

കണ്ണൂര്‍: ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനു മുന്നോടിയായിട്ടുള്ള 'പ്രാകുഴം' മെയ് 2ന് ആരംഭിക്കും. തുടന്ന് മെയ് 23നാണ് പ്രധാനപ്പെട്ട ചടങ്ങായ നീരെഴുന്നള്ളത്ത്. നെയ്യാട്ടം മെയ് 29നാണ്. ജൂണ്‍ ഏഴിനാണ് മറ്റൊരു പ്രധാന ചടങ്ങായ ഇളനീര്‍വെപ്പ്.
ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന കൊട്ടിയൂരിലെ ഉത്സവം പോലെ കേരളത്തില്‍ എവിടെയും ഉണ്ടാകില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമാണ് കൊട്ടിയൂര്‍. വയനാടന്‍ മലനിരകളുടെ താഴ് വാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
എല്ലായിടത്തും ഉത്സവം കൊടിയിറങ്ങുമ്പോഴാണ് കൊടിയേറ്റം പോലുമില്ലാതെ കൊട്ടിയൂരില്‍ ഉത്സവം തുടങ്ങുന്നത്. വ്യത്യസ്തമായ നിരവധി ചടങ്ങുകളും പൂജകളും നടക്കുന്ന ഉത്സവകാലമാണിത്. യാഗം നടന്ന സ്ഥലമായതുകൊണ്ടാകാം പൂജകള്‍ക്ക് ഇവിടെ ഇത്രമാത്രം പ്രസക്തി. ഒരു പടക്കം പോലും ഇവിടെ പൊട്ടിക്കില്ല. ചില ദിവസങ്ങളില്‍ മാത്രമാണ് ഒന്നോ രണ്ടോ ആനകളെ എഴുന്നള്ളിക്കുന്നത്. ചില പ്രത്യേക ദിവസം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല.
ബാവലിപ്പുഴയില്‍ കുളിച്ച് ഈറനോടെയാണ് വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. വൈശാഖ മഹോത്സവം നടക്കുന്ന 28 ദിവസം മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജയും പ്രവേശനവും. ബ്രാഹ്മണര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം ഈ ക്ഷേത്രത്തില്‍ ചില അവകാശങ്ങളുണ്ട്. 64 കുടുംബങ്ങളാണ് ഓരോ ചടങ്ങിന്റെയും അവകാശികള്‍. ഇവര്‍ ഓരോ കയ്യാലകളിലായി (ഓല മേഞ്ഞ ചെറിയ കുടിലുകള്‍) ക്ഷേത്രത്തിന് ചുറ്റും താമസിക്കും. കുടുംബത്തിലെ പ്രധാനപ്പെട്ട ഒരാള്‍ 28 ദിവസവും ഈ കയ്യാലയിലാണ് താമസിക്കുന്നത്. കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ പോലും ക്ഷേത്ര പരിസരത്തു നിന്നും പുറത്തുപോകില്ല.
സതീ ദേവി ആത്മാഹുതി ചെയ്ത സ്ഥലത്ത് ശിവന്‍ സ്വയംഭൂവായെന്നാണ് വിശ്വാസം. എന്നാണ് ഈ ക്ഷേത്രം ഉണ്ടായതെന്ന് ആര്‍ക്കും വലിയ നിശ്ചയമില്ല. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥളുടെ കേന്ദ്രമാണ് കൊട്ടിയൂര്‍. ആഘോഷങ്ങള്‍ക്കപ്പുറം പ്രാര്‍ഥനയുടെയും പൂജയുടേയും ഉത്സവമാണ് കൊട്ടിയൂരിലേത്.
കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവത്തിന്റെ വിശേഷ ദിവസങ്ങള്‍ ചുവടെ:
2026 മെയ് 2- 1201 മേടം 19- ശനി- പ്രാകുഴം
2026 മെയ് 23- 1201 ഇടവം 9- ശനി- നീരെഴുന്നള്ളത്ത്
2026 മെയ് 29- 1201 ഇടവം 15- വെള്ളി- നെയ്യാട്ടം
2026 മെയ് 30- 1201 ഇടവം 16- ശനി- ഭണ്ഡാരം എഴുന്നള്ളത്ത്
2026 ജൂണ്‍ 5- 1201 ഇടവം 22- വെള്ളി- തിരുവോണം ആരാധന
2026 ജൂണ്‍ 7- 1201 ഇടവം 24- ഞായര്‍- പ്രധാന ചടങ്ങായ ഇളനീര്‍വെപ്പ്
2026 ജൂണ്‍ 8- 1201 ഇടവം 25- തിങ്കള്‍- ഇളനീരാട്ടം, അഷ്ടമി ആരാധന
2026 ജൂണ്‍ 10- 1201 ഇടവം 27- ബുധന്‍- രേവതി ആരാധന
2026 ജൂണ്‍ 14- 1201 ഇടവം 31- ഞായര്‍- രോഹിണി ആരാധന
2026 ജൂണ്‍ 16- 1201 മിഥുനം 2- ചൊവ്വ- തിരുവാതിര ചതുശ്ശതം
2026 ജൂണ്‍ 17- 1201 മിഥുനം 3- ബുധന്‍- പുണര്‍തം ചതുശ്ശതം
2026 ജൂണ്‍ 19- 1201 മിഥുനം 5- വെള്ളി- ആയില്യം ചതുശ്ശതം
2026 ജൂണ്‍ 20- 1201 മിഥുനം 6- ശനി- മകം കലം വരവ്
2026 ജൂണ്‍ 23- 1201 മിഥുനം 9- ചൊവ്വ- അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
2026 ജൂണ്‍ 24- 1201 മിഥുനം 10- ബുധന്‍ തൃക്കലശാട്ട്
പ്രത്യേക അറിയിപ്പ്:
30-05-2026-ാം തീയതി അര്‍ദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പും, 20-06-2026-ാം തീയതി മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates