

ബെയ്ജിങ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച കാറാണ് ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്. ചൈനയിലെ ദ്വിദിന സന്ദര്‍ശന വേളയില്‍ ആഢംബര കാറായ ഹോങ്കി എല്‍5 ലിമോസിനിലാണ് മോദി യാത്ര ചെയ്തത്. പ്രസിഡന്റ് ഷി ജിന്‍പിങ് ഉപയോഗിക്കുന്ന ഔദ്യോഗിക കാര്‍ മോഡലാണിത്. കൂടാതെ ചൈനീസ് നേതാക്കള്‍ക്കും തെരഞ്ഞെടുത്ത വിദേശ പ്രമുഖര്‍ക്കും മാത്രമാണ് യാത്ര ചെയ്യാനായി ഈ കാര്‍ നല്‍കാറ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ക്കായി 2019ല്‍ മഹാബലിപുരം സന്ദര്‍ശിച്ചപ്പോള്‍ ഹോങ്കി എല്‍5 ലാണ് ഷി ജിന്‍പിങ് യാത്ര ചെയ്തത്.
ഹോങ്കി
റെഡ് ഫ്‌ലാഗ് എന്നും അറിയപ്പെടുന്ന കാറാണ് ഹോങ്കി എല്‍ 5. 'മെയ്ഡ് ഇന്‍ ചൈന' യുടെ പ്രതീകമായ ഹോങ്കിയുടെ ചരിത്രം 1958 മുതലാണ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫസ്റ്റ് ഓട്ടോമോട്ടീവ് വര്‍ക്ക്‌സ് (എഫ്എഡബ്ല്യു) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) ഉന്നതര്‍ക്കായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചാണ് ഈ കാര്‍ പുറത്തിറക്കിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കായി മാത്രം നിര്‍മ്മിച്ച ഹോങ്കി കാറുകള്‍ 1981ല്‍ ഉല്‍പ്പാദനം നിര്‍ത്തി. പക്ഷേ 1990-കളുടെ മധ്യത്തില്‍ വീണ്ടും പുനരുജ്ജീവിപ്പിച്ചു. ഇന്ന് ഏറ്റവും ജനകീയ മോഡലാണ് ഫ്‌ലാഗ്ഷിപ്പ് എല്‍5.
ഫീച്ചറുകള്‍
400 എച്ച്പിയിലുള്ള 6.0 ലിറ്റര്‍ V12 എന്‍ജിനാണ് ഹോങ്കി എല്‍5ല്‍ പ്രവര്‍ത്തിക്കുന്നത്.
ഏകദേശം 8.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിന് കഴിയും, കൂടാതെ മണിക്കൂറില്‍ ഏകദേശം 210 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും
5.5 മീറ്ററില്‍ കൂടുതല്‍ (18 അടി) നീളമുള്ള ഈ കാറിന് 3 ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ട്.
അകത്തളത്തില്‍ വിശാലമായ ഇരിപ്പിടങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തുകല്‍ അപ്‌ഹോള്‍സ്റ്ററി, പിന്‍ സീറ്റുകളില്‍ മസാജ്, ഹീറ്റിങ്, വെന്റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍, വിനോദ സ്‌ക്രീനുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
സുരക്ഷാ സവിശേഷതകളില്‍ ഓള്‍-വീല്‍ ഡ്രൈവ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി കാമറകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഹോങ്കി എല്‍5 ന് ഏകദേശം ഏകദേശം 7 കോടി രൂപ വിലയുണ്ട്. ഇത് ചൈനയിലെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷന്‍ കാറാണ്.
ആദ്യത്തെ ഹോങ്കി കാറായ CA72 1958ലാണ് പുറത്തിറങ്ങിയത്. 1963-ല്‍ CA770 എന്ന പേരില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു. 1980 വരെ ഏകദേശം 1,600 എണ്ണം നിര്‍മ്മിച്ചു. മാവോ സെതൂങ് ഈ ബ്രാന്‍ഡിനെ പിന്തുണച്ചെങ്കിലും 1972ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ ചൈന സന്ദര്‍ശനത്തിനുശേഷം മാത്രമാണ് മാവോ സെതൂങ് ഇതില്‍ സഞ്ചരിച്ചത്. ഓഡി 100, ലിങ്കണ്‍ ടൗണ്‍ കാര്‍ (1995-2006) പോലുള്ള കാറുകള്‍ ഹോങ്കി റീബാഡ്ജ് ചെയ്തു അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 2010-കളുടെ മധ്യത്തോടെ H7, ഫ്‌ലാഗ്ഷിപ്പ് L5 ലിമോസിന്‍ എന്നിവ ഉപയോഗിച്ച് ഹോങ്കി അതിന്റെ സ്റ്റേറ്റ്-കാര്‍ പദവി വീണ്ടെടുത്തു.
2018-ല്‍ 33,000 ആയിരുന്ന വില്‍പ്പന 2021ല്‍ 300,000 ആയി ഉയര്‍ന്നു. 2023 ആയപ്പോഴേക്കും അത്യാഡംബര കാറുകള്‍ വാങ്ങുന്നവര്‍ക്കായി ഗോള്‍ഡന്‍ സണ്‍ഫ്‌ലവര്‍ ലൈന്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ന്യൂ എനര്‍ജി ലൈന്‍, ക്യുഎം7 മിനിബസ് എന്നിവ പുറത്തിറക്കി. 2024ല്‍ വില്‍പ്പന 411,000 കവിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പൊതുപരിപാടികളില്‍ പതിവായി ഹോങ്കി എല്‍5 ആണ് ഉപയോഗിക്കാറ്. അമേരിക്കന്‍ പ്രസിഡന്റിന്റെ കാറായ ദി ബീസ്റ്റിന് സമാനമായ കവചിത ലിമോസിനായ ഹോങ്കി എന്‍ 701 ലും ഷി ജിന്‍പിങ് സഞ്ചരിക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
