്പാട്ടുകള്‍ ആരംഭിക്കുന്നത്. പറകൊട്ടിപാടി ദേവിയുടെ നാമദോഷം തീര്‍ത്ത് ദേവീചൈതന്യം വര്‍ധിപ്പിക്കുകയാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. പറയും തുടിയും ആണ് മൊറോത്തിനു ഉപയോഗിക്കുന്ന വാദ്യങ്ങള്‍. ആദ്യദിവസം ദേവിക്ക് കാപ്പുകെട്ടല്‍ ചടങ്ങ് നടത്തുന്നു. തുടര്‍ന്നുള്ള 12 ദിവസങ്ങളില്‍ വിവിധ ബലികര്‍മ്മങ്ങളും നടക്കുന്നു. കാപ്പ്‌കെട്ടു നടന്നു കഴിഞ്ഞു രക്ഷാകലശ പൂജ നടക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി ബലികര്‍മ്മങ്ങള്‍ നടത്തുന്നു.

ഇടു പണ ബലി, കുഴിബലി, പട്ടടബലി, നിണബലി, പഞ്ചഭൂതബലി, ആഴിബലി കിടങ്ങു ബലി, പീഠ ബലി, വലിയ കൂമ്പ് ബലി, ചെറിയ കൂമ്പ് ബലി എന്നിങ്ങനെ ബലികര്‍മ്മങ്ങള്‍ നടക്കുന്നു. ഇതിനൊപ്പം പാനിയടി, വലിയടവിവരവ്, പുറക്കളം ഗുരുസി തുടങ്ങിയ അനുഷ്ഠാനങ്ങളും നടക്കുന്നു.

Manarkadu devi temple
Manarkadu devi temple

പള്ളിപ്പാനയിലെ ഏറ്റവും സവിശേഷപരമായ ചടങ്ങാണ് പാനയടി. ദോഷപരിഹാരത്തിനായി നാളികേരം ശിരസ്സില്‍ ഒഴിഞ്ഞ് ദേവിയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. രാത്രിയിലെ ബലികര്‍മ്മങ്ങള്‍ക്ക് ശേഷം പാനയടി നടക്കുന്നു. ഓരോ ദിവസത്തെ ചടങ്ങുകള്‍ക്കും ഓരോ ദേവതാസങ്കല്പം ഉണ്ട്. പള്ളിപ്പാനയിലെ ഓതുന്നവരെ കൂത്താടികള്‍ എന്നും പുറന്നാടികള്‍ എന്നും പറയുന്നു. വിധിപ്രകാരം ഉള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നവരാണ് കൂത്താടികള്‍. ഇവരെ അനുകരിച്ച് വിദൂഷ വേഷകം കെട്ടുന്നവരാണ് പുറന്നാടികള്‍. ഇവര്‍ക്ക് ആരെയും എന്നും പറയാനുള്ള സ്ഥാനമുണ്ട്. മുടിയേറ്റിലെ കൂളിയുടെ സ്ഥാനമാണ് ഇവര്‍ക്കുള്ളത്. ദൈര്‍ഘ്യമേറിയ അനുഷ്ഠാനകലകളുടെ സങ്കീര്‍ണത കുറയ്ക്കാന്‍ ഇതുപോലുള്ള വിദൂഷക വേഷം ധരിച്ചവര്‍ക്ക് കഴിയുന്നു. കാണികളെ രസിപ്പിക്കുകയും ഈ കൂട്ടത്തില്‍ ചെയ്യുന്നു. ഇത് നാടോടി വിജ്ഞാനീയത്തിന്റെ ഒരു പ്രത്യേകതയാണ്.

പള്ളിപ്പാന എട്ടോ പന്ത്രണ്ടോ പതിനഞ്ചോ ദിവസം നീളുന്നു. മണര്‍കാട് ദേവീക്ഷേത്രത്തില്‍ 12 ദിവസമാണ് പള്ളിപ്പാന നടക്കുന്നത്. കളിപ്പാന എന്നും പള്ളിപ്പാന എന്നും രണ്ട് വിധത്തില്‍ പാനകള്‍ അറിയപ്പെടുന്നു. ഒരു പകല്‍ കൊണ്ട് അവസാനിക്കുന്നത് കള്ളിപ്പാനെയും ഒരു രാപകല്‍ കൊണ്ട് അവസാനിക്കുന്നത് പള്ളിപ്പാനയും ആണെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ രാത്രിയില്‍ മാത്രമുള്ളതാണ് കളിപ്പാന എന്നും മറ്റൊരു അഭിപ്രായം നിലനില്‍ക്കുന്നു. മണ്ണാറശാല, പള്ളിപ്പുറത്തുകാവ് ,മലനട ദുര്യോധന ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ പള്ളിപ്പാന നടന്നതായി പറയപ്പെടുന്നു. ഈ അടുത്തയിടയില്‍ നടക്കാവ് പുതിയകാവ് ക്ഷേത്രത്തിലും പള്ളിപ്പാന നടന്നു.

Manarkadu devi temple
പ്രഹ്ലാദനെ രക്ഷിക്കാന്‍ അവതരിച്ച ദിവസം, ഇന്ന് നരസിംഹ ജയന്തി; വൈകുന്നേരത്തെ പ്രാധാന്യമെന്ത്?

ദേശ ദേവതയായ മണര്‍കാട്ടമ്മയ്ക്ക് ചൈതന്യം വര്‍ദ്ധിപ്പിച്ച് നാടിനെ ബാധിച്ചിരിക്കുന്ന ദുരിതങ്ങള്‍ ഒഴിപ്പിക്കുക എന്ന ഉദ്ദേശശുദ്ധിയാണ് പള്ളിപ്പാന എന്ന മഹാകര്‍മ്മം കൊണ്ട് ഉദ്ദേശിക്കുന്നത്.

Manarkadu devi temple
വടക്കുംനാഥന്റെ നെയ്മല ഇടിയുന്നത് ദുശ്ശഃകുനമോ? അറിയാം നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും
Summary

Pallipanna in Manarkadu devi temple; Know the importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com