

അഹമ്മദാബാദ്: ഗുജറാത്തിലെ ഹന്‍സല്‍പൂര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയുടെ ഫ്‌ലാഗ് ഓഫ് കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച മാരുതി ഇ-വിറ്റാര ജപ്പാന്‍ ഉള്‍പ്പെടെ 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
ഹൈബ്രിഡ്, ഇലക്ട്രിക് വാഹന ബാറ്ററി ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുന്ന സുസുക്കി, തോഷിബ, ഡെന്‍സോ എന്നിവയുടെ ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാണ കേന്ദ്രവും മോദി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനം യൂറോപ്പില്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച ഇ-വിറ്റാര, 2025 ലെ ഭാരത് മൊബിലിറ്റി ഷോയിലാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്.
ഈ ഇലക്ട്രിക് എസ്യുവി രണ്ട് ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. 49kWh,61kWh. വകഭേദങ്ങള്‍, സവിശേഷതകള്‍, ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സമീപഭാവിയില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് എസ്യുവിയുടെ പ്രതീക്ഷിക്കുന്ന പ്രാരംഭ വില ഏകദേശം 20 ലക്ഷം രൂപയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമോട്ടീവ് നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്തിലെ ഹന്‍സല്‍പൂരിലെ മാരുതി സുസുക്കിയുടെ അത്യാധുനിക പ്ലാന്റ്. 7,50,000 കാറുകളാണ് ഈ അത്യാധുനിക പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി.
നൂറുകണക്കിന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് പ്ലാന്റ്. യാര്‍ഡില്‍ വാഹനങ്ങള്‍ നിരനിരയായി കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 2-3 ശതമാനം മാത്രമാണിത്. 2017 ല്‍ കമ്മീഷന്‍ ചെയ്ത ഗുജറാത്ത് പ്ലാന്റ് പൂര്‍ണ്ണമായും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates