

ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഏതാനും പ്ലാനുകള്‍ എയര്‍ടെല്‍ പിന്‍വലിച്ചു. 299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിര്‍ത്തിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന പ്ലാനുകള്‍ തെരഞ്ഞെടുക്കേണ്ടി വരും. മൊബൈല്‍ റീച്ചാര്‍ജില്‍ 5 മുതല്‍ 16 ശതമാനം വരെ അധികച്ചെലവ് ഉണ്ടാക്കുന്നതാണ് കമ്പനിയുടെ നീക്കം.
299 രൂപയുടെ പ്ലാനിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇതിന് പകരമായി ഉപഭോക്താക്കള്‍ ഇനി 349 രൂപയുടെ പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്. 299 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ 16% നിരക്ക് വര്‍ധനയുണ്ടെങ്കിലും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ ലഭിക്കും. പഴയ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിച്ചിരുന്ന സ്ഥാനത്ത്, 349 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കും. 199 രൂപയുടെയും 219 രൂപയുടെയും 28 ദിവസം വലിഡിറ്റിയുള്ള പ്ലാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇവയില്‍ അണ്‍ലിമിറ്റഡ് കോള്‍ ലഭ്യമാണെങ്കിലും 28 ദിവസത്തേക്ക് ആകെ ഡേറ്റ യഥാക്രമം 2 ജിബിയും 3 ജിബിയും മാത്രമാണ്. ഇത് ഡേറ്റയ്ക്കായി പ്രത്യേകം റീചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കും.
എല്ലാ പ്ലാനുകളിലും ഒരേസമയം നിരക്ക് വര്‍ധിപ്പിക്കുന്നതിന് പകരം, തെരഞ്ഞെടുത്ത പ്ലാനുകളില്‍ മാത്രമാണ് കമ്പനി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ വരുമാനം ഈടാക്കുക എന്ന തന്ത്രമാണ് എയര്‍ടെല്‍ നടപ്പാക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകളിലെ ആശയക്കുഴപ്പം ഒഴിവാക്കാനും വരുമാന വളര്‍ച്ച ഉറപ്പാക്കാനും ഈ മാറ്റങ്ങള്‍ സഹായിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates