

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി നിരക്ക് പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍, എല്ലാ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും 28 ശതമാനം ജിഎസ്ടി ബാധകമാണ്. കൂടാതെ, എന്‍ജിന്‍ ശേഷി, നീളം, ബോഡി തരം എന്നിവയെ ആശ്രയിച്ച് 1 ശതമാനം മുതല്‍ 22 ശതമാനം വരെ നഷ്ടപരിഹാര സെസും ഈടാക്കുന്നുണ്ട്. ഇതോടെ നല്‍കേണ്ട പരമാവധി നികുതി 50 ശതമാനം വരെയായിരിക്കുകയാണ്. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് 5 ശതമാനം നികുതി മാത്രമാണ് ചുമത്തുന്നത്. നഷ്ടപരിഹാര സെസ് ഈടാക്കുന്നുമില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. 350 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള മോഡലുകള്‍ക്ക് നഷ്ടപരിഹാര സെസ് ഇല്ല. 350 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ളവയ്ക്ക് 3 ശതമാനം സെസും ചുമത്തുന്നുണ്ട്.
ഈ ആഴ്ച അവസാനം ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ച മന്ത്രിതല സംഘം കേന്ദ്രത്തിന്റെ നികുതി ഘടന യുക്തിസഹമാക്കാനുള്ള നിര്‍ദേശം അവലോകനം ചെയ്യാന്‍ യോഗം ചേരും. അവരുടെ ശുപാര്‍ശകള്‍ ജിഎസ്ടി കൗണ്‍സിലിന് മുന്നില്‍ വരുന്നതോടെയാണ് അന്തിമ തീരുമാനമാകുന്നത്.
5 ശതമാനം, 18 ശതമാനം സ്ലാബുകള്‍ നിലനിര്‍ത്താനും 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ നീക്കം ചെയ്യാനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത് വിപണിയിലെ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 40 ശതമാനം നികുതി ചുമത്തിയേക്കാം.
'ഈ ദീപാവലി, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ട ദീപാവലിയാക്കാന്‍ പോകുന്നു. ഈ ദീപാവലിയില്‍, നാട്ടുകാരേ, നിങ്ങള്‍ക്ക് വളരെ വലിയ ഒരു സമ്മാനം ലഭിക്കാന്‍ പോകുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ, ഞങ്ങള്‍ ജിഎസ്ടിയില്‍ ഒരു വലിയ പരിഷ്‌കാരം വരുത്തി, രാജ്യത്തുടനീളം നികുതി ഭാരം കുറച്ചു, നികുതി വ്യവസ്ഥ ലളിതമാക്കി, എട്ട് വര്‍ഷത്തിന് ശേഷം, ഈ കാലഘട്ടത്തിന്റെ ആവശ്യം ഒരിക്കല്‍ കൂടി ഇത് പുനഃപരിശോധിക്കണമെന്നാണ്. ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചുകൊണ്ട് ഞങ്ങള്‍ അവലോകനം ആരംഭിച്ചു, കൂടാതെ സംസ്ഥാനങ്ങളുമായി ചര്‍ച്ചകളും നടത്തി.'- 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുമായി ഞങ്ങള്‍ വരുന്നു, അത് ഈ ദീപാവലിക്ക് നിങ്ങള്‍ക്കുള്ള സമ്മാനമായിരിക്കും. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ നികുതികള്‍ ഗണ്യമായി കുറയും. കൂടാതെ ധാരാളം സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. നമ്മുടെ ചെറുകിട സംരംഭകര്‍ക്ക്, നമ്മുടെ എംഎസ്എംഇകള്‍ക്ക് വലിയ നേട്ടം ലഭിക്കും. നിത്യോപയോഗ സാധനങ്ങള്‍ വളരെ വിലകുറഞ്ഞതായിത്തീരും, അത് സമ്പദ്വ്യവസ്ഥയ്ക്ക് പുതിയൊരു ഉത്തേജനം നല്‍കും,'- മോദി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
