

കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടുമെന്ന ചിന്തയില്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ തേടി പോകുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ എഫ്ഡി പോലുള്ള പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളോടുള്ള താത്പര്യം ആളുകളുടെ ഇടയില്‍ കുറഞ്ഞിട്ടുണ്ട്. പലിശ വരുമാനം കുറവാണ് എന്ന് ചൂണ്ടിക്കാട്ടി എസ്‌ഐപിയിലോ ഓഹരി വിപണിയിലോ നിക്ഷേപിച്ചുകൂടേ എന്ന് ചോദിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ കനത്ത ഇടിവിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്.
ഒന്നിനെ മാത്രം ആശ്രയിക്കുന്നതിന് പകരം നിക്ഷേപം ഡൈവേഴ്‌സിഫൈ ചെയ്യുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥിരവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കുന്നതില്‍ എഫ്ഡികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പലിശ നിരക്കിലെ ചലനങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, അച്ചടക്കമുള്ള സമ്പാദ്യത്തിന്റെ ആവശ്യകത എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമ്പോള്‍ എഫ്ഡികള്‍ തേടി വരുന്നത് സ്വാഭാവികമാണ്. നിലവിലെ സാഹചര്യത്തിലും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കേണ്ടതിന്റെ ആറു കാരണങ്ങള്‍ അറിയാം.
1. സ്ഥിരത
ഇക്വിറ്റികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഉയര്‍ന്ന വളര്‍ച്ചയുള്ള ആസ്തികള്‍ എന്നിവ വലിയ തോതിലുള്ള വരുമാനം നല്‍കാന്‍ കഴിവുള്ളതാണ്. എന്നാല്‍ വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും ചാഞ്ചാട്ടം സംഭവിക്കാം എന്നത് കൊണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ സ്ഥിര നിക്ഷേപവും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ തന്നെ ഉറപ്പായ വരുമാനം ഇത് വാഗ്ദാനം ചെയ്യുന്നു. റിസ്‌ക് ബാലന്‍സ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഇത് പരിഗണിക്കാവുന്ന ഒരു നിക്ഷേപ മാര്‍ഗമാണ്.
2. ചെറുകിട ധനകാര്യ ബാങ്കുകളില്‍ ആകര്‍ഷകമായ നിരക്ക്
ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കിടയില്‍ എഫ്ഡി നിരക്കുകള്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായി മാറിയിരിക്കുകയാണ്. പലരും 7.5 ശതമാനത്തില്‍ കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നിക്ഷേപകര്‍ക്ക് അധിക റിസ്‌ക് എടുക്കാതെ കൂടുതല്‍ സമ്പാദിക്കാന്‍ അവസരം നല്‍കുന്നു.
3. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കും അടിയന്തര ഫണ്ട് ആസൂത്രണത്തിനും അനുയോജ്യം
ഹ്രസ്വകാല ആവശ്യങ്ങള്‍ സുരക്ഷ മാത്രമല്ല, ആക്സസും ആവശ്യപ്പെടുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തുനില്‍ക്കേണ്ടതില്ല. അടിയന്തര സാഹചര്യങ്ങളില്‍ എഫ്ഡിയിലെ തുക പിന്‍വലിക്കാവുന്നതാണ്. ചില ചെറുകിട ബാങ്കുകള്‍ തല്‍ക്ഷണ പിന്‍വലിക്കല്‍ എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവിടെ ആവശ്യമുള്ളപ്പോള്‍ ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കും. ഇത് അടിയന്തര ഫണ്ടുകള്‍ക്കും ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കും ഏറെ സഹായകമാണ്. അപ്രതീക്ഷിതമായ ഒരു മെഡിക്കല്‍ ചെലവായാലും പെട്ടെന്നുള്ള യാത്രാ പദ്ധതിയായാലും അല്ലെങ്കില്‍ ഹ്രസ്വകാല ഗാര്‍ഹിക പണമടയ്ക്കലായാലും എഫ്ഡി ഉടനടിയുള്ള ലിക്വിഡിറ്റി സാധ്യമാക്കുന്നു.
4. എഫ്ഡി ലാഡറിംഗ്
പലിശ നിരക്കുകളില്‍ ചാഞ്ചാട്ടം സംഭവിക്കാം. വിവിധ കാലയളവ് നോക്കി നിക്ഷേപം വ്യാപിപ്പിച്ചാല്‍ പതിവ് ലിക്വിഡിറ്റി നിലനിര്‍ത്തിക്കൊണ്ട് ഭാവിയിലെ നിരക്ക് വര്‍ധന പ്രയോജനപ്പെടുത്താന്‍ സാധിക്കും.
5. യാഥാസ്ഥിതികര്‍ക്ക് സ്മാര്‍ട്ട് ഓപ്ഷന്‍
തുടക്കക്കാര്‍ക്കോ റിസ്‌ക് എടുക്കാന്‍ വിമുഖതയുള്ള നിക്ഷേപകര്‍ക്കോ എളുപ്പം ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ആദ്യപടിയായി എഫ്ഡികള്‍ മാറുന്നു. മാര്‍ക്കറ്റ് ട്രാക്കിംഗ് ഇല്ല. മറഞ്ഞിരിക്കുന്ന സങ്കീര്‍ണ്ണതയില്ല. നിരന്തരമായ നിരീക്ഷണത്തിന്റെ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് എത്ര സമ്പാദിക്കണമെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. മനസ്സമാധാനവും സമ്പാദ്യത്തിലേക്കുള്ള അച്ചടക്കമുള്ള പാതയും ഇത് വാഗ്ദാനം ചെയ്യുന്നു.
6. എഫ്ഡി പിന്തുണയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍
ഒരു ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് ഈടായി ഉപയോഗിക്കാന്‍ സ്ഥിര നിക്ഷേപം അനുവദിക്കുന്നു. വരുമാന തെളിവോ നിലവിലുള്ള ക്രെഡിറ്റ് ചരിത്രമോ ഇല്ലാതെ തന്നെ ക്രെഡിറ്റ് പ്രൊഫൈല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates