

ഹിന്ദു പഞ്ചാംഗത്തിലെ പുണ്യമാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വൈശാഖം ഭക്തിയുടെയും ധര്‍മ്മാനുഷ്ഠാനങ്ങളുടെയും ദാനധര്‍മ്മങ്ങളുടെയും മഹത്വം പരമാവധി പ്രാമുഖ്യം നേടുന്ന കാലഘട്ടമാണ്. ഈ മാസത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ അനന്ത ഗുണിത ഫലം നല്‍കുമെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. മാധവന് പ്രിയപ്പെട്ടതായതിനാല്‍ ഇത് ''മാധവ മാസം'' എന്നും അറിയപ്പെടുന്നു. 2026ല്‍ ഏപ്രില്‍ 18 മുതല്‍ മെയ് 17 വരെയാണ് വൈശാഖ പുണ്യകാലം.
ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേത് ചൈത്രവും അതിന് പിന്നാലെ വൈശാഖവുമാണ്. ഈ രണ്ടും ചേര്‍ന്നതാണ് വസന്തകാലം. പ്രകൃതി പൂര്‍ണ്ണതയില്‍ വിരിയുന്ന ഈ കാലഘട്ടം സര്‍വസല്‍ക്കര്‍മ്മങ്ങള്‍ക്കും ഏറ്റവും ഉത്തമമായ സമയമായി ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. യജ്ഞങ്ങളും ക്ഷേത്രോത്സവങ്ങളും കൂടുതലായി ഈ കാലഘട്ടത്തിലാണ് നടക്കുന്നത്. മഹാവിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ മാസമാണ് വൈശാഖം. ഭഗവാന്‍ ലക്ഷ്മീദേവിയോടൊപ്പം ഭൂമിയില്‍ സന്നിഹിതനായി വസിക്കുന്നുവെന്നാണ് വിശ്വാസം.
വൈശാഖമാസത്തിന്റെ മഹിമയെ കുറിച്ച് സ്‌കന്ദപുരാണത്തിലും പത്മപുരാണത്തിലും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വൈശാഖധര്‍മ്മങ്ങളില്‍ പ്രധാനപ്പെട്ടവ സ്‌നാനം, ജപം, ദാനം എന്നിവയാണ്. സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ( രണ്ടര നാഴിക ഒരു മണിക്കൂര്‍) എല്ലാ ജലാശയങ്ങളിലും ഗംഗാദേവിയുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ ഈ സമയത്ത് നടത്തുന്ന പ്രഭാത സ്‌നാനം സര്‍വതീര്‍ത്ഥ സ്‌നാനഫലം നല്‍കുന്നതായി പുരാണങ്ങള്‍ പറയുന്നു. ജപം, ഹോമം, പുരാണ പാരായണം, സജ്ജന സംസര്‍ഗം എന്നിവയും ഈ കാലഘട്ടത്തില്‍ അത്യന്തം പുണ്യപ്രദമാണ്.
ദാനധര്‍മ്മങ്ങള്‍ക്ക് വൈശാഖമാസം പ്രത്യേക പ്രാധാന്യമുള്ളതാണ്. ഈ സമയത്ത് ചെയ്യുന്ന പുണ്യപ്രവൃത്തികള്‍ക്ക് പതിന്മടങ്ങ് ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ദാനങ്ങളില്‍ ജലദാനം അത്യന്തം ശ്രേഷ്ഠമായതായി കണക്കാക്കപ്പെടുന്നു. ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്‍കുന്നത് മഹാപുണ്യകരമാണ്.
വൈശാഖകാലത്തിന്റെ മഹത്വം വ്യക്തമാക്കുന്ന പ്രധാന ദിനമാണ് അക്ഷയതൃതീയ. ''ക്ഷയം ഇല്ലാത്തത്'' എന്ന അര്‍ത്ഥം വരുന്ന അക്ഷയ എന്ന പദം പോലെ, ഈ ദിവസം ചെയ്യുന്ന ദാനം, ജപം, ഹോമം, പൂജകള്‍ എന്നിവയ്ക്ക് ക്ഷയമില്ലാത്ത ഫലമാണ് ലഭിക്കുന്നതെന്ന് വിശ്വാസം. ബല രാമാവതാരം, പരശുരാമാവതാരം, അന്നപൂര്‍ണ്ണേശ്വരി ദേവിയുടെ അവതാരം എന്നിവയും ഈ ദിവസവുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ അന്നദാനം ഉള്‍പ്പെടെയുള്ള ദാനങ്ങള്‍ ഈ ദിവസം നടത്തുന്നത് അത്യന്തം ശുഭകരമാണ്.
വൈശാഖ ശുക്ലപക്ഷത്തിലെ ചതുര്‍ദശി ദിവസം നരസിംഹജയന്തി ആചരിക്കുന്നു. ഭക്തപ്രഹ്ലാദനെ രക്ഷിക്കാന്‍ മഹാവിഷ്ണു നരസിംഹാവതാരത്തില്‍ പ്രത്യക്ഷപ്പെട്ട ദിനമാണിത്. ഭക്തിയുടെയും ധര്‍മ്മത്തിന്റെയും വിജയത്തിന്റെ പ്രതീകമായ ഈ ദിവസം വിശേഷപൂജകളും ഉപവാസങ്ങളും അനുഷ്ഠിക്കുന്നു.
ഇതുകൂടാതെ ശങ്കരജയന്തി (ആദിശങ്കരാചാര്യര്‍), ദത്താത്രേയ ജയന്തി, ബുദ്ധപൗര്‍ണ്ണമി (ഗൗതമ ബുദ്ധന്റെ ജന്മദിനം) എന്നിവയും വൈശാഖ മാസത്തെ കൂടുതല്‍ പുണ്യമാക്കുന്ന ദിനങ്ങളാണ്. ആത്മീയ ഉണര്‍വ്വിനും ജ്ഞാനത്തിനും പ്രചോദനമാകുന്ന ഈ ദിനങ്ങള്‍ ഭക്തര്‍ ആദരവോടെ ആചരിക്കുന്നു.
വ്രതാനുഷ്ഠാനങ്ങള്‍ക്കും വൈശാഖത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. അക്ഷയതൃതീയ, ശുക്ല പക്ഷ ദ്വാദശി, പൗര്‍ണ്ണമി എന്നി ദിവസങ്ങളില്‍ വ്രതം അനുഷ്ഠിച്ചാല്‍ മുഴുവന്‍ വൈശാഖമാസം വ്രതം അ നുഷ്ഠിച്ചതിന് തുല്യഫലം ലഭിക്കുമെന്ന് പുരാണങ്ങളില്‍ പറയുന്നു. അതിനാല്‍ ഈ ദിവസങ്ങളില്‍ ഉപവാസം, ജപം, ധ്യാനം, ദാനം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. വൈശാഖ മാസം വിഷ്ണുഭജനത്തിനും ഏറ്റവും അനുയോജ്യമായ കാലഘട്ടമാണ്. പ്രഭാതത്തിലും സന്ധ്യാസമയത്തും നിലവിളക്ക് കൊളുത്തി വിഷ്ണുനാമജപം ചെയ്യുന്നത് അത്യന്തം ശ്രേഷ്ഠമാണ്.
വിഷ്ണുസഹസ്രനാമം
''ഓം നമോ നാരായണായ'' ''ഓം നമോ ഭഗവതേ വാസുദേവായ'' ഭാഗവതപാരായണവും അഭീഷ്ടസിദ്ധി നല്‍കുന്നതായി വിശ്വസിക്കപ്പെടുന്നു. കലിദോഷനിവാരണ ത്തിനായി ''ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'' എന്ന മന്ത്രജപവും പ്രധാനമാണ്.
അതുപോലെ,''ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമനാമ വരാനനേ''എന്ന രാമനാമജപം ഒരു തവണ ചൊല്ലുന്നതു വിഷ്ണുസഹസ്രനാമജപത്തിന് തുല്യഫലം നല്‍കുന്നതായി വിശ്വാസമുണ്ട്. വൈശാഖത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. സ്‌നാനം, ദാനം, തപസ്, ഹോമം, ദേവാരാധന എന്നിവ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ടവയാണ്. വൈശാഖത്തിലെ പ്രഭാതസ്‌നാനത്തിന് അത്യന്തം മഹത്വമുണ്ട്.
സര്‍വവിദ്യകളില്‍ വേദം ശ്രേഷ്ഠമായതു പോലെ, സര്‍വമന്ത്രങ്ങളില്‍ പ്രണവം ശ്രേഷ്ഠമായതു പോ ലെ, സര്‍വവൃക്ഷങ്ങളില്‍ കല്‍പവൃക്ഷം ശ്രേഷ്ഠമായതു പോലെ സര്‍വമാസങ്ങളിലും വൈശാഖമാണ് ശ്രേഷ്ഠമെന്ന് പുരാണങ്ങള്‍ വാഴ്ത്തുന്നു. ഇങ്ങനെ അനവധി പുണ്യദിനങ്ങളും ആത്മീയ പ്രാ ധാന്യങ്ങളും നിറഞ്ഞ വൈശാഖമാസം ഭഗവാന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏറ്റവും ഉത്തമമായ കാലഘട്ടമാണ്. ഈ മാസത്തെ സദുപയോഗം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും ആത്മീയ പുരോഗതിയും കൈവരിക്കാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates