

ന്യൂഡല്‍ഹി: ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ 750 ഈ മാസം അവസാനം വിപണിയില്‍ അവതരിപ്പിച്ചേക്കും. നവംബര്‍ അവസാന വാരം നടക്കുന്ന മോട്ടോവേഴ്‌സ് പരിപാടിയില്‍ ഓഫ് റോഡ് യാത്രയ്ക്ക് പറ്റിയ ഈ മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
നിലവിലുള്ള ഹിമാലയന്‍ 450നേക്കാള്‍ കരുത്തുറ്റതാണ് ഈ മോഡല്‍. കൂടുതല്‍ വലിപ്പമേറിയ അഡ്വഞ്ചര്‍ ബൈക്ക് ആയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ശ്രേണിയില്‍ ഏറ്റവും മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ പോകുന്ന മോട്ടോര്‍ സൈക്കിള്‍ ആയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കാഴ്ചയില്‍ ഹിമാലയന്‍ എന്ന പേരിന് അനുയോജ്യമായ കരുത്തുറ്റ രൂപഭാവം നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ പ്രീമിയവും പക്വതയാര്‍ന്നതുമായി ഡിസൈനാണ് ഹിമാലയന്‍ 750ല്‍ നല്‍കിയിരിക്കുന്നത്. വലിപ്പമേറിയ ഫ്യുവല്‍ ടാങ്ക്, ഉയരമുള്ള ഘടന, കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ള ബോഡി വര്‍ക്ക് എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍. അഡ്വഞ്ചര്‍ യാത്രകള്‍ക്ക് അനുയോജ്യമായ നിലയില്‍ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ഉള്‍പ്പെടെ നിരവധി കളര്‍ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ 750 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്. 55 ബിഎച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്‍വശത്ത് അപ്‌സൈഡ്- ഡൗണ്‍ ഫോര്‍ക്കുകളും പിന്‍ഭാഗത്ത് മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. വയര്‍- സ്‌പോക്ക് വീലുകളും മുന്‍വശത്ത് ഡ്യുവല്‍- ഡിസ്‌ക് ബ്രേക്കുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍ ആണ് മറ്റൊരു പ്രത്യേകത. മികച്ച ഹെഡ്‌ലാമ്പ്, 830- 850 എംഎം സീറ്റ് ഉയരം, 220 എംഎം അധിക ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഏകദേശം നാലര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates