

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ പുതിയ തലമുറ വെന്യു പുറത്തിറക്കി. 7.90 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. എട്ട് വകഭേദങ്ങളിലും എട്ട് നിറങ്ങളിലും ഈ മോഡല്‍ ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനും കഴിയും.
2025 ഹ്യുണ്ടായി വെന്യു പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡിആര്‍എല്‍, ടെയില്‍ ലൈറ്റുകള്‍, പുതിയ ഗ്രില്‍, പുതിയ 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയുമായാണ് വിപണിയില്‍ എത്തിയത്. ടെയില്‍ഗേറ്റില്‍ വെന്യു എന്ന് എഴുതിയതിന് അരികില്‍ എല്‍ഇഡി ലൈറ്റ് ബാര്‍ ഉണ്ട്. ഹാസല്‍ ബ്ലൂ, മിസ്റ്റിക് സഫയര്‍, അറ്റ്‌ലസ് വൈറ്റ്, ടൈറ്റാന്‍ ഗ്രേ, ഡ്രാഗണ്‍ റെഡ്, അബിസ് ബ്ലാക്ക്, അബിസ് ബ്ലാക്ക് റൂഫുള്ള ഹേസല്‍ ബ്ലൂ, അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്‌ലസ് വൈറ്റ് എന്നിങ്ങനെ എട്ട് നിറങ്ങള്‍ ലഭ്യമാണ്.
രണ്ടാം തലമുറ വെന്യുവിന്റെ അകത്തളം പുതിയ ഡാഷ്ബോര്‍ഡില്‍ 12.3 ഇഞ്ച് വളഞ്ഞ സ്‌ക്രീനുകള്‍, സെന്റര്‍ കണ്‍സോളിനുള്ള പുതിയ ഡിസൈന്‍, ലെവല്‍ 2 ADAS, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, OTA അപ്ഡേറ്റുകള്‍, ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍, ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി കാമറ, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്നു. HX2, HX4, HX5, HX6, HX6T, HX7, HX8, HX10 എന്നിവയുള്‍പ്പെടെ എട്ട് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്.
ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ആണ് മറ്റൊരു പ്രത്യേകത. ഇത് മാറ്റി നിര്‍ത്തിയാല്‍ പുതിയ വെന്യുവിലും പഴയ വെന്യുവിന്റെ അതേ പവര്‍ട്രെയിനുകള്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍, 82bhp/114Nm NA പെട്രോള്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു, അതേസമയം 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ (118bhp/172Nm) ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DCT യൂണിറ്റുകള്‍ വഴി മുന്‍ ചക്രങ്ങളിലേക്ക് പവര്‍ നല്‍കുന്നു. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DCT യൂണിറ്റുകളുമായി ജോടിയാക്കപ്പെട്ട 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇത് 114bhp ഉം 250Nm ഉം പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates