

മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.
ഓരോ ഇടപാടുകളും ഒടിപി പോലുള്ള അധികസുരക്ഷാസംവിധാനം ഉപയോഗിച്ച് ഉറപ്പാക്കണം. നേരത്തേ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയാണ് അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണം അയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണം അയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മാത്രമല്ല, എൻഇഎഫ്ടി - ഐഎംപിഎസ് ഇടപാട് സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. 2024 നവംബർ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates