

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അത്യാധുനിക രൂപത്തില്‍ പുതിയ ഹൈലക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 31.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില (എക്‌സ്-ഷോറും). 500 കിലോഗ്രാം വരെ ഭാരം കയറ്റാന്‍ കഴിയുന്ന കാര്‍ഗോ ബെഡ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
തികച്ചും പുതിയ ഡിസൈനില്‍ വരുന്ന വാഹനത്തില്‍ അത്യാധുനിക കാബിന്‍, ചില മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ വരുത്തിയിട്ടുണ്ട്. ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്.
കൂടുതല്‍ വലിപ്പമുള്ള ഗ്രില്‍, പുതിയ ബമ്പര്‍, പുതിയ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കൂടുതല്‍ ആകര്‍ഷകമായ ഫെന്‍ഡറുകള്‍ എന്നിവയാണ് മുന്‍വശത്തെ ഫീച്ചറുകള്‍. സ്റ്റൈലിങ്ങില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും വാഹനത്തിന്റെ അളവുകളില്‍ മാറ്റമില്ല. ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഇമോഷണല്‍ റെഡ്, ആഷ്, സൂപ്പര്‍ വൈറ്റ്, സള്‍ഫര്‍ മെറ്റാലിക്, പ്ലാറ്റിനം പേള്‍ വൈറ്റ് മെറ്റാലിക് എന്നി കളര്‍ ഓപ്ഷനുകളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഇതിലെ 2.8 ലിറ്റര്‍ എന്‍ജിന്‍ 201 ബിഎച്ച്പി കരുത്തും 500 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ജിഎക്‌സ്, വിഎക്‌സ് എന്നിവയാണ് ലഭ്യമായ വേരിയന്റുകള്‍.
ഭംഗിയുള്ള ഡാഷ് ബോര്‍ഡ് ലേഔട്ടും എട്ട് സ്പീക്കറുകളുള്ള പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും ഉള്‍പ്പെടുത്തി വാഹനത്തിന്റെ കാബിന്‍ പുതുക്കിയിട്ടുണ്ട്. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, പുതുക്കിയ സസ്‌പെന്‍ഷന്‍ ട്യൂണിങ്, മള്‍ട്ടി ടെറൈന്‍ സെലക്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates