weekly horoscope
വാരഫലം സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ horoscopeAI Image

ഓണത്തിനു തെളിഞ്ഞ കാലം; പിന്നാലെ ചന്ദ്ര ഗ്രഹണം, ആ സമയത്ത് ആഹാരം ഒഴിവാക്കണം

വാരഫലം സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ
Published on

ജ്യോതിഷ ദൃഷ്ട്യാ ആത്മാവിന്റെ കാരകത്വം പറയുന്ന സൂര്യന്‍ സ്വക്ഷേത്രസ്ഥനായും മനസ്സിന്റെ കാരകത്വം പറയുന്ന ചന്ദ്രന്‍ തിരുവോണം നക്ഷത്രത്തിലും കാണുന്ന ശ്രാവണപൗര്‍ണമിയില്‍ നാം ഓണം ആഘോഷിക്കുന്നു. അസുരഗുരുവായ ശുക്രാചാര്യരെ മനസ്സില്‍നിന്നകറ്റി ദേവഗുരുവായ ബൃഹസ്പതിയെ ഓരോ മനുഷ്യനും മനസ്സില്‍ പ്രതിഷ്ഠിക്കാവുന്ന ദിവസമത്രെ അത്. പഞ്ചഭൂതങ്ങളാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കും സൗഖ്യം പ്രദാനം ചെയ്യുന്ന ഈ ദിവസം ഇക്കൊല്ലം സെപ്റ്റംബര്‍ 5 വെള്ളിയാഴ്ചയാണ്. ഏവര്‍ക്കും ഓണാശംസകള്‍. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാത്രി ചന്ദ്രഗ്രഹണമുണ്ട്. തൃശൂര്‍ ജില്ല കേന്ദ്രമായി നോക്കിയാല്‍ രാത്രി 9:57-ന് സ്പര്‍ശവും രാത്രി 11:42-ന് മദ്ധ്യവും അതിനുശേഷം രാത്രി 1:26-ന് മോക്ഷവും സംഭവിക്കും. ഇത് രാഹുഗ്രസ്ത ചന്ദ്രഗ്രഹണമാണ്. ഗ്രഹഗണിതത്തില്‍ രാഹു എന്ന ബിന്ദു, സൂര്യനോട് ചേരുമ്പോള്‍ രാഹുഗ്രസ്ത സൂര്യഗ്രഹണവും രാഹു ചന്ദ്രനോട് ചേരുമ്പോള്‍ രാഹുഗ്രസ്ത ചന്ദ്രഗ്രഹണവുമാണ്. ഇതുപോലെ 180 ഡിഗ്രി എതിരെ കാണുന്ന കേതുവുമായി സൂര്യചന്ദ്രന്മാര്‍ക്ക് യോഗം വരുമ്പോള്‍ കേതുഗ്രസ്തഗ്രഹണം എന്നു പറയും. ആകാശത്തു കാണുന്ന ഗ്രഹങ്ങളെയെല്ലാം ഗോളാകാരമായതുകൊണ്ട് ഭൂമിയും അതുപോലെ ഗോളമാണെന്നും അതിനാല്‍ ഭൂഗോളം എന്നും പറഞ്ഞ ഋഷിമാര്‍ ഗ്രഹണത്തിനും വ്യക്തമായ നിര്‍വചനം കൊടുത്തിട്ടുണ്ട്. ''ഛാദയതി ശശിസൂര്യം, ശശിനം മഹതി ഭൂഛായാ'' എന്ന ശ്ലോകത്തിലൂടെ സൂര്യനെ ചന്ദ്രന്‍ മറച്ചാല്‍ സൂര്യഗ്രഹണവും ഭൂഛായകൊണ്ട് ചന്ദ്രന്‍ മറയ്ക്കപ്പെട്ടാല്‍ ചന്ദ്രഗ്രഹണവുമാണെന്ന് അവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. സിദ്ധാന്തശിരോണമണി എന്ന ഗ്രന്ഥത്തില്‍ ''അകൃഷ്ട ശക്തിശ്ച മഹീതയാ തത്'' എന്നു തുടങ്ങുന്ന ശ്ലോകം ഭൂമിയുടെ ആകര്‍ഷണശക്തിയെപ്പറ്റി പറയുന്നതാണ്. ഗ്രഹണസമയത്ത് മുറിവുപറ്റിയാല്‍ ഉണങ്ങാന്‍ കാലതാമസം വരും എന്നാണ് പറയുന്നത്. സന്ധ്യാസമയത്ത് ആഹാരം കഴിക്കുന്നത് നിന്ദ്യമായ പോലെ ഗ്രഹണസമയത്ത് ആഹാരം കഴിക്കുന്നതും ഒഴിവാക്കാവുന്നതാണ്. ഈ സമയത്ത് കൃമികീടാദികള്‍ ധാരാളം കാണുന്നതുകൊണ്ടുകൂടിയാണത്. അതുകൊണ്ടാണ് ഗ്രഹണം കഴിഞ്ഞാല്‍ കുളിക്കണമെന്നും പറയുന്നത്. സൂര്യഗ്രഹണത്തിന്റെ അത്ര ചന്ദ്രഗ്രഹണത്തിന് ജനങ്ങള്‍ ദോഷം കല്പിക്കുന്നില്ല. ചന്ദ്രഗ്രഹണം അധികവും രാത്രി സംഭവിക്കുന്നതുകൊണ്ടാണത്.

weekly horoscope
ആദ്യം തുമ്പപ്പൂ മാത്രം, പിന്നെ തുളസി..; പൂക്കളം ഇടാനുമുണ്ട്, ചില ചിട്ടകള്‍

ആഗസ്റ്റ് 30 രാത്രി 9:44 മുതല്‍ പൂരം ഞാറ്റുവേലയാണ് നടക്കുന്നത്. ആഗസ്റ്റ് 30-ന് ബുധന്‍ ചിങ്ങം രാശിയിലേക്ക് മാറിയതുകൊണ്ട് ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എന്നിരുന്നാലും ശുക്രന്‍ സെപ്റ്റംബര്‍ 14 വരെ കര്‍ക്കടകരാശിയില്‍ നില്‍ക്കുന്നത് മഴയുടെ സൂചന തന്നെയാണ്. ''പൂരവെള്ളം പുണ്യാഹം'' എന്നതുകൊണ്ട് ഇക്കാലത്ത് ലഭിക്കുന്ന മഴ കര്‍ഷകര്‍ക്ക് അനുഗ്രഹമാണെന്നാണ് പറയുന്നത്. അതുകൊണ്ട് രണ്ടാം വിളയ്ക്ക് കര്‍ഷകര്‍ തയ്യാറെടുക്കുന്ന കാലം കൂടിയാണിത്.

വിവാഹമുഹൂര്‍ത്തങ്ങളും ഗൃഹപ്രവേശമുഹൂര്‍ത്തങ്ങളുമുള്ള ആഴ്ചയാണിത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇക്കാലം പൊതുവെ നല്ല കാലാവസ്ഥയായിരിക്കാനാണ് സാധ്യത.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

വിചാരിക്കാത്ത ചെലവുകള്‍ അടിക്കടിയുണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്. എന്നിരുന്നാലും സുഖഭോഗ സമൃദ്ധമായ ജീവിതത്തിനും നൂതനഗൃഹനിര്‍മ്മാണം, വാഹനങ്ങളുടെ ക്രയവിക്രയം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, സഹായികളുടെ വര്‍ദ്ധന എന്നിവയ്‌ക്കെല്ലാം യോഗം ഉള്ള സമയമാണ്. കാലിന് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കഫശല്യത്തിനും സാധ്യതയുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഇവര്‍ക്ക് ഈ സമയം വളരെ നല്ലതാണ്. ആരോഗ്യം, ഐശ്വര്യം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. പ്രസംഗകലകള്‍, ഗാനാലാപനം എന്നീ മേഖലകള്‍ക്കും ഗുണകരമാണ്. എന്നിരുന്നാലും കഫശല്യം, ഉദരരോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍പെട്ടവര്‍ക്ക് പൊതുവെ ഗുണകരമായ സമയമാണ്. എന്നിരുന്നാലും മാര്‍ഗ്ഗതടസ്സങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അകാരണഭയം, ഭാഗ്യഭംഗം എന്നിവയ്ക്കും സാധ്യതയുണ്ട്. അനാവശ്യ കലഹങ്ങള്‍ക്ക് സാധ്യതയുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണിത്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍

വിചാരിക്കാത്ത തരത്തിലുള്ള ചെലവുകള്‍ക്ക് സാധ്യത കൂടുതലുണ്ടെങ്കിലും അത് നല്ല കാര്യങ്ങള്‍ക്കാവുന്നതരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഗുണമുണ്ടാവുന്ന സമയമാണ്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, പുണ്യകര്‍മ്മങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍, സമൂഹനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലുണ്ട്. ഉദരരോഗസാധ്യതകള്‍, രക്തദൂഷ്യം എന്നിവയ്ക്കും സാധ്യതയുണ്ട്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈശ്വരാധീനമുള്ള സമയമാണ്. നൂതന സംരംഭങ്ങള്‍ക്ക് നല്ല സമയമാണ്. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിച്ചാല്‍ പ്രശസ്തിക്ക് യോഗമുണ്ട്. നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, ശരീരത്തില്‍ മുറിവേല്‍ക്കാനിടവരിക, മലിനമായ ഭക്ഷണങ്ങള്‍ കഴിക്കാനിടവരിക എന്നിവയ്ക്ക് യോഗം കാണുന്നുണ്ട് എന്നറിഞ്ഞ് ശ്രദ്ധിച്ചാല്‍ നല്ലത്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഇവര്‍ക്ക് മാര്‍ഗ്ഗതടസ്സം, അകാരണഭയം, വീഴ്ച, രക്തദൂഷ്യം, കണ്ണിന് അസുഖം, വസ്ത്രാഭരണാദികള്‍ക്കായി ധനം ചെലവ് ചെയ്യാന്‍ സാധ്യത, അനാവശ്യമായി കടം വാങ്ങേണ്ടിവരിക, ധൂര്‍ത്ത് ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് സാമ്പത്തിക അച്ചടക്കം ശീലിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണ്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ഭാഗ്യം, കര്‍മ്മാഭിവൃദ്ധി, പ്രശസ്തി, സന്താനാദികള്‍ക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ക്രയവിക്രയങ്ങളില്‍ ലാഭം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

അല്പം ഈശ്വരാധീനക്കുറവുള്ള സമയമാണിത്. എന്നിരുന്നാലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പല ഗുണഫലങ്ങള്‍ക്കും സാധ്യത അനുഭവിക്കാവുന്ന സമയം കൂടിയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം ലഭിക്കാനിടയുണ്ട്.

weekly horoscope
വിവാഹ തടസ്സം മാറാന്‍ വഴിയുണ്ടോ? പരിഹാരം ഏതെല്ലാം ക്ഷേത്രങ്ങളില്‍?

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ഉണ്ടെങ്കിലും പൊതുവെ നല്ല ഫലമാണ്. സ്ഥാനമാനങ്ങള്‍ക്കും നൂതന സംരംഭങ്ങള്‍ക്കും സാധ്യതയുണ്ട്. പുണ്യതീര്‍ത്ഥസ്‌നാനാദി ഗുണഫലങ്ങള്‍ക്കും വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും ക്രയവിക്രയങ്ങളില്‍ ഗുണങ്ങള്‍ക്കും സാധ്യതയുണ്ട്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷമിശ്രഫലങ്ങള്‍ക്കാണ് യോഗം കാണുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളില്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ട സമയമാണിത്. നല്ലത് ചിന്തിച്ചാലും ചീത്ത ഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കണം.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

പൊതുവെ ഈശ്വരാനുഗ്രഹമുള്ള സമയമാണിത്. നൂതന പഠനങ്ങള്‍ക്ക് താല്പര്യം, ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, പ്രതാപം, കര്‍മ്മകുശലത എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. നാഡീസംബന്ധമായോ ഉദരസംബന്ധമായോ അസുഖസാധ്യതകള്‍ക്ക് യോഗമുണ്ട്.

പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഈ നക്ഷത്രക്കാര്‍ക്ക് ഗുണാധിക്യം കാണുന്നുണ്ടെങ്കിലും അലസത, മാറ്റിവെയ്ക്കല്‍, മറ്റുള്ളവരുടെ വാക്കുകള്‍ക്ക് പിറകെ പോകല്‍ എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിക്കും മനഃസന്തോഷത്തിനും യോഗമുണ്ട്.

Summary

Weekly horoscope, astrology prediction for september 1to 7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com